കോടീശ്വരരായ മാതാപിതാക്കള്‍, പഠനം ഐഐടിയില്‍, ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്ന ജോലി, എന്നിട്ടും കാര്‍ഷിക വൃത്തിയിലേക്ക് കടന്ന ചെറുപ്പക്കാരന്റെ കഥ ഇങ്ങനെ.....

stories,abhishek,farmer

കാണുന്നവര്‍ക്ക് തോന്നും ഈ ചെറുപ്പക്കാരന് വട്ടാണെന്ന്... കാരണം ഇവന്റെ പഠനം മദ്രാസ് ഐഐടിയില്‍, കോടീശ്വരരായ മാതാപിതാക്കള്‍. എന്നിട്ടും ബഹുരാഷ്ട്ര കമ്പനിയില്‍ ലക്ഷം ശമ്പളത്തിന്റെ ജോലി ഇവന്‍ ഉപേക്ഷിച്ചു. എന്നിട്ടോ...? അവന്‍ തെരഞ്ഞെടുത്തത് ഒരു കൃഷിക്കാരന്റെ ജീവിതം. എന്നാല്‍ കാശിന്റെ ധാരാളിത്തത്തില്‍ തോന്നിയ വെറും കൗതുകമല്ല അഭിഷേകിന്റെ കൃഷിയോടുള്ള ഇഷ്ടം എന്ന് മനസ്സിലാകുന്നതോടെ പലരും ആ യുവാവിന് സല്യൂട്ടടിച്ചു.

ജോലി ഉപേക്ഷിച്ചപ്പോള്‍ അഭിഷേകിനെ നോക്കി പുച്ഛിച്ചവര്‍ ഇന്ന് അവന്റെ വിജയത്തില്‍ സന്തോഷിക്കുന്നു. കൊല്‍ക്കത്തയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ മൂന്നേക്കര്‍ സ്ഥലം വാങ്ങി ജൈവകൃഷി നടത്തി വിജയിച്ചിരിക്കുകയാണ് അഭിഷേക്. ഭാവി തലമുറയ്ക്ക് പ്രചോദനമാണ് അഭിഷേകിന്റെ ജീവിതം എന്നതില്‍ ഇനി തര്‍ക്കമില്ലല്ലോ...

ബഹുരാഷ്ട്ര കമ്പനിയായ 'പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സില്‍' ആയിരുന്നു അഭിഷേകിന് ജോലി. 2010 ല്‍ ഐഐടിയില്‍ പഠിക്കുമ്പോഴാണ് വിദര്‍ഭയിലെ തുടരെയുള്ള കര്‍ഷക ആത്മഹത്യകള്‍ അഭിഷേകിന്റെ ശ്രദ്ധയില്‍ പെടുന്നത്. അത് അദ്ദേഹത്തെ വല്ലാതെ അസ്വസ്ഥനാക്കി. പഠന ശേഷം ജോലിക്ക് കയറിയ അഭിഷേകിനെ 2012ല്‍ 'പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ്' കമ്പനി ഒരു പ്രോജക്റ്റിനായി സൗദി അറേബ്യയിലേക്ക് വിട്ടു.

സൗദിയില്‍ എത്തിയെങ്കിലും നാട്ടിലെ കര്‍ഷക ദുരിതം മനസില്‍ നിന്ന് മാഞ്ഞില്ല. അവധിയെടുത്ത് നേരെ നാട്ടിലേക്ക് തിരിച്ചു. കൃഷി തുടങ്ങുക എന്നതായിരുന്നു ലക്ഷ്യം. ആദ്യ പടിയായി കൊല്‍ക്കത്തയിലെ കര്‍ഷകരുടെ അടുത്തെത്തി എന്താണ് അവര്‍ കൃഷിയില്‍ ചെയ്യുന്നത്, എന്താണ് അവരുടെ പ്രശ്‌നങ്ങള്‍ എന്നീ കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കി. ഈ പഠനത്തില്‍ മഹാരാഷ്ട്രയില്‍ നിന്ന് വ്യത്യസ്തമായി ബംഗാളില്‍ വെള്ളമുണ്ടെന്നും മണ്ണ് ഫലഭൂയിഷ്ടമാണെന്നും അദ്ദേഹം മനസ്സിലാക്കി. അപ്പോഴും തിടുക്കം കാട്ടിയില്ല.

2015 മാര്‍ച്ചില്‍ ഐഐടി ഖരഗ്പൂരിലെ പ്രഫസര്‍മാര്‍ നടത്തുന്ന ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ അംഗമായി, നാടന്‍ കൃഷി രീതികള്‍ പഠിക്കാന്‍ ഇന്ത്യ മുഴുവന്‍ സന്ദര്‍ശിച്ചു. അങ്ങനെയാണ് ജൈവകൃഷിയുടെ സാധ്യതകളെ പറ്റി മനസ്സിലാക്കുന്നത്. ട്രാക്ടറോടിക്കാനും ചാണകവും ഗോമൂത്രവും ഉപയോഗിച്ച് ജൈവവളമുണ്ടാക്കാനും ഇക്കാലയളവില്‍ പഠിച്ചു. ശേഷം മത്സ്യക്കൃഷി പരിശീലിക്കാന്‍ കൊല്‍ക്കത്ത സിഐഎഫ്ഇയിലും ആട് വളര്‍ത്തല്‍ പഠിക്കാന്‍ മഥുര സിഐആര്‍ജിയിലും എത്തി. അതോടെ സ്വന്തം കൃഷിയിടം ഒരുക്കാനുള്ള സമയമായി എന്നുറപ്പായി.

ശേഷം സ്വന്തം സ്ഥലം വാങ്ങി കൃഷിയും തുടങ്ങി. ഒമ്പതു മാസം കൊണ്ട് കാബേജ്, കോളിഫ്‌ളവര്‍, കാപ്‌സിക്കം, കുക്കുംബര്‍, ചീര, കടുക്, ചെറുപയര്‍ എന്നിവ വിളവെടുത്തു. ഗ്രാമത്തില്‍ ആദ്യമായി ഡെറാഡൂണ്‍ ബസ്മതിയും കൃഷി ചെയ്തു. മാവ്, വാഴ, പപ്പായ, മുരിങ്ങ, വെറ്റില, പ്ലാവ്, സപ്പോട്ട, ഓറഞ്ച്, നാരങ്ങ, പ്ലം, കശുവണ്ടി തുടങ്ങിയവയും തോട്ടത്തില്‍ വിളയിച്ചു. ഒപ്പം നാച്ചുറിസ്റ്റ എന്ന ബ്രാന്‍ഡില്‍ ഗോതമ്പ് പുല്ല്, അലോവേര, ചിറ്റമൃത്, നെല്ലിക്ക, തുളസി എന്നീ ആരോഗ്യ ഉല്‍പ്പന്നങ്ങളും അഭിഷേക് ഉണ്ടാക്കുന്നു.

വ്യക്തമായ കാഴ്ചപ്പാടുകളോടെ കൃഷിയിലേക്ക് ഇറങ്ങിയാല്‍ അതൊരു വട്ടാകില്ല എന്ന് ഈ ചെറുപ്പക്കാരന്റെ ജീവിത വിജയം തെളിയിക്കുന്നു.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)