ഒരേ നാട്ടുകാര്‍ എന്നിട്ടും മമ്മൂട്ടിയെ ഒന്ന് കാണാന്‍ സാധിച്ചില്ല; വര്‍ഷങ്ങള്‍ക്ക് ശേഷം സ്വപ്‌നനായകനൊപ്പം ക്യാമറയ്ക്ക് മുന്നില്‍; നാടകനടിയായ വീട്ടമ്മയുടെ കഥ....

entertainment,mammootty,binni tom,actress,film

തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു മമ്മൂട്ടിയെ കാണണം എന്ന്. ഇരുവരും വൈക്കം സ്വദേശികളാണ്. ബീന്നി ടോം കുറച്ച് മുമ്പ് വരെ യുഎഇയില്‍ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന നാടകനടിയായ വീട്ടമ്മയായിരുന്നു. എന്നാല്‍ ഇന്ന് തിരക്കുകള്‍നിറഞ്ഞ സിനിമാനടിയാണ്.

uae-3

മമ്മൂട്ടിയുടെ സിനിമകള്‍ കണ്ട് അദ്ദേഹത്തെ ഇഷ്ടപ്പെട്ടു നടന്നിരുന്ന കാലം. അന്നും പ്രിയ നടനെ ഒരു നോക്കു കാണാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും നടന്നില്ല. വിദ്യാഭ്യാസത്തിന് ശേഷം വിവാഹിതയായി യുഎഇയിലെത്തി. ഫ്‌ലാറ്റ് ജീവിതം മടുത്തപ്പോള്‍ ബിന്നിയിലെ കലാകാരി ഉണര്‍ന്നു. നാടക പ്രവര്‍ത്തനം സജീവമായ യുഎഇയുടെ തലസ്ഥാനഗരിയില്‍ ഒട്ടേറെ നാടകങ്ങള്‍ ഉണ്ടാവുകയും മത്സരങ്ങള്‍ അരങ്ങേറുകയും ചെയ്തിരുന്നു.

uae-1

മമ്മൂട്ടി ഇടയ്ക്കിടെ യുഎഇയിലെത്തുന്നതായി അറിയാമായിരുന്നെങ്കിലും കാണാന്‍ സാധിച്ചില്ല. അകലെ നിന്നെങ്കിലും പ്രിയനടനെ ഒരു നോക്കുകാണാന്‍ ബിന്നി ഏറെ ആഗ്രഹിച്ചു. പക്ഷേ, അവസരം ലഭിച്ചില്ല. ഒടുവില്‍ 2013ല്‍ അബുദാബിയില്‍ നടന്ന ഒരു കലാപരിപാടിയില്‍ പങ്കെടുക്കാന്‍ മമ്മൂട്ടിയെത്തിയപ്പോള്‍ ബിന്നി ഭര്‍ത്താവ് ടോമിച്ചനോട് തന്റെ ആഗ്രഹം തുറന്നുപറഞ്ഞു. പക്ഷേ, വലിയ സംഖ്യ നല്‍കി ടിക്കറ്റെടുത്ത് പരിപാടി കാണാന്‍ ഭര്‍ത്താവിന് താത്പര്യമില്ലായിരുന്നു.

മമ്മൂട്ടി നായകനായി അഭിനയിച്ച ബാല്യകാലസഖിയിലേയ്ക്ക് അഭിനേതാക്കളെ തേടി സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍ എത്തിയതോടെയായിരുന്നു ജീവിതത്തില്‍ വഴിത്തിരിവായത്. അഭിനയം തലയ്ക്ക് പിടിച്ചു നടന്നിരുന്ന ബിന്നിയും ഒരു കൈ നോക്കാന്‍ തന്നെ തീരുമാനിച്ചു. അമ്മ റോളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയും താന്‍ ഒരു നോക്കു കാണാന് ആഗ്രഹിച്ച മമ്മൂക്കയുടെ കൂടെ അഭിനയിക്കുകയും ചെയ്തു. സുനില്‍ സുഖദയുടെ ഭാര്യയുടെ റോളായിരുന്നു ഈ ചിത്രത്തില്‍. ബിന്നിയുടെ അഭിനയം സിനിമാ പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചു.

അവസരങ്ങള്‍ വര്‍ധിച്ചു, പത്തു ചിത്രങ്ങളില്‍ ഇതിനകം വേഷമിട്ടു. ഇതില്‍ ബാല്യകാല സഖി കൂടാതെ, മൂന്നാം നാള്‍, കിസ് മത്ത്, ഖലീഫ, നോട്ടീസ് വണ്ടി, മരുഭൂമിയിലെ മഞ്ഞുതുള്ളികള്‍ തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളായിരുന്നു. മമ്മൂക്കയുടെ ഏറ്റവും പുതിയ ചിത്രമായ ഒരു കുട്ടനാടന്‍ ബ്ലോഗിലും മധുപാലിന്റെ ഒരു കുപ്രസിദ്ധ പയ്യനിലും മികച്ച റോളുകള്‍ അവതരിപ്പിച്ചു. റിലീസാകാനുള്ള ദര്‍ബോണി, മധുവിന്റെ റോസി തുടങ്ങിയ ചിത്രങ്ങളിലും നല്ല കഥാപാത്രങ്ങളാണ്.

uae-4

ആദ്യ ചിത്രത്തില്‍ തന്നെ പ്രിയതാരത്തിന്റെ കൂടെ അഭിനയിക്കാന്‍ സാധിച്ചതില്‍ പരം സന്തോഷം വേറെയില്ലെന്ന് ബിന്നി ടോം പറയുന്നു. ഒരു പാട്ടുസീനിലായിരുന്നു ബാല്യകാല സഖിയില്‍ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചത്. കുട്ടനാടന്‍ ബ്ലോഗില്‍ ഒന്നിച്ച് ഒരു സീനിലും ഇല്ലെങ്കിലും മമ്മൂക്കയുടെ തോഴരായി അഭിനയിക്കുന്ന സഞ്ജു ശിവറാമിന്റെ അമ്മയുടെ റോളാണ് കൈകാര്യം ചെയ്തത്. സിനിമ കൂടാതെ ഹ്രസ്വചിത്രങ്ങളിലും ബിന്നി തിരക്കുള്ള നടിയാണ്.

യുഎഇയില്‍ ചിത്രീകരിച്ച ഷവര്‍മ, നിപ്പ്, അമ്മ, സ്പീഡ്, ഭരതന്റെ സംശയങ്ങള്‍ എന്നിവയാണ് പ്രധാന ഹ്രസ്വചിത്രങ്ങള്‍. 18 വര്‍ഷമായി പ്രവാസ ജീവിതം തുടരുന്ന ഇവര്‍ മികച്ച നാടക നടിക്കുള്ള അവാര്‍ഡുകള്‍ ഒട്ടേറെ തവണ സ്വന്തമാക്കിയിട്ടുണ്ട്. കല അബുദാബിക്ക് വേണ്ടി ബിജു കിഴക്കനേല അണിയിച്ചൊരുക്കിയ മണ്ണ്, കൂട്ടുകൃഷി, മാക് ബത്ത്, മാ, ശക്തി അബുദാബിയുടെ ചിരി, വക്കം ജയലാലിന്റെ നക്ഷത്രസ്വപ്നങ്ങള്‍, കുഞ്ഞാലിമരയ്ക്കാര്‍, കിങ് സോളമന്‍, ഓണനിലാവ് തുടങ്ങിയവയാണ് പ്രധാന നാടകങ്ങള്‍. ഇതിന് പുറമേ തിരുവാതിര, ഒപ്പന, സംഘ നൃത്തം എന്നിവയിലും സജീവമാണ്. മികച്ച പാചകക്കാരി കൂടിയായ ബിന്നി സിനിമയിലഭിനയിക്കാന്‍ വേണ്ടി ഇടയ്ക്കിടെ കേരളത്തിലേയ്ക്ക് യാത്ര ചെയ്യുന്നു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)