മുംബൈ: മയക്കുമരുന്ന് കേസിൽ ബോളിവുഡ് നടി റിയ ചക്രബർത്തിയ്ക്ക് ജാമ്യം. ഒരു മാസത്തിന് ശേഷമാണ് അറസ്റ്റിലായ റിയ ചക്രബർത്തിക്ക് ജാമ്യം ലഭിക്കുന്നത്. ചൊവ്വാഴ്ച്ച പ്രത്യേക കോടതി റിയ ചക്രബർത്തിയുടെ കസ്റ്റഡി കാലാവധി ഒക്ടോബർ 20വരെ നീട്ടിയിരുന്നു. ഇതിനിടെയാണ് ജാമ്യം ലഭിച്ചത്.
സുശാന്ത് രജ്പുതിന്റെ വീട്ടിലെ ജോലിക്കാരായിരുന്ന സാമുവൽ മിറാൻഡ, ദിപേഷ സാവന്ത് എന്നിവരുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. അതേസമയം റിയയുടെ സഹോദരൻ ഷോവിക് ചക്രബർത്തിയുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചു.
സെപ്റ്റംബർ 8നാണ് നടി റിയ ചക്രബർത്തിയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. സുശാന്തിന്റെ വീട്ടിലെ ജോലിക്കാരനായിരുന്ന ദീപേഷ് സാവന്തിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് റിയയുടെ അറസ്റ്റുമുണ്ടായത്. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു റിയയെ അറസ്റ്റു ചെയ്തത്. ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് എൻസിബിയോട് റിയ ചക്രബർത്തി വെളിപ്പെടുത്തിയിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് നടി ദീപിക പദുക്കോൺ, സാറാ അലി ഖാൻ, രാകുൽ പ്രീത് സിങ്, ശ്രദ്ധ കപൂർ എന്നിവരെയും നാർക്കോട്ടിക്‌സ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് റിയയ്ക്ക് പിന്തുണയുമായി ബോളിവുഡിൽ നിന്ന് നിരവധി പേർ രംഗത്തെത്തിയിരുന്നു.