മുംബൈ: പ്രശസ്ത ബോളിവുഡ് യുവതാരം സുശാന്ത് സിങ് രജ്പുത്തിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. താരപദവിയിലേക്ക് ഏറെ കഷ്ടപ്പാടുകൾ സഹിച്ചാണ് സുശാന്ത് എത്തിച്ചേർന്നത്. എന്നിട്ടും പ്രശസ്തിയുടെ ഉച്ചസ്ഥായിയിൽ നിൽക്കെ ജിവനൊടുക്കിയത് എന്തിനാണെന്ന് ഇനിയും വ്യക്തമായിട്ടില്ല.
ബാന്ദ്രയിലെ ഫ്ളാറ്റിൽ താരത്തിനെ തൂങ്ങിമരിച്ച നിലയിൽ വീട്ടുജോലിക്കാരനാണ് കണ്ടെത്തിയത്. വിഷാദ രോഗത്തിന് കീഴ്പ്പെട്ടാണ് താരം ജീവിതമവസാനിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. വളരെക്കാലമായി മുംബൈ ബാന്ദ്രയിൽ തന്നെയുള്ള സുശാന്ത് പുതിയ ആഡംബര ഫ്ളാറ്റിലേക്ക് ആറുമാസം മുമ്പാണ് താമസം മാറിയത്. മുംബൈയിലെ ആഡംബര പ്രദേശം എന്ന് വിശേഷിപ്പിക്കുന്ന പാലി ഹില്ലിലാണ് ഈ ഡ്യൂപ്ലസ് ഫ്ളാറ്റ്.
ഒരു മാസം 4.51 ലക്ഷം രൂപയായിരുന്നു ഈ ഫ്ളാറ്റിൻറെ വാടക. ഡിസംബർ 2022 വരെയാണ് ഇവിടെ താമസിക്കാൻ സുശാന്ത് കരാർ ഏർപ്പെട്ടത്. ഇതിനായി 12.90 ലക്ഷം രൂപ അഡ്വാൻസും നൽകിയെന്നാണ് വിവരം. സുശാന്തിന്റെ സഹായത്തിനായി നാല് വീട്ടുജോലിക്കാരാണ് ഈ ഫ്ളാറ്റിൽ ഉണ്ടായിരുന്നത്. ഒപ്പം സുശാന്തിനെ സുഹൃത്തായ ഒരു സിനിമ കലാസംവിധായകനും ഇവിടെ താമസിച്ചുവരികയായിരുന്നു.
ഇതിനിടെ, സുശാന്ത് ആത്മഹത്യ ചെയ്യില്ലെന്ന ആരോപണവുമായി ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. മരണത്തിൽ ഗൂഢാലോചനയുണ്ടെന്നും സുശാന്ത് ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും കുടുംബം പ്രതികരിച്ചു. മരണത്തിന് പിന്നിലെ സത്യാവസ്ഥ അന്വേഷിച്ച് പുറത്ത് കൊണ്ടുവരണമെന്നും സുശാന്തിന്റെ അമ്മാവൻ ആവശ്യപ്പെടുന്നു.
അതേസമയം, സുശാന്ത് സാമ്പത്തിക ഞെരുക്കത്തിലാണെന്ന് സഹോദരി സൂചിപ്പിച്ചതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഒപ്പം തന്നെ സുശാന്തിന്റെ ബാങ്ക് അക്കൌണ്ടുകൾ അന്വേഷണ വിധേയമായി പരിശോധിക്കാൻ മുംബൈ പോലീസ് തീരുമാനിച്ചിരിക്കുകയാണ്.
Discussion about this post