ഓര്‍മ്മയിലെ ആ ടാസ്‌കി വിളി

നാടകത്തിന് കര്‍ട്ടന്‍ കെട്ടാന്‍ പോയി നാടക നടനും, പിന്നീട് മലയാളസിനിമയിലെ പകരം വയ്ക്കാനില്ലാത്ത ഹാസ്യ നടനുമായി മാറിയതാണ് കുതിരവട്ടം പപ്പുവിന്റെ ജീവിതകഥ. ആരും മറക്കാനിഷ്ടപ്പെടാത്ത ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ആ കലാകാരന്‍ ഓര്‍മ്മയായിട്ട് 2016ഫെബ്രുവരി25ന് 16 വര്‍ഷം പൂര്‍ത്തിയാവുന്നു. 'താനാരാണെന്ന് തനിക്കറിയാന്‍ മേലെങ്കില്‍ താന്‍ എന്നോട് ചോദിക്ക് താന്‍ ആരാണെന്ന് ഞാന്‍ പറഞ്ഞു തരാം താന്‍ ആരാണെന്ന്. ഇനി ഞാന്‍ ആരാണെന്ന് എനിക്ക് അറിയാന്‍ വയ്യെങ്കില്‍ ഞാന്‍ എന്നോട് ചോദിക്കാം ഞാന്‍ ആരാണെന്ന്'...കാലം എത്ര കഴിഞ്ഞാലും ഈയൊരു ഡയലോഗ് മതി പപ്പു പ്രേക്ഷക ഹൃദയങ്ങളില്‍ ജീവിച്ചിരിക്കാന്‍.. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തേന്മാവിന്‍ കൊമ്പത്തു എന്ന ചിത്രത്തില്‍ മദ്യ ലഹരിയില്‍ പപ്പു മോഹന്‍ലാലിനോട് പറയുന്ന തമാശ രംഗങ്ങളിലും സിനിമയിലുമായി എത്ര തവണ മലയാളി കണ്ടിരിക്കാം. പപ്പുവിലെ സ്വഭാവ നടനെ തിരിച്ചറിയാന്‍ അധികം കഥാപാത്രങ്ങളെ ഒന്നും പ്രേക്ഷകര്‍ക്ക് ആവശ്യമില്ല .1980 ല്‍ പുറത്തിറങ്ങിയ അങ്ങാടിയിലെ പാവാട വേണം എന്ന ഗാനവും അത് അവതരിപ്പിക്കുന്ന കഥാപാത്രവും ഇന്നും ജനമനസ്സില്‍ ജീവിച്ചിരിക്കുന്നതിനു ഏക അവകാശി ആ മഹാ നടന്‍ തന്നെ. 1986 ലെ വാര്‍ത്ത, കിംഗ് മുതലായ സിനിമകളിലെ കഥാപാത്രവും ആ സ്വഭാവനടന്റെ സ്വാഭാവിക അഭിനയത്തിന് സാക്ഷ്യ പത്രങ്ങളാണ്. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന ചിത്രത്തിലെ കഥാപാത്രമാണ് പപ്പുവിന്റെ മികച്ച കഥാപാത്രം എന്ന് പലരും ചൂണ്ടി കാട്ടുന്നു. ആള്‍ക്കാരെ മരിപ്പിക്കാന്‍ നടക്കുന്ന നാട്ടിന്പുരത്തുകാരനായ കഥാപാത്രം. നാലും പക്കവും നോക്കി കിടപ്പായ ആള്‍ മരിക്കുമോ എന്ന് ഉറപ്പിക്കുന്നു. മരണാനന്തര കര്‍മങ്ങള്‍ ചെയ്യിപ്പിക്കുന്നു. ആരോരുമില്ലാതെ താന്‍ മരിച്ചാല്‍ ആരുണ്ടാകും എന്നതാണ്. സിനിമയിലൂടെ ജീവിത യാഥാര്‍ത്ഥ്യം അനാവരണം ചെയ്യപ്പെടുകയാണ് കുതിരവട്ടം പപ്പു എന്ന നടനിലൂടെ. ഒരു നിമിഷം ആ കഥാപാത്രം താന്‍ തന്നെയാണോ എന്ന് പ്രേക്ഷകന് സംശയുമുണ്ടാകുന്നു. ഒരു തുള്ളി കണ്ണുനീര്‍ ഇറ്റു വീഴുന്നു. അവിടെയാണ് നടന്‍ ജേതാവാകുന്നത്. വില കുറഞ്ഞ തമാശ രംഗങ്ങള്‍ ഒട്ടൊക്കെയുണ്ടെങ്കിലും പപ്പുവിനെ ഇന്ന് പ്രേക്ഷകര്‍ ആദരവോടെ നോക്കി കാണുന്നത് വെറുമൊരു കൊമേഡിയനായല്ല. ടാസ്‌കി വിളിയെടോ എന്നാ തേന്മാവിന്‍ കൊമ്പത്തിലെ ഡയലോഗ് മണിച്ചിത്രത്താഴിലെ വെളിച്ചപ്പാടിനെ ആര്‍ക്കു മറക്കാന്‍ പറ്റും? ഇപ്പ ശരിയാക്കി തരാമെന്ന പപ്പുവിന്റെ ടയലോഗ് മലയാളികള്‍ എല്ലാവരും സാധാരണയായി ഉപയോഗിച്ച് കഴിഞ്ഞു എന്നത് ആ നടന്‍ എത്ര ആഴത്തില്‍ ആസ്വാദകരുടെ ബോധ മനസ്സിനെ സ്വാധീനിച്ചു എന്നതിന് തെളിവാണ്. 1936ല്‍ ഫറോക്കില്‍ ജനിച്ച പപ്പു പിന്നീടാണ് കുതിരവട്ടത്തേക്ക് താമസം മാറ്റിയത്. പനങ്ങോട്ട് രാമനും ദേവിയുമാണ് മാതാപിതാക്കള്‍. പത്മദളാക്ഷന് കഷ്ടപ്പാടിന്റേതും അലച്ചിലിന്റേതുമായിരുന്നു ചെറുപ്പകാലം. കോഴിക്കോട് സെന്റ് ആന്റണീസില്‍ പഠിക്കുന്നകാലം. സമപ്രായക്കാരായ കുറെ ചങ്ങാതിമാരോടൊപ്പം പപ്പുവും നാടകക്കളരിയിലെത്തി. പതിനേഴാമത്തെ വയസ്സില്‍. ഒട്ടേറെത്തവണ അവതരിപ്പിച്ച കുപ്പയിലൂടെ എന്ന നാടകമാണ് പപ്പുവിന്റെ അഭിനയ സിദ്ധിയും. തയ്യാറെടുപ്പൊന്നുമില്ലാതെ തത്സമയം തമാശ അഭിനയിക്കാനുള്ള കഴിവും സഹൃദയര്‍ക്കു മുന്നില്‍ തെളിയിച്ചത്. അക്കാത്ത് പപ്പു, കുഞ്ഞാവ, നെല്ലിക്കോട് ഭാസ്‌കരന്‍ തുടങ്ങിയര്‍ ചേര്‍ന്ന് പൊറാട്ട് നാടകങ്ങളും തത്സമയ നാടകങ്ങളും അവതരിപ്പിച്ച് കാണികളെ ചിരിപ്പിച്ചു പോന്നു. ഉമ്മര്‍, വാസുപ്രദീപ്, ബാലന്‍ കെ നായര്‍, കുഞ്ഞാണ്ടി എന്നിവരുടെ കൂടെയെല്ലാം നാടകങ്ങളില്‍ പപ്പുവും ഉണ്ട്. പിന്നീട് മലയാളസിനിമയില്‍ മലബാറിന്റെ ഹാസ്യ സാന്നിധ്യമായിമാറുകയായിരുന്നു കുതിരവട്ടം പപ്പു. സാധരാണക്കാരന്റെ പ്രതിനിധിയായിരുന്നു പപ്പു; അത്തരം ആളുകളുകളുടെ നര്‍മ്മമായിരുന്നു അദ്ദേഹത്തിന്റേത്. കോഴിക്കോട്ടെ നാടക കളരിയില്‍ അഭ്യസിച്ച് വളര്‍ന്ന പപ്പു. കോഴിക്കോട്ടെ അമച്വര്‍ നാടകരംഗത്ത് 60 കളുടെ അവസാനം വരെ ഉണ്ടായിരുന്നു. 1963 ഇല്‍ മൂടുപടം എന്നാ സിനിമയിലാണ് ആദ്യമായ് മുഖം കാണിക്കുവാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചത്. രാമു കാര്യാട്ടും എ വിന്‍സന്റുമാണ് മുടിയനായ പുത്രന്‍ എന്ന നാടകത്തില്‍ നിന്ന് പപ്പുവിന്റെ പ്രതിഭ തിരിച്ചറിഞ്ഞു സിനിമയിലേക്ക് ക്ഷണിക്കുന്നത്. പിന്നീട് ഭാര്‍ഗവി നിലയത്തില്‍ അഭിനയിക്കാന്‍ എത്തുമ്പോഴാണ് ഇന്ന് ജന മനസ്സില്‍ ഇടാന്‍ നേടിയ കുതിരവട്ടം പപ്പു എന്ന പേര് അദ്ദേഹത്തിന് ലഭിക്കുന്നത്. ഭാര്‍ഗവി നിലയത്തിന്റെ സ്രഷ്ടാവായ സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീറാണ് അദ്ദേഹത്തിന് ഈ പേര് ചാര്‍ത്തി കൊടുത്തത്. ഓര്‍ത്തു വെക്കാന്‍ പാകത്തിലുള്ള ആദ്യത്തെ റോളും ഭാര്‍ഗവി നിലയത്തില്‍ തന്നെ. അവസാനം അഭിനയിച്ച നരസിംഹത്തില്‍ എത്തുമ്പോഴേക്കും കുതിരവട്ടം പപ്പു ഒരു ലെജന്‍ഡ് ആയ് മാറി കഴിഞ്ഞിരുന്നു. ആയിരത്തി ഒരുന്നൂറോളം സിനിമകളില്‍ അഭിനയിച്ച ആ മഹാപ്രതിഭ എന്താണ് ബാക്കി വെച്ച് പോയതെന്ന് ചോദിച്ചാല്‍ തനതായ കോഴിക്കോടന്‍ ശൈലിയിലുള്ള സംഭാഷണം, അതിനെ വെല്ലാണോ കിടപിടിക്കാണോ എന്തിനു ഒന്ന് മാറ്റുരച്ചു നോക്കാന്‍ നോക്കാന്‍ പോലുമോ ഈ ശൈലി സംസാരിക്കുന്ന ഒരു നടന്‍ ഇന്ന് വരെ മലയാളത്തില്‍ ഉണ്ടായിട്ടില്ല. മുപ്പത്തിആറു വര്‍ഷം നാടകത്തിലും സിനിമയിലും നിറഞ്ഞു നിന്ന് എങ്കിലും എക്കാലവും ഓര്‍മിക്കപ്പെടുന്ന കുറേ കഥാപാത്രങ്ങളും വില പിടിച്ചതായി കരുതിയ കുറെ സൗഹൃദങ്ങളും അല്ലാതെ നീക്കിയിരിപ്പായ് അധികം ഒന്നും ബാക്കി വെക്കാതെയായിരുന്നു അദ്ദേഹത്തിന്റെ കടന്നു പോക്ക്.

പപ്പു ഓര്‍മ്മയായിട്ട് ഇന്നേക്ക് 16 വര്‍ഷം

Posted by Big News on Thursday, February 25, 2016

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)