ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീത വിദുഷിയും പണ്ഡിറ്റ് രവിശങ്കറിന്റെ ആദ്യഭാര്യയുമായ അന്നപൂര്‍ണ്ണാ ദേവി (രോഷ്‌നാരാ ഖാന്‍) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 3.51നായിരുന്നു അന്ത്യം. 91 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അവര്‍. ഇന്ത്യയിലെ പ്രശസ്തയായ സുര്‍ബഹാര്‍ (ബേസ് സിത്താര്‍) വാദ്യ വിദഗ്ധയായിരുന്നു. മുഖശംഖ് ഉള്‍പ്പെടെ ഇരുപത്തിനാലോളം വാദ്യോപകരണങ്ങളിലും ഇവര്‍ക്ക് പ്രാവീണ്യമുണ്ടായിരുന്നു.
1927 ഏപ്രില്‍ 23 ന് ഉസ്താദ് അലാവുദ്ദീന്‍ ഖാന്റെ മകളായി മയ്ഹാറിലാണ് അന്നപൂര്‍ണാ ദേവി ജനിച്ചത്. അന്നപൂര്‍ണാ ദേവിയുടെ ആദ്യ പേര് റോഷനാരാഖാന്‍ എന്നായിരുന്നു.സേനിയ മെയ്ഹാര്‍ഖരാനയിലെ വിഖ്യാത സംഗീതജ്ഞനായിരുന്ന അന്നപൂര്‍ണയുടെ പിതാവ് ഉസ്താദ് അലാവുദ്ദീന്‍ ഖാന്‍ രാജകൊട്ടാരത്തിലെ സംഗീതജ്ഞനായിരുന്നു. ഉസ്താദിന്റെ മൂന്നു പെണ്‍കുട്ടികളില്‍ (ജഹനാര, ശാരിജ, റോഷനാരാ) ഏറ്റവും ഇളയവളായിരുന്നു അന്നപൂര്‍ണ. ശാരിജ കുട്ടിക്കാലത്തേ മരിച്ചു പോയി. വിവാഹിതയായ ജഹനാരയ്ക്ക് ഭര്‍ത്തൃഗൃഹത്തില്‍ തന്റെ സംഗീതത്തെ ചൊല്ലി ക്രൂര പീഡനങ്ങളേറ്റു വാങ്ങേണ്ടി വന്നു. ഭര്‍ത്തൃമാതാവ് ജഹനാരയുടെ തംബുരു കത്തിച്ചുകളഞ്ഞതറിഞ്ഞ ഉസ്താദ്, റോഷനാരയെ സംഗീതം പഠിപ്പിക്കേണ്ടതില്ലെന്നു വിചാരിച്ചെങ്കിലും സഹോദരനായ അലി അക്ബാര്‍ഖാനെ സംഗീതം പഠിപ്പിക്കുന്നത് യാദൃച്ഛികമായി കാണാനിടയായ അദ്ദേഹം മനം മാറി അവര്‍ക്ക് ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലും സിത്താറിലും സുര്‍ബഹാറിലും പരിശീലനം നല്‍കി.
പതിന്നാലാം വയസ്സില്‍ റോഷനാരാ മതം മാറി ഹിന്ദുവായി. ശേഷം ഉസ്താദിന്റെ ശിഷ്യനായിരുന്ന രവിശങ്കറിനെ വിവാഹം കഴിച്ചു. ഇരുപതു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം 1962ല്‍ ഇവര്‍ പിരിഞ്ഞു. പിന്നീട് അമ്പത്തിയഞ്ചാമത്തെ വയസ്സില്‍ നാല്‍പ്പത്തിരണ്ടുകാരന്‍ സിത്താര്‍ സംഗീതജ്ഞന്‍ രൂഷികുമാര്‍ പാണ്ഡ്യയുമായുള്ള വിവാഹം. 2013ല്‍ അദ്ദേഹം അന്തരിച്ചു. ബാന്‍സുരി വാദകരായ ഹരിപ്രസാദ് ചൗരസ്യയും നിത്യാനന്ദ് ഹാല്‍ഡിപ്പൂരും അടക്കം നിരവധി പ്രസിദ്ധ ശിഷ്യരുണ്ട്