ഒറ്റ ചാര്‍ജില്‍ 470 കിമീ; ഹ്യൂണ്ടായുടെ കിടിലന്‍ മോഡല്‍ കോന ഇന്ത്യയിലേക്ക്

വാഹനം അടുത്തവര്‍ഷം അടുത്ത വര്‍ഷം മധ്യത്തോടെ ഇന്ത്യന്‍ നിരത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍

2030 ആകുമ്പോഴേക്കും രാജ്യത്തെ നിരത്തുകളില്‍ സമ്പൂര്‍ണ ഇലക്ട്രിക്ക് വാഹനങ്ങളെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി. ഇത് മുന്നില്‍കണ്ട് നിരവധി ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളാണ് ഇന്ത്യയിലേക്ക് തങ്ങളുടെ ഇലക്ട്രിക് വണ്ടിയുമായി എത്തുന്നത്. ഈ നിരയിലേക്കാണ് കോന എന്ന കിടിലന്‍ മോഡലുമായി ഹ്യൂണ്ടായി എത്തുന്നത്. വാഹനം അടുത്തവര്‍ഷം അടുത്ത വര്‍ഷം മധ്യത്തോടെ ഇന്ത്യന്‍ നിരത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ എംഡിയും സിഇഒയുമായ വൈകെ കൂ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇക്കൊല്ലം ജൂണില്‍ പെട്രോള്‍ മോഡലായി ലോക വിപണികളില്‍ ഇറങ്ങിയ കോന മിനി എസ്‌യുവിയുടെ ഇലക്ട്രിക് മോഡലാണ് ഇന്ത്യയിലെത്തുകയെന്നും ഭാവിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള സാധ്യത മനസ്സിലാക്കിയാണ് ഇന്ത്യയില്‍ ഈ തരംഗത്തിനു തുടക്കം കുറിക്കുന്നതെന്നും പ്രത്യേക അഭിമുഖത്തില്‍ കൂ വ്യക്തമാക്കി.

കോന ഇന്ത്യയില്‍ എത്തുന്നത് സ്റ്റാന്‍ഡേര്‍ഡ്, എക്‌സ്റ്റന്‍ഡ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റാന്‍ഡേര്‍ഡ് വകഭേദം ഒറ്റചാര്‍ജില്‍ 300 കിലോ മീറ്റര്‍ ദൂരവും എക്‌സ്റ്റന്‍ഡ് 470 കിലോ മീറ്റര്‍ ദൂരം ഒറ്റചാര്‍ജില്‍ സഞ്ചരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. സാധാരണ എസ്‌യുവികളുടെ രൂപഭാവങ്ങളാണ് കോനയും പിന്തുടരുന്നത്. ഗ്രില്ലിന്റെ ഡിസൈന്‍ അല്‍പം വ്യത്യസ്തമാണ്. മുന്‍വശത്താണ് ചാര്‍ജിങ് സോക്കറ്റ് നല്‍കിയിരിക്കുന്നത്.

സ്റ്റാന്‍ഡേര്‍ഡ് കോനയില്‍ 39.2 കെഡബ്ല്യൂഎച്ച് ബാറ്ററിയും 99 കെഡ്ബ്ല്യൂ ഇലക്ട്രിക് മോട്ടോറുമാണ് കരുത്തുപകരുന്നത്. ഒമ്പത് സെക്കന്‍ഡ് കൊണ്ട് വാഹനം പൂജ്യത്തില്‍ നിന്നും 60 എംപിഎച്ച് വേഗതയിലെത്തും. ആറ് മണിക്കൂര്‍ കൊണ്ട് സ്റ്റാന്‍ഡേര്‍ഡ് കോന ഫുള്‍ചാര്‍ജാവും.

Exit mobile version