കണ്ടുമടുത്ത റൊമാന്‍സില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്ന ഒരു വേഷമാണ് താന്‍ ആഗ്രഹിക്കുന്നത്; സങ്കല്‍പ്പവേഷത്തെ കുറിച്ച് തബു

അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളിലെല്ലാം അല്‍പം ബോള്‍ഡ് ആയ വേഷങ്ങള്‍ ചെയ്ത തബു, പക്ഷേ സ്വപ്നം കാണുന്നത് ഒരു റൊമാന്റിക് റോളിന് വേണ്ടിയാണെന്ന് പറയുന്നു

കാലാപാനി എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന നടിയാണ് തബു. തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലും ഒരുകാലത്ത് തിളങ്ങി നിന്ന താരമാണ് തബു. സജീവമായി സിനിമകള്‍ ചെയ്ത് കരിയറിന്റെ ആദ്യകാലങ്ങള്‍ കടന്നുപോയപ്പോഴും ചെറുവേഷങ്ങളില്‍ ശക്തമായ സാന്നിധ്യമായി നിന്ന നടി ഇപ്പോഴും തനിക്ക് സിനിമയില്‍ സ്വപ്നങ്ങളുണ്ടെന്നാണ് പറയുന്നത്. അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളിലെല്ലാം അല്‍പം ബോള്‍ഡ് ആയ വേഷങ്ങള്‍ ചെയ്ത തബു, പക്ഷേ സ്വപ്നം കാണുന്നത് ഒരു റൊമാന്റിക് റോളിന് വേണ്ടിയാണെന്ന് പറയുന്നു.

‘റൊമാന്‍സ് അത്ര മോശം കാര്യമൊന്നുമല്ല. പ്രേക്ഷകര്‍ക്ക് എല്ലാക്കാലത്തും സ്‌ക്രീനില്‍ പ്രണയം കാണാന്‍ താല്‍പര്യമുണ്ടാകും. കാരണം, ആളുകള്‍ക്കെപ്പോഴും സ്നേഹം വേണം. അത് അനുഭവിക്കണം. അതുകൊണ്ടുതന്നെ ഒരു റൊമാന്റിക് റോള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ അല്‍പം വ്യത്യസ്തമായിരിക്കണം ആ വേഷം’ നാല്‍പത്തിയേഴുകാരിയായ തബു പറയുന്നു.

കണ്ടുമടുത്ത റൊമാന്‍സില്‍ നിന്നെല്ലാം തികച്ചും വേറിട്ടുനില്‍ക്കുന്ന ഒരു വേഷമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഇനിയും അത്തരമൊരു വേഷം കിട്ടിയാല്‍ സ്വീകരിക്കുമെന്നും നടി പറയുന്നു.

ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ‘അന്ധാദുന്‍’ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് തബുവിപ്പോള്‍. വ്യത്യസ്തമായ വേഷങ്ങള്‍ തെരഞ്ഞെടുത്ത് ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും അതില്‍ നിന്ന് ലഭിക്കുന്ന അനുഭവങ്ങള്‍ വളരെ വലുതായാണ് താന്‍ കാണുന്നതെന്നും തബു പങ്കുവയ്ക്കുന്നു.

Exit mobile version