അഭിനയത്തിന്റെ രസതന്ത്രം ഉള്ളിലേക്കാവാഹിച്ച പ്രതിഭ മുരളി ഓര്‍മ്മയായിട്ട് ഏഴ്‌വര്‍ഷം

policeman attacks two wheeler traveler, cm pinarayi vijayan
അരികില്‍ നീയുണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍ ഒരുമാത്ര വെറുതെ നിനച്ചുപോയ്... അഭിനയത്തെ സപര്യയാക്കിയ കലാകാരന്‍ മുരളിയ്ക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിക്കാന്‍ ഈ വരികള്‍ മാത്രംമതി. മലയാളസിനിമാപ്രേക്ഷകര്‍ മുഴുവന്‍ ആഗ്രഹിക്കുന്നു മുരളി ഉണ്ടായിരുന്നെങ്കില്‍ എന്ന്... മലയാളത്തിന്റെ അതുല്യപ്രതിഭ മുരളി അന്തരിച്ചിട്ട് ഇന്നേക്ക് ഏഴുവര്‍ഷമാകുന്നു. murali1954 മെയ് 25-ന് കൊല്ലം ജില്ലയിലെ കുടവട്ടൂരിലാണ് മുരളിയുടെ ജനനം. സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ നാടകരംഗത്തെത്തി. എല്‍ഡി ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ചെങ്കിലും അദ്ദേഹം നാടകം കൈവിട്ടില്ല. തിരുവനന്തപുരത്തെ പ്രശസ്തമായ നാട്യഗൃഹം നാടക്കക്കളരി മുരളിയുടെ കൂടി ശ്രമഫലമായാണ് സ്ഥാപിക്കപ്പെട്ടത്. അഭിനയത്തിന്റെ രസതന്ത്രം ഉള്ളിലേക്കാവാഹിച്ച് അഭിനയത്തെ സപര്യയാക്കിയ കലാകാരന്‍. ഇടതുപക്ഷ ചിന്തകളുടെ വീറും വാശിയും കഥാപാത്രങ്ങളില്‍ ഉള്‍ക്കൊള്ളിച്ച് മുരളി നിരവധി ചിത്രങ്ങളില്‍ ഇടത് സഹയാത്രികന്റെ വേഷത്തില്‍ നാട്യങ്ങളേതുമില്ലാതെ തിളങ്ങി. പരുക്കന്‍ മുഖഭാവത്തില്‍ ഒരു നായകന്റെ ലോലഭാവങ്ങളില്ലാതിരുന്നിട്ടു പോലും ശക്തമായ കഥാപാത്രങ്ങളിലൂടെ മുരളി ജനഹൃദയങ്ങളില്‍ ഇടം പിടിച്ചു. നായകനായും വില്ലനായും സഹകഥാപാത്രമായും രണ്ടു പതിറ്റാണ്ടിലേറെ തിരശീലയില്‍ തിളങ്ങിനിന്നു. murali-1 1979ല്‍ ഭരത് ഗോപി സംവിധാനം ചെയ്ത 'ഞാറ്റടി' എന്ന ചിത്രത്തിലൂടെയാണ് മുരളി ചലച്ചിത്ര രംഗത്ത് എത്തുന്നത്. ഇടതുപക്ഷ ചിന്താഗതിയുള്ള രഘുവെന്ന കഥാപാത്രത്തെ അനശ്വരമാക്കിയെങ്കിലും ചിത്രം വെളിച്ചം കണ്ടില്ല. തീവ്രവാദ സിനിമ എന്ന് മുദ്രകുത്തി ചിത്രത്തെ സെന്‍സര്‍ ബോര്‍ഡ് നിരോധിച്ചു. പിന്നീട് ചില ചെറിയ വേഷങ്ങള്‍ ചെയ്തെങ്കിലും ഹരിഹരന്‍ സംവിധാനം ചെയ്ത പഞ്ചാഗ്‌നിയാണ് മുരളിയെ ശ്രദ്ധേയനാക്കിയത്. അമരത്തിലെ കൊച്ചുരാമനിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം അദ്ദേഹം സ്വന്തമാക്കി. വില്ലനായാണ് ചലച്ചിത്രലോകത്ത് ചുവടുറപ്പിച്ചതെങ്കിലും പിന്നീട് ക്യാരക്ടര്‍ റോളുകളും മുരളിയെന്ന നടനെ തേടിയെത്തി. ദശരഥം, അര്‍ത്ഥം, കുട്ടേട്ടന്‍, ലാല്‍ സലാം, ഏയ് ഓട്ടോ, കിഴക്കുണരും പക്ഷി, കേളി, ധനം, അമരം, ചമ്പക്കുളം തച്ചന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലും മുരളി മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറി. murali-2 1992 ല്‍ പുറത്തിറങ്ങിയ ആധാരം ആദ്ദേഹത്തെ മികച്ച നടനാക്കി. നെയ്ത്തുകാരനിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും അദ്ദേഹം നേടി. അമരത്തിലെ കൊച്ചു രാമനിലൂടെ മികച്ച സഹനടനുള്ള പുരസ്‌കാരം മുരളിയെ തേടിയെത്തിയിരുന്നു. വെങ്കലം, ആധാരം വളയം, ചമയം എന്നിങ്ങനെ പ്രതിഭ മാറ്റുരച്ച കഥാപാത്രങ്ങള്‍. പ്രിയനന്ദന്റെ പുലിജന്മത്തിലെ കഥാപാത്രവും ഏറെ പ്രശംസകള്‍ പിടിച്ചുപറ്റി. പിന്നീട് ചമയം, പ്രായിക്കര പാപ്പാന്‍, കാരുണ്യം, പത്രം, ഗര്‍ഷോം, നിഴല്‍ക്കുത്ത്, അരനാഴികനേരം, പുലിജന്മം തുടങ്ങി ചിത്രങ്ങളിലൂടെ മലയാള സിനിമയ്ക്കും മലയാള സിനിമാ പ്രേക്ഷകനും മറക്കാനാവാത്ത എത്രയെത്ര കഥാപാത്രങ്ങള്‍. കാണാക്കിനാവ് (1996), താലോലം (1998) എന്നീ ചിത്രങ്ങളിലൂടെ മുരളി വീണ്ടും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡുകള്‍ നേടി. 2001ല്‍ പുറത്തിറങ്ങിയ പ്രിയനന്ദനന്റെ 'നെയ്ത്തുകാരന്‍' എന്ന ചിത്രം മുരളിയുടെ അഭിനയ മികവിന് മികച്ച നടനുള്ള ദേശീയ അംഗീകാരം നേടിക്കൊടുത്തു. ദേശീയ പുരസ്‌കാരത്തിനു പുറമേ സംസ്ഥാന പുരസ്‌ക്കാരവും നെയ്ത്തുകാരനിലെ അപ്പ മേസ്തിരിയെ തേടിയെത്തി. വീരാളിപ്പട്ട്, പ്രണയകാലം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് 2007-ല്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹനടനുള്ള പുരസ്‌കാരം വീണ്ടും മുരളിയ്ക്ക് ലഭിച്ചു. murali-3 മലയാളത്തിനുപുറമേ തമിഴ്, ഹിന്ദി ചിത്രങ്ങളിലും മുരളി ശക്തമായ വേഷങ്ങള്‍ ചെയ്തു. പഠനകാലം മുതല്‍ക്കേ വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാട് സൂക്ഷിച്ചിരുന്ന മുരളി 1999ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി ആലപ്പുഴയില്‍ മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. സാഹിത്യത്തിലും ആ പ്രതിഭ പതിഞ്ഞു. അഞ്ച് പുസ്തകങ്ങള്‍ മുരളിയുടേതായി പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതില്‍ 'അഭിനേതാവും ആശാന്റെ കവിതയും' എന്ന പുസ്തകത്തിന് സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചു. കേരള സംഗീതനാടക അക്കാദമി ചെയര്‍മാന്‍ ആയിരിക്കെ 2009 ആഗസ്റ്റ് 6 നാണ് മുരളി വെള്ളിവെളിച്ചത്തിന്റെ അകമ്പടിയില്ലാതെ യാത്രയായത്. സിനിമയില്‍ ഒരിക്കലും പകരം വെക്കാനാവാത്ത നഷ്ടമായി മുരളി കാലത്തിനപ്പുറത്തേക്ക് യാത്രപറഞ്ഞു. മറവിയിലേക്ക് മറയാന്‍ മടിച്ച് മുരളി ഇന്നും ആസ്വാദകമനസ്സില്‍ അനശ്വരനാകുന്നു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)