വാഹനപ്രേമികള്‍ കാത്തിരുന്ന അടുത്ത എസ്‌യുവിയും ഇന്ത്യയിലേക്ക് എത്തിച്ച് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസ്സാന്‍. കമ്പനി പുതിയ കിക്ക്സ് എസ്‌യുവി ഇന്ത്യയില്‍ ഇന്ന് ലോഞ്ച് ചെയ്യും. ഗ്ലോബല്‍ സ്പെക്ക് കിക്ക്സില്‍നിന്ന് വലിപ്പം, പ്ലാറ്റ്ഫോം, എന്‍ജിന്‍ എന്നിവയെല്ലാം പരിഷ്‌കരിച്ചാണ് കിക്ക്സ് ഇന്ത്യയിലെത്തുക. കോംപാക്ട് എസ്‌യുവി വിപണിയില്‍ ഹ്യുണ്ടായ് ക്രെറ്റയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന കിക്ക്‌സ് വാണിജ്യാടിസ്ഥാനത്തില്‍ അടുത്ത വര്‍ഷം ജനുവരിയിലാണ് വിപണിയിലെത്തുക.
നിസ്സാന്‍ നിരയില്‍ ടെറാനോയ്ക്കും മുകളിലാണ് കിക്ക്സിന്റെ സ്ഥാനം. അതേസമയം നിസ്സാന്റെ വി പ്ലാറ്റ്ഫോമിലല്ല ഇന്ത്യന്‍ സ്‌പെക്ക് കിക്ക്സ്, പരിഷ്‌കരിച്ച M0 പ്ലാറ്റ്ഫോമിന്റെ അടിസ്ഥാനത്തിലാണ് നിര്‍മ്മാണം. വില വലിയ തോതില്‍ കുറയ്ക്കാനും ഇത് സഹായിക്കും. റെനോയുടെ ഡസ്റ്റര്‍ എസ്‌യുവിയും ഇതേ പ്ലാറ്റ്ഫോമിലാണ്. വില അടക്കമുള്ള കാര്യങ്ങള്‍ ലോഞ്ചിങ് വേളയില്‍ കമ്പനി പ്രഖ്യാപിച്ചേക്കും. പ്രീ-ബുക്കിങ്ങും നാളെ മുതല്‍ ആരംഭിക്കും.
വിദേശത്തുള്ള കിക്ക്സിനെക്കാള്‍ വലിപ്പക്കാരനായിരിക്കും ഇന്ത്യന്‍ കിക്ക്സ്. നീളവും വീതിയും ഉയരവും വീല്‍ബേസും അല്‍പം കൂടും. ഗ്ലോബല്‍ സ്പെക്ക് എന്‍ജിനും ഇന്ത്യന്‍ കിക്ക്സിലുണ്ടാകില്ല. ടെറാനോ, ഡസ്റ്റര്‍, കാപ്ച്ചര്‍ എന്നിവയില്‍ നല്‍കിയ അതേ എന്‍ജിന്‍ കിക്ക്സിലും ഉള്‍പ്പെടുത്താനാണ് സാധ്യത. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 104 ബിഎച്ച്പി പവറും 142 എന്‍എം ടോര്‍ക്കുമേകും. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 108 ബിഎച്ച്പി പവറും 240 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. പെട്രോള്‍ പതിപ്പിലെ മാന്വല്‍ ഗിയര്‍ബോക്സ് അഞ്ചു സ്പീഡാണ്. ഡീസല്‍ പതിപ്പില്‍ ആറു സ്പീഡായിരിക്കും. ഇതിനൊപ്പം ഓട്ടോമാറ്റിക് വേരിയന്റും എത്തും.
Discussion about this post