കൈയ്യിലുള്ള കഥകളും ചാനൽ ചർച്ചയും വരെ സിനിമയാക്കി; ഒടുവിൽ സ്വന്തം ജീവിതവും സിനിമയാക്കാൻ രാം ഗോപാൽ വർമ്മ

ആഴ്ചയിൽ ഒരു സിനിമ എന്നു പോലും കണക്കാവുന്ന തരത്തിൽ കൊവിഡ് ലോക്ക്ഡൗണിന് പിന്നാലെ തുടരെ സിനിമ ഒരുക്കി വാർത്തകളിൽ താരമായ സംവിധായകൻ രാംഗോപാൽ വർമ്മ ഒടുവിൽ സ്വന്തം ജീവിത കഥയും സിനിമയാക്കുന്നു. രാം ഗോപാൽ വർമ്മ തന്നെയാണ് തന്റെ ജീവിതം പുതിയ സിനിമയാക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. മൂന്ന് ഭാഗമായി എത്തുന്ന സിനിമയുടെ കഥയും തിരക്കഥയും ഒരുക്കുന്നത് രാം ഗോപാൽ വർമ്മ തന്നെയാണ്.

നവാഗതനായ ദൊരസയ് തേജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം 2 മണിക്കൂർ വീതമുള്ള 3 ഭാഗങ്ങളായാണ് റിലീസ് ചെയ്യുക. ചിത്രം സെപ്റ്റംബറിൽ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് പ്രഖ്യാപനം.

ആദ്യ ഭാഗത്തിന് രാമു എന്നാണ് പേരിട്ടിരിക്കുന്നത്. രാം ഗോപാൽ വർമ്മയുടെ 20 വയസുവരെയുള്ള ജീവിതമാണ് ആദ്യ ഭാഗത്തിൽ എത്തുന്നത്. രണ്ടാംഭാഗത്തിൽ മറ്റൊരു താരവും മൂന്നാം ഭാഗത്തിൽ രാം ഗോപാൽ വർമ്മ തന്നെയും ചിത്രത്തിലെ നായകനാവും.

ആദ്യ ഭാഗത്തിൽ തന്റെ കോളേജ് ജീവിതവും തന്റെ ആദ്യ പ്രണയവും വിജയവാഡയിലെ ഗ്യാങ്‌വാറും രണ്ടാം ഭാഗത്തിൽ തന്റെ മുംബൈയിലെ പെൺകുട്ടികളുടെ കൂടെയുള്ള ജീവിതവും ഗ്യാങ്സ്റ്ററുകളും അമിതാഭ് ബച്ചനും വിഷയമാവുമെന്നും രാം ഗോപാൽ വർമ്മ പറഞ്ഞു.

അവസാന ഭാഗത്തിൽ താൻ തന്നെ അഭിനയിക്കുമെന്നും ഇതിൽ തന്റെ തോൽവികളും ദൈവത്തിനെയും ലൈംഗികതയെയും സമൂഹത്തിനെയും കുറിച്ചുള്ള ചിന്തകളും ഉൾപ്പെടുത്തുമെന്നും രാം ഗോപാൽ വർമ്മ ട്വീറ്റ് ചെയ്തു.

നേരത്തെ റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയെക്കുറിച്ച് ദി ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട് എന്ന പേരിൽ ഒരു സിനിമ രാം ഗോപാൽ വർമ്മ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവിട്ടിരുന്നു.

Exit mobile version