ന്യൂഡൽഹി: 2019 നവംബറിലെ വാഹന വിൽപ്പന കണക്കുകൾ പുറത്ത്. ഈ റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഇരുചക്ര വാഹന വിപണിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പത്തു ശതമാനത്തിലേറെ ഇടിവാണ് ഇരുചക്ര വാഹന വിപണിക്ക് ഉണ്ടായിരിക്കുന്നത്.
സുസുക്കി മോട്ടോർ സൈക്കിൾസ് ഒഴിച്ചുള്ള ഇരുചക്ര വാഹന കമ്പനികൾക്കാണ് കനത്ത നഷ്ടം. മിക്ക കമ്പനികൾക്കും വിൽപ്പന ഇടിഞ്ഞപ്പോൾ സുസുക്കിക്ക് മാത്രം 15 ശതമാനം വർധനവ് വിൽപ്പനയിൽ ഉണ്ടായതായാണ് റിപ്പോർട്ട്. ഹീറോ മോട്ടോ കോർപിന്റെ വിൽപ്പന 16 ശതമാനം ഇടിഞ്ഞു. ഹോണ്ടയുടെ വിൽപ്പന 3.94 ലക്ഷത്തിൽനിന്ന് അഞ്ചുശതമാനം കുറഞ്ഞ് 3.73 ലക്ഷമാവുകയും ചെയ്തു.
വിപണിയിലെ താരമായ റോയൽ എൻഫീൽഡിന്റെ വിൽപ്പനയിലും ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. 10 ശതമാനമാണ് എൻഫീൽഡിന്റെ ഇടിവ്. ടിവിഎസ് മോട്ടോഴ്‌സിന്റെ വിൽപ്പന 26.5 ശതമാനം കുറഞ്ഞ് 1.91 ലക്ഷമായി. ബജാജ് ഓട്ടോയുടേത് 2.05 ലക്ഷത്തിൽ നിന്നും 14 ശതമാനം കുറഞ്ഞ് 1.76 ലക്ഷമായി.