തിരുവനന്തപുരം: അടുത്ത ഏപ്രില്‍ മുതല്‍ പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ (എച്ച്എസ്ആര്‍പി) നിര്‍ബന്ധമാക്കുന്നു. ഇതുസംബന്ധിച്ച് കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 2018 ഭേദഗതി വരുത്തി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കി. വാഹനം ഷോറൂമില്‍ നിന്നു പുറത്തിറക്കുമ്പോള്‍ തന്നെ അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ചു നല്‍കണം.
കൂടാതെ, തേര്‍ഡ് രജിസ്‌ട്രേഷന്‍ മാര്‍ക്ക്, വാഹനത്തില്‍ ഉപയോഗിക്കുന്ന ഇന്ധനം ഏതെന്ന് തിരിച്ചറിയുന്നതിനുള്ള നിറം എന്നിവയും നമ്പര്‍ പ്ലേറ്റില്‍ ഉണ്ടായിരിക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാറുകള്‍ അനുവദിക്കുകയാണെങ്കില്‍ പഴയ വാഹനങ്ങളിലും വാഹന ഡീലര്‍മാര്‍ക്ക് അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ചു നല്‍കാമെന്നും വിജ്ഞാപനത്തിലുണ്ട്. നിലവില്‍ ഡല്‍ഹി, ഗുജറാത്ത്, ബംഗാള്‍, അസം, മധ്യപ്രദേശ് തുടങ്ങിയ ചില സംസ്ഥാനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് സംവിധാനം നടപ്പാക്കിയിട്ടുണ്ട്. അലുമിനിയം പ്ലേറ്റില്‍ ക്രോമിയം ഉപയോഗിച്ച് ഹോളോഗ്രാഫ് രീതിയില്‍ അക്കങ്ങള്‍ എഴുതിയാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ തയാറാക്കുന്നത്.
പൊതു, സ്വകാര്യ, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇപ്പോഴുള്ള നമ്പര്‍പ്ലേറ്റ് നിറങ്ങള്‍ തന്നെ തുടരും. പഴയ വാഹനങ്ങള്‍ക്ക് പുതിയ നിബന്ധന ബാധകമല്ല. എന്നാല്‍, പഴയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ വേണമെന്നുള്ളവര്‍ക്ക് അവ ഘടിപ്പിക്കുകയുമാവാം. 2001 സെപ്റ്റംബറില്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഏര്‍പ്പെടുത്താന്‍ നിയമഭേദഗതി നടത്തിയിരുന്നു. എന്നാല്‍, ചുരുക്കം സംസ്ഥാനങ്ങളില്‍ മാത്രമാണ് പദ്ധതി നടപ്പായത്.
Discussion about this post