വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ ബുദ്ധദേബ് ദാസ്ഗുപ്ത അന്തരിച്ചു

Buddhadeb Dasgupta | Bignewslive

കൊല്‍ക്കത്ത : വിഖ്യാത ബംഗാളി ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തും കവിയുമായ ബുദ്ധദേവ് ദാസ്ഗുപ്ത(77) അന്തരിച്ചു. കൊല്‍ക്കത്തയിലെ വസതിയില്‍ ഇന്ന് പുലര്‍ച്ചെ ആറിനായിരുന്നു അന്ത്യം.

ഏറെ നാളായി കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളാല്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം ഒന്നരവര്‍ഷത്തോളമായി ഡയാലിസിസ് നടത്തിവരികയായിരുന്നു. ഇന്ന് ഡയാലിസിസ് ചെയ്യേണ്ട ദിവസമായിരുന്നതിനാല്‍ ആശുപത്രിയില്‍ പോകാനിരിക്കേയായിരുന്നു മരണം.
ചലച്ചിത്രമേഖലയിലും സാഹിത്യത്തിലും ഒരുപോലെ പേരുകേട്ട ആളായിരുന്നു ബുദ്ധദേവ് ദാസ്ഗുപ്ത. ഇദ്ദേഹത്തിന്റെ അഞ്ച് ചിത്രങ്ങള്‍ മികച്ച സിനിമയ്ക്കുള്ള ദേസീയ പുരസ്‌കാരം നേടിയിട്ടുണ്ട്.

ബാഗ് ബഹാദൂര്‍ (1989), ചരച്ചാര്‍ (1993),ലാല്‍ ദര്‍ജ (1997), മോണ്ടോ മേയര്‍ ഉപാഖ്യാന്‍(2002), കല്‍പുരുഷ് (2008) എന്നിവയ്ക്കാണ് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. ഉത്തര (2000), സ്വപ്‌നെര്‍ ദിന്‍ (2005) എന്നീ ചലച്ചിത്രങ്ങളിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരവും ഇദ്ദേഹത്തെ തേടിയെത്തി. 1988ലും 1994ലും ബെല്‍ലിന്‍ ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ ബെര്‍ലിന്‍ ബെയര്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. സ്‌പെയിന്‍ ഇന്റര്‍നാഷണല്‍ ചലച്ചിത്രമേളയില്‍ ലൈഫ് ദൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും ലഭിച്ചു.

ഗൗതം ഘോഷ്, അപര്‍ണ സെന്‍ എന്നിവര്‍ക്കൊപ്പം 1980-1990 കാലഘട്ടത്തില്‍ ബംഗാളിലെ സമാന്തര സിനിമാ പ്രസ്ഥാനത്തിന്റെ പതാകവാഹകനായിരുന്നു ഇദ്ദേഹം.ഗോവിര്‍ അരാലെ, കോഫിന്‍ കിംബ സ്യൂട്ട്‌കേസ്, ശ്രേഷ്ഠ കബിത, ഭോംബോലേര്‍ ആശ്ചര്യ കാഹിനി ഒ അനന്യ കബിത എന്നിവയാണ് ഇദ്ദേഹത്തിന്റെ പേര് കേട്ട കവിതകള്‍. 2018ല്‍ പുറത്തിറങ്ങിയ ഊരോജഹാജ് ആണ് അവസാനത്തെ ചിത്രം.

Exit mobile version