ഗുവാഹത്തി: വെബ് സീരീസിലൂടെ പ്രത്യേക വിഭാഗത്തിന് എതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന ആരോപണത്തിൽ ബോളിവുഡ് നടി അനുഷ്ക ശർമ്മയ്ക്കെതിരെ കുരുക്ക് മുറുകുന്നു. താരത്തിന് എതിരെ ഗൂർഖ അസോസിയേഷൻ, ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. ആമസോൺ പ്രൈമിൽ സ്ക്രീൻ ചെയ്ത അനുഷ്ക ശർമ്മയുടെ പതാൽ ലോക് എന്ന വെബ് ടെലിവിഷൻ സീരീസിൽ ഗൂർഖകൾക്ക് എതിരായി നടത്തിയ പരാമർശത്തിലാണ് ‘ഓൾ അരുണാചൽ പ്രദേശ് ഗൂർഖ യൂത്ത് അസോസിയേഷൻ’ പരാതി നൽകിയത്.
ഗൂർഖകൾക്കെതിരെ ടെലിവിഷൻ സീരിസിൽ ലൈംഗിക അധിക്ഷേപം നടത്തിയെന്ന് പരാതിക്കാർ ആരോപിക്കുന്നു. ഈ ആഴ്ച്ച ഭാരതീയ ഗൂർഖ യുവ പരിസംഘും സംഘടനയുടെ തന്നെ യൂത്ത് വിങ്ങും സീരീസിലെ ഒരു രംഗം എടുത്തുമാറ്റണമെന്നും സബ്ടൈറ്റിൽ ഉൾപ്പെടെ നീക്കണമെന്നും ആവശ്യപ്പെട്ട് ഓൺലൈൻ ക്യാമ്പയിനും നടത്തിയിരുന്നു.
സീരീസിലെ ഒരു വനിതാ കഥാപാത്രത്തിനെതിരെ വംശീയ പരാമർശം നടത്തുന്നുണ്ടെന്നും അവർ മേഘാലയയിലെ ഖാസി വിഭാഗത്തിൽപ്പെടുന്നവരാണെന്നും പരാതിക്കാർ പറയുന്നു. ഇത്തരം രംഗങ്ങളും സംഭാഷണങ്ങളും വംശീയത സ്വാഭാവികമാക്കി തീർക്കുമെന്നാണ് പരാതിക്കാർ ചൂണ്ടിക്കാണിക്കുന്നത്.
Discussion about this post