ഓട്ടോറിക്ഷകളില്‍ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ പുതിയ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തുന്നു. യാത്രാവേളയിലും അപകടങ്ങളുണ്ടാകുമ്പോഴും മറ്റും യാത്രക്കാര്‍ പുറത്തേക്ക് തെറിച്ചുവീഴുന്നത് തടയാന്‍ ഡോറുകള്‍, ഇടിയുടെ ആഘാതത്തില്‍ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കുമുണ്ടാകുന്ന പരിക്ക് കുറയ്ക്കാന്‍ സീറ്റ് ബെല്‍റ്റ് എന്നിവ ഓട്ടോറിക്ഷകളില്‍ നിര്‍ബന്ധമാക്കാനാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം. അടുത്ത വര്‍ഷം ഒക്ടോബര്‍ മുതല്‍ ഈ സുരക്ഷാ സംവിധാനങ്ങള്‍ ഓട്ടോറിക്ഷകളില്‍ നിര്‍ബന്ധമാക്കാനാണ് ആലോചന.
കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കണക്കുപ്രകാരം കഴിഞ്ഞ വര്‍ഷം 29,351 ഓട്ടോറിക്ഷാ അപകടങ്ങളിലായി 6762 ജീവനുകളാണ് പൊലിഞ്ഞത്. ഡോറുകള്‍ ഇല്ലാത്തതിനാല്‍ ചെറിയ അപകടമാണെങ്കില്‍ പോലും യാത്രക്കാര്‍ ഓട്ടോകളില്‍ നിന്ന് തെറിച്ചുവീണ് മാരകമായി പരിക്കേല്‍ക്കാറുണ്ട്. ഈ സാധ്യത ഇല്ലാതാക്കാനാണ് ഡോറുകള്‍ നിര്‍ബന്ധമാക്കുന്നത്.
കാറുകളിലുള്ളതിന് സമാനമായി സീറ്റ് ബെല്‍റ്റ് വരുന്നതോടെ അപകട സമയത്ത് ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കുമുണ്ടാകുന്ന ആഘാതം കുറയ്ക്കാനും സാധിക്കും. ഡോര്‍, സീറ്റ് ബെല്‍റ്റ് എന്നിവയ്ക്ക് പുറമേ ഇരട്ട ഹെഡ്ലാമ്പ്, ഡ്രൈവര്‍-പാസഞ്ചര്‍ സീറ്റുകള്‍ക്ക് കൃത്യമായ അളവ്, പിന്‍നിരയില്‍ യാത്രക്കാര്‍ക്ക് ആവശ്യത്തിന് ലെഗ് സ്പേസ് വേണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ വിജ്ഞാപനം കേന്ദ്ര ഗതാഗത മന്ത്രാലയം ഉടന്‍ പുറത്തിറക്കിയേക്കും.
Discussion about this post