വാഹന ഉടമകള്‍ക്ക് ഇനി ഇന്‍ഷുറന്‍സ് ഒന്നു മതി; ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍

നിര്‍ബന്ധിത അപകട ഇന്‍ഷുറന്‍സ് പോളിസികളില്‍ ഇളവ് അനുവദിച്ചു.

ഹരിപ്പാട്: ഒന്നിലധികം വാഹനങ്ങള്‍ ഉണ്ടെങ്കിലും വാഹന ഉടമകളുടെ (ഓണര്‍ ഡ്രൈവര്‍) പേരില്‍ എടുക്കേണ്ട നിര്‍ബന്ധിത അപകട ഇന്‍ഷുറന്‍സ് പോളിസികളില്‍ ഇളവ് അനുവദിച്ചു. ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) യാണ് ഉത്തരവ് ഇറക്കിയത്. ഇതനുസരിച്ച് ആര്‍സി ഉടമയുടെ പേരില്‍ ഒന്നിലധികം വാഹനമുണ്ടെങ്കിലും ഇനി അപകട ഇന്‍ഷുറന്‍സ് പോളിസി ഒന്നു മതി. ജനുവരി ഒന്നുമുതല്‍ പരിഷ്‌കാരം നിലവില്‍ വരും. അതുവരെ നിലവിലെ രീതി തുടരും. ആര്‍സി ഉടമ അതേവാഹനം അപകടത്തില്‍പ്പെട്ട് മരിച്ചാല്‍ ലഭിക്കുന്നത് 15 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ്.

15 ലക്ഷമോ അതില്‍ കൂടുതലോ പരിരക്ഷയുള്ള അപകട ഇന്‍ഷുറന്‍സ് പോളിസി കൈവശമുള്ളവര്‍ക്ക് വാഹനത്തിന്റെ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ഉടമയ്ക്കുള്ള അപകട ഇന്‍ഷുറന്‍സ് പോളിസി ഒഴിവാക്കാം. നിലവില്‍ ഇങ്ങനെയുള്ളവര്‍ക്കും വാഹന ഇന്‍ഷുറന്‍സിനൊപ്പം അപകട ഇന്‍ഷുറന്‍സ് നിര്‍ബന്ധമായിരുന്നു. ഓണര്‍ ഡ്രൈവറുടെ ഇന്‍ഷുറന്‍സ് കവറേജ് ഇരുചക്ര വാഹനങ്ങള്‍ക്ക് ഒരു ലക്ഷവും മറ്റ് വാഹനങ്ങള്‍ക്ക് രണ്ട് ലക്ഷവുമായിരുന്നത് കഴിഞ്ഞ സെപ്റ്റംബറിലാണ് പരിഷ്‌കരിച്ചത്. ഇതിനായി 750 രൂപ അധിക പ്രീമിയവും നിശ്ചയിച്ചിരുന്നു. ഒന്നിലധികം വാഹനങ്ങളുള്ളവര്‍ ഓരോന്നിനും ഈ തുക അടയ്ക്കണമായിരുന്നു. നിയമത്തില്‍ ഇളവ് അനുവദിക്കുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാവും.

ജനുവരി ഒന്നിനുശേഷം ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ വാഹനത്തിനും ഉടമയ്ക്കും പ്രത്യേകമായി പോളിസി സര്‍ട്ടിഫിക്കറ്റ് വാങ്ങണം. അടുത്ത വാഹനത്തിന്റെ ഇന്‍ഷുറന്‍സ് പുതുക്കുമ്പോള്‍ നേരത്തെ എടുത്ത ഉടമയ്ക്കുള്ള പോളിസി ഹാജരാക്കണം. സ്വന്തംനിലയില്‍ അപകട ഇന്‍ഷുറന്‍സ് പോളിസി എടുത്തിട്ടുള്ളവര്‍ അതാണ് ഹാജരാക്കേണ്ടത്. ഇതിന്റെ നമ്പരും മറ്റ് വിവരങ്ങളും ചേര്‍ത്തായിരിക്കും വാഹനത്തിനുള്ള പുതിയ പോളിസി അനുവദിക്കുന്നത്.

Exit mobile version