ആര്‍ട്ടിസ്റ്റ് നിഖില്‍ വര്‍ണ്ണയുടെ ജൂട്ട് മെഹന്ദി ചിത്രപ്രദര്‍ശനം 'സ്പര്‍ശം' ശ്രദ്ധേയമാകുന്നു

artist Nikhil Varna',Jute Mehndi show

തൃശ്ശൂര്‍: ചിത്രകാരന്‍ നിഖില്‍ വര്‍ണ്ണയുടെ ജൂട്ട് മെഹന്ദി ചിത്രപ്രദര്‍ശനം 'സ്പര്‍ശം' ജനശ്രദ്ധയോടെ ലളിതകലാ അക്കാദമിയില്‍ പുരോഗമിക്കുന്നു. ഏപ്രില്‍ 2 തിങ്കളാഴ്ച വൈകിട്ട് തൃശ്ശൂര്‍ സബ് കളക്ടര്‍ ഡോ.രേണുരാജ്, നടന്‍ ജയരാജ് വാര്യര്‍, ജ്യേതിര്‍ഗമയ ഫൗണ്ടേഷന്‍ സ്ഥാപക ടിഫാനി ബ്രാര്‍ എന്നിവര്‍ സംയുക്തമായി ഉദ്ഘാടനം ചെയ്ത പ്രദര്‍ശനം ഏറെ ജനശ്രദ്ധയാകര്‍ഷിച്ചാണ് മുന്നേറുന്നത്.

നടി ഗായത്രി സുരേഷ്, പിന്നണി ഗായകന്‍ അനൂപ് ശങ്കര്‍, നര്‍ത്തകി ശ്രീലക്ഷ്മി ഗോവര്‍ധന്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാഥിതികള്‍ ആയിരുന്നു.

 സാംസാകാരിക നഗരിയെ മൈലാഞ്ചി ചിത്രങ്ങള്‍കൊണ്ട് വര്‍ണ്ണാഭമാക്കിയ പ്രദര്‍ശനം ഇന്ന് വൈകിട്ടോടെ അവസാനിക്കും. സാധാരണ പ്രദര്‍ശനങ്ങളില്‍ നിന്നും വ്യത്യസ്താമായി കാഴ്ചയില്ലാത്തവര്‍ക്കും ആസ്വാദ്യകരമായ 'സ്പര്‍ശം' കാണുന്നതിനായി ആയിരങ്ങളാണ് ലളിതകലാ അക്കാദമിയിലേക്ക് ഒഴുകിയെത്തുന്നത്.

ചാക്ക് കാന്‍വാസില്‍ മൈലാഞ്ചി കോണ്‍ ഉപയോഗിച്ച് വരച്ച എണ്‍പത് ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പ്രദര്‍ശനത്തില്‍ നിന്നും കിട്ടുന്ന വരുമാനം അന്ധവിദ്യാര്‍ത്ഥികളുടെ പഠനത്തിന് ഉപയോഗിക്കാമെന്ന മഹത്തായ ലക്ഷ്യവുമായാണ് ചിത്രകാരന്‍ നിഖില്‍ വര്‍ണ്ണ യുടെ സ്പര്‍ശം ജനങ്ങളിലേക്കെത്തിയത്.

ചിത്രകല കണ്ണുള്ളവന് മാത്രം സ്വന്തമാണെന്ന സങ്കല്‍പത്തില്‍ നിന്നും മാറി വിരലുകള്‍ കണ്ണുകളായി മാറുന്ന പുതിയ ചിത്രഭാഷയാണ് സ്പര്‍ശം. ഇരുട്ടില്‍ വെളിച്ചത്തെ കണ്ടെത്തുന്നത്‌പോലെ ശ്രമകരമായ ഈ ദൗത്യം ജീവിതം ഇരുട്ടില്‍ മൂടിയവര്‍ക്ക് സ്‌നേഹത്തിന്റെ സ്പര്‍ശമാവുകയാണ്. തൊട്ടുനോക്കിയാല്‍ അന്ധര്‍ക്കും കാണാവുന്ന ചിത്രങ്ങണിത്. ചിത്രങ്ങള്‍ക്ക് ചിത്രകാരന്‍ തന്നെ നല്‍കിയ പേരാണ് സ്പര്‍ശം.

ഏപ്രില്‍ ഒന്നിന് ലളിതകലാ ആക്കാദമിയില്‍ തുടങ്ങിയ ചിത്രപ്രദര്‍ശനം ഇന്ന് അവസാനിക്കും. എണ്‍പതോളം ചിത്രങ്ങളുള്ള പ്രദര്‍ശനത്തില്‍ ഭാരതീയ നൃത്ത വാദ്യ രൂപങ്ങളാണ് ഉള്‍കൊള്ളിച്ചിരിക്കുന്നത്. കേരളത്തിലെ തെയ്യം, തിറ, മുടിയേറ്റ്, കൂടിയാട്ടം, കേരളനടനം, ചാക്യാര്‍ക്കൂത്ത്, പടയണി, മയിലാട്ടം തുടങ്ങിയവയും ഇതര സംസ്ഥാനങ്ങളിലെ നൃത്തരൂപങ്ങളായ ഗൂമര്‍, കല്‍വേലിയ, ഭരതനാട്യം, ബിഹു, യക്ഷഗാനം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചിത്രപ്രദര്‍ശനത്തില്‍ ചിത്രങ്ങള്‍ എല്ലാവര്‍ക്കും തൊട്ടുനോക്കാം. അന്ധര്‍ക്ക് ഓരോ നൃത്തരൂപത്തിന്റേയും സവിശേഷതകള്‍ സ്പര്‍ശിച്ചറിയാം. രണ്ടാഴ്ച മുന്‍പ് തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിലെ അന്ധവിദ്യാര്‍ത്ഥികള്‍ക്കായി സ്പര്‍ശം ചിത്രപ്രദര്‍ശനം ഒരുക്കിയിരുന്നു. പാഠഭാഗങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് കേട്ട് പഠിക്കുവാന്‍ ഓഡിയോ റെക്കോര്‍ഡുകള്‍ വാങ്ങിക്കാനും മറ്റും കഴിവില്ലാത്തവരെ സഹായിക്കാനാണ് പ്രദര്‍ശനം നടത്തുന്നത്. ആസ്വാദകരില്‍ നിന്നും കിട്ടുന്ന തുക മുഴുവനായി അന്ധവിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തും.

കേരളവര്‍മ്മ കോളേജില്‍ നടത്തിയ ചിത്രപ്രദര്‍ശനത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പൊതുജനങ്ങള്‍ക്കായി 'സ്പര്‍ശം' ഒരുക്കിയിരിക്കുന്നത്. പ്രദര്‍ശനത്തിന്റെ അവസാന ദിവസമായ നാലാം തീയതി ചിത്രങ്ങള്‍ വില്‍ക്കാനാണ് ചിത്രകാരന്‍ തീരിമാനിച്ചിരിക്കുന്നത്. വില്‍പ്പനയില്‍ നിന്നും കിട്ടുന്ന തുകയും അന്ധവിദ്യാര്‍ത്ഥികള്‍ക്കായി ഉപയോഗിക്കുമെന്ന് ചിത്രകാരന്‍ നിഖില്‍ വര്‍ണ്ണ പറയുന്നു.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)