തുടര്‍ചികിത്സക്ക് പണം കണ്ടെത്തണം: അതിജീവനത്തിന്റെ കൈയ്യൊപ്പുള്ള ബിന്ദു സന്തോഷിന്റെ ആദ്യ പുസ്തകം 'വാക്സ്ഥലി' നാലാം പതിപ്പിലേക്ക്..

പൊന്നാനി: വിധിയെ തോല്‍പ്പിച്ച് അക്ഷരങ്ങളിലൂടെ പുതിയ തീരം തേടുകയാണ് ബിന്ദുസന്തോഷ് എന്ന എഴുത്തുകാരി. അതിജീവനത്തിന്റെ കരുത്തും അഴകുമുണ്ട് ബിന്ദുവിന്റെ ഭാഷയ്ക്ക്. വിധി നഷ്ടപ്പെടുത്തിയ രണ്ടു കണ്ണിന്റെ കാഴ്ചക്കും രണ്ടു കിഡ്‌നികളുടെ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നില്‍ കഥകളിലൂടെയും കവിതകളിലൂടെയും ജീവിതത്തിന്റെ പച്ചപ്പ് തേടുന്ന ബിന്ദുസന്തോഷിന്റെ ആദ്യ പുസ്തകമായ 'വാക്സ്ഥലി' യുടെ നാലാം പതിപ്പിന്റെ പ്രകാശനമാണ് ഇന്ന്. തുടര്‍ ചികിത്സക്കുള്ള ഫണ്ട് കണ്ടെത്തുന്നതിനായാണ് അക്ഷരങ്ങള്‍ക്ക് വിലയിട്ടുള്ളത്. ആദ്യ മൂന്ന് പതിപ്പുകളും ദുബായില്‍ വെച്ചാണ് പലപ്പോഴായി പ്രകാശനം ചെയ്തിട്ടുള്ളത്. പലപ്പോഴായി എഴുതിയ 47 കവിതകളും 86 കഥകളുമാണ് ഈ പുസ്തകത്തിലുള്ളത്. കാഴ്ചയില്ലാത്തതിനാല്‍ സുഹൃത്തും യുവ കഥാകൃത്തുമായ രമേശ് പെരുമ്പിലാവാണ് കഥകളും കവിതകളും എഴുതിയെടുത്തത് . പത്തൊമ്പതാം വയസ്സില്‍ മലേറിയ പിടിപെട്ട് ഇഞ്ചക്ഷന്‍ മാറി നല്‍കിയതാണ് ബിന്ദുവിന്റെ ജിവിതം തകര്‍ത്തത്. ഇതോടെ 7 ദിവസം പുര്‍ണ്ണമായി ബോധം നഷ്ടപ്പെട്ട ഇവര്‍ക്ക് ബോധം തിരികെ കിട്ടിയപ്പോള്‍ രണ്ടു കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരുന്നു. ഒപ്പം രണ്ടു കിഡ്‌നികളുടെ പ്രവര്‍ത്തനവും നിലച്ചു. ജീവിതം എന്നെന്നേക്കുമായി നഷ്ടപ്പെടുന്നു എന്ന തോന്നല്‍ ഇല്ലാതാക്കിയത് ഭര്‍ത്താവായ സന്തോഷിന്റെ കരുതലാണ്. ആഗ്രയിലെ എയര്‍ഫോഴ്‌സില്‍ മെക്കാനിക്കായിരുന്ന ഇയാള്‍ ഭാര്യയുടെ ചികിത്സക്കായി ആ ജോലി ഉപേക്ഷിച്ചു. ഇപ്പോള്‍ ദുബായില്‍ എയര്‍പോര്‍ട്ട് ജീവനക്കാരാണ് സന്തോഷ് എന്ന ചാവക്കാട്ടുകാരന്‍ .കാസര്‍ഗോഡ് കാഞ്ഞങ്ങാടാണ് ബിന്ദുവിന്റെ സ്വദേശം. ഗര്‍ഭിണിയായ സമയത്താണ് ബിന്ദുവിന്റെ ജീവിതത്തിലേക്ക് ദുരന്തങ്ങള്‍ കടന്നുവരുന്നത്.ഇതോടെ ഗര്‍ഭം അലസിപ്പായി. മനക്കരുത്തില്‍ അവര്‍ ജീവിതത്തിന്റെ നല്ല നാളുകളിലേക്ക് തിരികെ വന്നു .നാല്‍പ്പത്തി ആറ് വയസ്സായ ബിന്ദുവിന് റിഷിന്‍ എന്ന പേരുള്ള ഒരു മകനുണ്ടിപ്പോള്‍. ചികിത്സ ലക്ഷങ്ങളുടെ ബാധ്യതകളാണ് ഈ കുടുംബത്തിന് നല്‍കിയത്. 1996 മുതല്‍ ഭര്‍ത്താവിനൊപ്പം ദുബായില്‍ സ്ഥിരതാമസമാക്കിയ ബിന്ദു 1999ല്‍ സ്‌നേഹതരംഗം കഥ അവാര്‍ഡ് 'ഇന്ദുരഞ്ജിനിയുടെ സഞ്ചാരപഥങ്ങള്‍' എന്ന കഥയ്ക്ക് ലഭിച്ചുകൊണ്ടാണ് യുഎഇയിലെ സാഹിത്യരംഗത്ത് അറിയപ്പെടുന്നത്. 2000 - ല്‍ ദിശാസൂചിക എന്ന കവിതയ്ക്ക് ഇശല്‍ അബുദാബി, ജിദ്ദ അരങ്ങ് പുരസ്‌കാരങ്ങള്‍. 2002-ല്‍ സുനിതാ സ്മാരക ചെറുകഥ അവാര്‍ഡ് ഒട്ടകപ്പക്ഷിക്ക് ഒളിനിലം അതിജീവനത്തിന് എന്ന കഥയ്ക്കുംലഭിച്ചു. ദുബായ് കൈരളി കലാകേന്രം കഥ പുരസ്‌ക്കാരം 2002 - ലും കവിതാ പുരസ്‌ക്കാരം 2005 - ലും ലഭിച്ചിട്ടുണ്ട്. പാം പുസ്തകപ്പുരയുടെ അക്ഷരതൂലികാ പുരസ്‌കാരം, ഭാവന ആര്‍ട്‌സ് സൊസൈറ്റി സാഹിത്യപുരസ്‌കാരം, ഇന്ത്യന്‍ സോഷ്യല്‍ സെന്റെര്‍ അല്‍ ഐന്‍ ലിറ്റററി അവാര്‍ഡും 2005 ല്‍ കൈരളി ചാനലും അറ്റ്‌ലസ് ജ്വല്ലറിയും സംയുക്തമായി ലോകമലയാളി എഴുത്തുകാര്‍ക്കിടയില്‍ സംഘടിപ്പിച്ച സാഹിത്യ മത്സരത്തില്‍ പാന്‍ഗിയ എന്ന കവിതയ്ക്ക് ഒന്നാം സമ്മാനവും ബിന്ദുവിനെ തേടിയെത്തിയിട്ടുണ്ട്. ഇന്ന് വൈകിട്ട് നാലുമണിക്ക് കുന്ദംകുളം ബോയ്‌സില്‍ വെച്ച് നടക്കുന്ന പ്രകാശനച്ചടങ്ങില്‍ സാഹിത്യകാരനായ ശ്രീരാമന്‍, ഗാനരചയിതാവും കവിയുമായ റഫീഖ് അഹമ്മദ്, സിനിമാതാരം ഇര്‍ഷാദ്, വിത്സന്‍, ബഷീര്‍ എന്നിവര്‍ സംബന്ധിക്കും. തുടര്‍ചികിത്സക്കാവശ്യമായ പണം കണ്ടെത്താന്‍ കൂടിയാണ് പുസ്തകം അച്ചടച്ചിറക്കിയതെന്ന് ബിന്ദുപറയുന്നു. ദുബായില്‍ ഭര്‍ത്താവൊന്നിച്ചാണ് താമസമെങ്കിലും സാധ്യമായ വരുമാനം കൊണ്ട് ഒരു താങ്ങാവാന്‍ കഴിയുമല്ലോ എന്നാണിവരുടെ പ്രതീക്ഷ. (ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ )

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)