വിപണിയില്‍ എത്താതെ പോയ ശങ്കര്‍ റാവു കുല്‍ക്കര്‍ണിയുടെ 12000 രൂപയുടെ കാര്‍

1945 ല്‍ കാറിന്റെ നിര്‍മ്മാണം തുടങ്ങിയ കുല്‍ക്കര്‍ണി 1949 ഓടെ കാറിന്റെ ആദ്യരൂപം അദ്ദേഹം നിര്‍മ്മിച്ചു

2008 ല്‍ വിപണിയില്‍ എത്തിയ ടാറ്റയുടെ നാനോ ആയിരുന്നു ഇത്രനാള്‍ ലോകത്തിലെ ഏറ്റവും വിലക്കുറഞ്ഞ കാര്‍ എന്ന് അറിയപ്പെട്ടത് ,എന്നാല്‍ അതിനൊക്കെ ഏറെ മുമ്പ് കേവലം 12000 രൂപയ്ക്ക് ഒരു ചെറുകാര്‍ ഉണ്ടാക്കിയ ഒരു ഇന്ത്യക്കാരന്‍ ആയിരുന്നു ശങ്കര്‍ റാവു കുല്‍ക്കര്‍ണി , സ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാനാവാത്ത ഒരു പാവം എഞ്ചിനീയറായിരുന്നു കുല്‍ക്കര്‍ണി. സാധാരണ ജനങ്ങള്‍ക്ക് വാങ്ങാനാകുന്ന ഒരു കാര്‍ നിര്‍മ്മിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം.

1945 ല്‍ കാറിന്റെ നിര്‍മ്മാണം തുടങ്ങിയ കുല്‍ക്കര്‍ണി 1949 ഓടെ കാറിന്റെ ആദ്യരൂപം അദ്ദേഹം നിര്‍മ്മിച്ചു. ഈ പ്രോട്ടോടൈപ്പ് വാഹനം മഹാരാഷ്ട്ര വാഹന വകുപ്പില്‍ റജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. MHK 1906 എന്ന ഈ പ്രോട്ടോ ടൈപ്പ് കാര്‍ 2 പേര്‍ക്ക് സഞ്ചരിക്കാവുന്നതായിരുന്നു.

പിന്നീട് 1951 ല്‍ അദ്ദേഹം മൂന്ന് സീറ്റുകളോട് കൂടി കാര്‍ പുനര്‍നിര്‍മ്മിച്ചു. ശേഷം 1960 ല്‍ വീണ്ടും നവീകരിച്ച് രൂപകല്‍പന ചെയ്തു. എയര്‍ കൂളിങ് എഞ്ചിന്‍, റിവേഴ്‌സ് ഗിയറടക്കം അഞ്ചു ഗിയറുകള്‍, ലഘുവായ ഭാരം തുടങ്ങിയവ കാറിന്റെ പ്രത്യേകതകള്‍ ആയിരുന്നു. 6 മുതല്‍ 11 ഇഞ്ച് വരെയായിരുന്നു വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. ചെലവ് കുറയ്ക്കാനായി റബര്‍ സസ്‌പെന്‍ഷനായിരുന്നു കാറില്‍. ഇതിലൂടെ കുല്‍ക്കര്‍ണി വാഹനത്തില്‍ നിന്നു ഒഴിവാക്കിയത് നൂറോളം സ്‌പെയര്‍ പാര്‍ട്ടുകളാണ്. ഒരു ടയറിലുണ്ടാകുന്ന ആഘാതം മറ്റു ടയറുകളെ പോലും ബാധിക്കാത്ത വിധം മികച്ചതായിരുന്നു വാഹനത്തിന്റെ റബര്‍ സസ്‌പെന്‍ഷന്‍. റബര്‍ നിര്‍മ്മിതമായ സ്‌പെയര്‍ പാര്‍ട്യുകളും സസ്‌പെന്‍ഷനുകളും കാറിന്റെ ചെലവ് ചുരുക്കുന്നതില്‍ സഹായകമായിട്ടുണ്ടെന്നായിരുന്നു കുല്‍ക്കര്‍ണിയുടെ വാദം.

Exit mobile version