ഒരു പേരിലെന്തെല്ലാമിരിക്കുന്നു!

- ഫേവര്‍ ഫ്രാന്‍സിസ്‌ പരസ്യസ്ഥാപനത്തില്‍ കോപ്പി റൈറ്റര്‍ ആയി ജോലി ചെയ്യുന്ന ഏതൊരാളുടെയും സ്വപ്നമാണ് തന്റെ തൂലികയില്‍ നിന്നുതിര്‍ന്നു വീഴുന്നൊരു ബ്രാന്‍ഡ് നെയിം. എഴുതിയ ആളും അയാളുടെ കമ്പനി പോലും വിസ്മൃതിയിലാണ്ടു പോകുന്ന ഒരു കാണാക്കാലത്ത് പോലും ആ തലമുറയുടെ മുന്നില്‍ തന്റെ രചനാ വൈഭവത്തിനു തെളിവായി ആ ബ്രാന്‍ഡ് നെയിം നിലനില്‍ക്കുന്നുണ്ടാകും എന്നതും ആ സ്വപ്നത്തിന്റെ ഭാഗം തന്നെ. പക്ഷെ ഒരു ബ്രാന്‍ഡിന് പേരിടുക എന്നുള്ളത് അത്ര എളുപ്പമല്ല. ഇനി എളുപ്പത്തില്‍ പേര് വീണു കിട്ടിയാല്‍ പോലും കാലം ആ പേരിനായി കരുതി വച്ചിരിക്കുന്നതെന്തെന്നത് പ്രവചിക്കാനും കഴിയില്ല.

സിക മുതല്‍ സിക വരെ

ഈ ഒരു പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ ടാറ്റാ മോട്ടോര്‍സ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ ഏറ്റവും പുതിയ ഹാച്ബാക്ക് മോഡലിന് അവര്‍ കണ്ടു പിടിച്ച പേരാണ് ഇപ്പോള്‍ അവര്‍ക്ക് തന്നെ പാരയായിരിക്കുനന്തു. ZIPPY CAR എന്ന ആശയത്തിന്റെ ചുരുക്കെഴുത്തായാണ് ടാറ്റ മോട്ടോര്‍സ് 'സിക' (ZICA) എന്ന മനോഹരമായ പേര് തങ്ങളുടെ ബ്രാന്‍ഡ് നെയിംആയി സ്വീകരിച്ചത്. എന്നാല്‍ ലോകത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തി സികാ വൈറസ് (ZIKA Virus) എന്ന ഏറ്റവും പുതിയ വിനാശകാരി തന്റെ താണ്ഡവം തുടങ്ങിയതോടെ തങ്ങളുടെ കാറിന്റെ പേര് മാറ്റാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ടാറ്റാ മോട്ടോര്‍സ്. Zica പേരുകളില്‍ ഒരക്ഷരത്തിന്റെ വ്യത്യാസം ഉണ്ടെങ്കിലും ഉച്ചാരണത്തില്‍ രണ്ടും ഒരേ പോലെ വരുന്നതാണ് കമ്പനിയെ ഈ പേര് മാറ്റത്തിന് പ്രേരിപ്പിക്കുന്ന മുഖ്യകാരണം. ഇപ്പോള്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ സിക അതേ പേരില്‍ തന്നെ പ്രദര്‍ശിപ്പിക്കപ്പെടും എങ്കിലും അനുയോജ്യമായൊരു പുത്തന്‍ നാമം കിട്ടുന്നതോടെ സിക എത്രയും പെട്ടെന്ന് പേര് മാറ്റി വിപണിയില്‍ എത്തും എന്ന് തന്നെയാണ് കാര്‍ പ്രേമികളുടെ പ്രതീക്ഷ.

പണ്ടേ പണി കിട്ടിയവര്‍

കാറുകളുടെ പേരുകളോട് എന്തോ ദേഷ്യമുളളത് പോലെയാണ് ബ്രാന്‍ഡ് നെയിം ദേവതയുടെ പെരുമാറ്റം. ടാറ്റായാണ് ഈ മുന്‍ വൈരാഗ്യത്തിന്റെ ആണ് ഏറ്റവും പുതിയ ഇരയെങ്കിലും ഇതിനു മുന്നേ ഈ പണി കിട്ടിട്ടുള്ളത് ഇതിലും വലിയ അന്താരാഷ്ട്ര കാര്‍ കമ്പനികള്‍ക്കാണ്. 2001 ല്‍ ഹോണ്ടക്കാണ് ഒരു മുട്ടന്‍ പണി കിട്ടിയത്. ഏഷ്യന്‍ മാര്‍ക്കറ്റില്‍ ഫിറ്റ് എന്ന പേരില്‍ ഹോണ്ട പുറത്തിറക്കിയ ഒരു കൊച്ചു കാര്‍ ഹോണ്ട 'ഫിറ്റ' എന്ന പേരില്‍ യൂറോപ്യന്‍ വിപണിയില്‍ ഇറക്കാന്‍ ഹോണ്ട തീരുമാനിച്ചു. honda-fit എല്ലാ ഒരുക്കങ്ങളും കഴിഞ്ഞപ്പോള്‍ ആണ് തങ്ങള്‍ക്കു പറ്റിയ അമളി അവര്‍ക്ക് ബോധ്യമായത്. ഫിറ്റ എന്നാല്‍ സ്വീഡിഷ് ഭാഷയില്‍ സ്ത്രീകളുടെ ജനനേന്ദ്രിയം എന്നാണു അര്‍ത്ഥം. അബദ്ധം മനസിലായ ഹോണ്ട തങ്ങളുടെ കാറിന്റെ പേര് ഉടന്‍ തന്നെ മാറ്റി. പുതിയ പേരില്‍ തന്നെയാണ് ഇന്ത്യയിലും ഹോണ്ടയുടെ ഈ കാര്‍ എത്തിയത്. ഹോണ്ട ജാസ് എന്ന ആ പുതിയ പേര് ഇന്ത്യന്‍ വാഹനപ്രേമികള്‍ക്കിടയിലും സുപരിചിതമാണ്. honda-jaz ഇതിലും വലിയ പണിയാണ് ജനറല്‍ മോട്ടോര്‍സിന്റെ നോവ എന്ന കാറിനു കിട്ടിയത്. ആറ്റു നോറ്റിട്ട 'നോവ' എന്ന പേരുതന്നെയാണ് അവര്‍ക്ക് വിനയായത്. സ്പാനിഷ് ഭാഷ സംസാരിക്കുന്ന തെക്കേ അമേരിക്കന്‍ പ്രവിശ്യകളില്‍ നോവ എന്നാല്‍ 'ഇത് നടക്കില്ല' (It doesn't go) എന്നാണര്‍ത്ഥം. പോരെ പൂരം. ഓടാത്ത കാര്‍ ആര്‍ക്കു വേണം? nova ഹോണ്ടക്കു കിട്ടിയതിനേക്കാള്‍ വലിയ പണിയാണ് ഫോര്‍ഡിന് കിട്ടിയത്. അവരുടെ ഏറ്റവും മികച്ച കാറുകളില്‍ ഒന്നായ 'പിന്റോ'ക്ക് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും കിട്ടിയ തിരിച്ചടിയാണ് തങ്ങള്‍ ആ കാറിനു നല്‍കിയ പേരിനെക്കുറിച്ച് ഒരു വീണ്ടു വിചാരം നടത്താന്‍ ഫോര്‍ഡിനെ പ്രേരിപ്പിച്ചത്. പിന്റോ എന്ന പേരിന്റെ പ്രശ്‌നത്തെക്കുറിച്ച് ഗവേഷണം നടത്തിയ ഫോര്‍ഡ് ടീമിന് കിട്ടിയ വിവരം ഒട്ടും ആശാവാഹമായിരുന്നില്ല. പുരുഷ ജനനേന്ദ്രിയത്തിന് (അതും തീരെ ചെറുതിന്) ബ്രസീലുകാര്‍ പറഞ്ഞിരുന്ന പ്രാദേശിക നാമമാണ് പിന്റോ. പൗരുഷത്തിന്റെ പ്രതീകമായ കാറുകളെ കാണുന്ന ജനതയ്ക്ക് ഈ പേര് എങ്ങിനെ രസിക്കും? pinto ഉദാഹരണങ്ങള്‍ ഇനിയുമുണ്ട്. ഒരു നാട്ടില്‍ നല്ലതെന്ന് തോന്നുന്ന പേരുകള്‍ മറ്റൊരു നാട്ടുകാര്‍ക്ക് അരോചകമായി തോന്നിയേക്കാം. ഒരു പേരില്‍ എന്തിരിക്കുന്നു? എന്ന തോന്നലില്‍ എന്തെങ്കിലും ഒരു പേരിട്ടു ബിസിനസ് തുടങ്ങുന്ന സുഹൃത്തുക്കള്‍ ഒന്നോര്‍ക്കുക. ഒരു പേരില്‍ ഒന്നല്ല, ഒരായിരം കാര്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടാകാം. അത് ചിലപ്പോള്‍ നിങ്ങളുടെ കച്ചോടം തന്നെ പൂട്ടിച്ചേക്കാം! Email : favourfrancis@gmail.com Mobile : 09847881382

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News