തീവണ്ടി; പുകഞ്ഞു പോകുന്ന 'രാഷ്ട്രീയ' കാഴ്ച

Tovino Thomas ,new movie ,Theevandi's Review

നിധിന്‍ നാഥ് 2.5/ 5

ഈ വര്‍ഷത്തെ മലയാളത്തിലെ ഏറ്റവും പ്രതീക്ഷ ഉയര്‍ത്തിയ റിലീസുകളിലൊന്നാണ് ടോവിനോ തോമസ് നായകനാവുന്ന തീവണ്ടി. ആദ്യ പോസ്റ്റര്‍ മുതല്‍ വിവിധ തരത്തില്‍ ചര്‍ച്ചയായിരുന്നു സിനിമ. ഇതിവൃത്തതിന്റെ പ്രത്യേകതയില്‍ തുടങ്ങി ഹിറ്റ് ഗാനങ്ങള്‍ വരെ സിനിമയുടെ പ്രതീക്ഷ ഉയര്‍ത്തിയിരുന്നു. ചെയിന്‍ സ്മോക്കറായ ബിനീഷ്(ടോവിനോ) കഥയാണ് തീവണ്ടി.

അമ്മയുടെ മുലപാല്‍ കുടിക്കുന്നതിന് മുന്‍പ് സിഗരറ്റിന്റെ പുക എടുത്ത കുട്ടിയായാണ് ടോവിനോ കഥാപാത്രത്തിനെ നവാഗതനായ ഫെലിനി പ്രേക്ഷകന് പരിചയപ്പെടുത്തുന്നത്. നാട്ടിന്‍പ്പുറം പശ്ചാത്തലമായി കോമഡി ട്രാക്കില്‍ ഒരു പൊളിറ്റിക്കല്‍ സറ്റയറെന്നാണ് സിനിമയെ അണിയറക്കാര്‍ പരിചയപ്പെടുത്തുന്നത്. അണിയറ പ്രവര്‍ത്തകരുടെ സിനിമ പരിചരണത്തിനെ കുറിച്ച് പറഞ്ഞത് എത്ര ശരിയാണെന്നത് പരിശോധിക്കേണ്ടതാണ്.

തീവണ്ടിയന്ന വിളിപ്പേരുള്ള ചെറുപ്പക്കാരന്‍ ബിനീഷ് ദാമോദരന്‍, അവന്റെ കാമുകിയായ ദേവി(സംയുക്ത മേനോന്‍) ഇവരിലൂടെ തീവണ്ടി പുരോഗമിക്കുന്നത്. ആദ്യ പകുതിയിലെ മികച്ച കോമഡി മുഹൂര്‍ത്തങ്ങളാണ് സിനിമയുടെ ജീവന്‍. രണ്ടാം പകുതിയിലേക്ക് സിനിമ പ്രവേശിക്കുന്നതോടെ ആദ്യം തോന്നിയിരുന്ന തിരക്കഥയുടെ മികവ് പതുക്കെ നഷ്ടമാവുകയാണ്. വിനി വിശ്വലാലിന്റെ തിരക്കഥയിലെ കോമഡി സംഭാഷങ്ങള്‍ തിയ്യേറ്ററില്‍ പൊട്ടിചിരി ഉയര്‍ത്തുന്നതായിരുന്നു. രണ്ടാം പകുതിയില്‍ കോമഡി കളം വിട്ട ഇടത്തില്‍ വിരസതയാണ് കയറി വരുന്നത്.

തിരക്കഥയിലെ ചെറിയ പോരായ്മകളെ മറികടക്കുന്നത് നവാഗതനായ കൈലാസിന്റെ സംഗീത മികവാണ്. പ്രേക്ഷകരുടെ മികച്ച പിന്തുണ നേടിയ ഗാനങ്ങള്‍ക്കൊപ്പം സിനിമയെ ഹൃദമാക്കുന്നത് പശ്ചാത്തല സംഗീതത്തിന്റെ മികവാണ്. മലയാള സിനിമയില്‍ ഭാവിയില്‍ ശ്രദ്ധേയമാവുന്ന സംഭാവന നല്‍കാന്‍ കെല്‍പ്പുള്ള പേരാണ് കൈലാസ് എന്ന് തീവണ്ടിയിലെ ഗാനങ്ങള്‍ ഉറപ്പ് നല്‍കുന്നുണ്ട്.

ജീവതത്തില്‍ എല്ലാത്തിനെക്കാള്‍ ഉപരി സിഗരിറ്റിനെ സ്നേഹിക്കുന്ന ബിനീഷ് ദാമോദരന്‍ തന്റെ കൈയില്‍ ഭദ്രമാണെന്ന് ടോവിനോ തെളിക്കുന്നുണ്ട്. എല്ലാ പോരായ്മകള്‍ക്കപ്പുറം തീവണ്ടിയായി പ്രകടന മികവിനാല്‍ അടയാളപ്പെടുത്തുകയാണ് മലയാളത്തിന്റെ യുവ നടന്‍. ഹാസ്യ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്ന ടോവിനോ തന്റെ മികവിന്റെ ഗ്രാഫ് ഇനിയും ഉയര്‍ത്തുമെന്ന് സൂചന നല്‍കുന്നുണ്ട്. കേവലം സിനിമയുടെ വിഷയ തെരഞ്ഞെടുപ്പിലൂടെ മാത്രം മികവ് പ്രകടിപ്പിക്കുകയല്ല, മറിച്ച് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ നല്ല നടനായി മാറുന്നതെന്ന് തീവണ്ടി അടയാളപ്പെടുത്തുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥി മുതല്‍ ഉത്തരവാദിത്വ ബോധമില്ലാതെ നടക്കുന്ന യുവാവിനെ വരെ മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ചില മാനറിസങ്ങള്‍ ടോവിനോയെ യുവ നടന്‍മാരുടെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിലേക്ക് വഴിയൊരുക്കുന്നതാണ്.

ആദ്യ സിനിമയുടെ പതര്‍ച്ചയില്ലാതെ 'തീവണ്ടി'യുടെ ദേവിയായി നല്ല തുടക്കമാണ് സംയുക്ത മേനോന്റെത്. ചില രംഗങ്ങളില്‍ പ്രേക്ഷകന്റെ ഹൃദയത്തില്‍ സ്ഥാനം പിടിക്കുന്നുണ്ട് ദേവി. കാമുകന് മുന്നില്‍ കീഴടങ്ങുന്ന കാമുകിമാരായ നായികമാരെ കണ്ട് ശീലിച്ച മലയാള സിനിമയില്‍ അതിലൊരു മാറ്റമാണ് സംയുക്തയുടെ കഥാപാത്രം. നിലപാടുള്ള നായകനെ കൈനീട്ടിയടിക്കാന്‍ കരുത്തുള്ള സ്ത്രീയാണ് തീവണ്ടിയിലെ ദേവി. വിവാഹ നിശ്ചയ മോതിരം ഊരി അറിയുന്ന രംഗം, അവസാന ഭാഗത്തിലെ ഫോണ്‍ സംഭാഷണം- ഇതല്ലൊം സിനിമയില്‍ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട് സംയുക്ത. ടോവിനോ- സംയുക്ത ക്രെമിസ്ട്രിയും സ്‌ക്രീന്‍ ഷെയര്‍ ചെയ്യുന്ന രംഗങ്ങളെല്ലാം രസകരമാണ്.

ഇങ്ങനെയൊരു വിഷയം, അതിന്റെ അവതരണം ഇതെല്ലാം ഫെലിനിയെന്ന സംവിധായകനിലെ നല്ല സിനിമ മേക്കറുണ്ടെന്ന പ്രതീക്ഷയുടെ സൂചനയാണ്. സിനിമ പുരോഗമിക്കും തോറും ബലം കുറയുന്ന തിരക്കഥയെ തന്റെ ചലച്ചിത്ര ഭാഷ്യമായി നിലനിര്‍ത്താന്‍ ഫെലിനിക്ക് കഴിഞ്ഞിടതാണ് പ്രതീക്ഷ വളരുന്നത്. ഇത് വരെ മലയാള സിനിമക്ക് പരിചിതമല്ലാത്ത വിഷയത്തിനെ ഒരു ഫാമിലി- യൂത്ത് സിനിമയായി അവതരിപ്പിക്കാന്‍ ഫെലിനിക്ക് കഴിഞ്ഞു. സിനിമയുടെ എടുത്ത് പറയേണ്ട മറ്റൊരു മികവ് കാസ്റ്റിങാണ്. സുധീഷ്, സുരാജ് വെഞ്ഞാറമ്മൂട്, സൈജു കുറിപ്പ്, സുരഭി ലക്ഷ്മി, ഷമ്മി തിലക്കന്‍ തുടങ്ങി മികച്ച താര നിരയെ ഏറ്റവും കൃത്യമായി സിനിമയില്‍ വിന്യസിച്ചിട്ടുണ്ട്.

സിനിമയുടെ പോരായ്മകളെയൊക്കെ പുതുമുഖ സംവിധായകന്റെ സിനിമയെന്ന തലത്തില്‍ മറന്നിടാമെങ്കില്‍ വിയോജിക്കേണ്ടി വരുന്നത് സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിലാണ്. യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയമെന്ന പേരില്‍ അരാഷ്ട്രീയതയാണ് സിനിമ ഉത്പാദിപ്പിക്കുന്നത്. പൊളിറ്റിക്കല്‍ സറ്റയറെന്ന് പറഞ്ഞ് അവതരിപ്പിക്കുന്ന സിനിമ ഒരു തരത്തിലും ആ അവകാശ വാദത്തിനോട് നീതി പുലര്‍ത്തുന്നില്ലെന്ന് മാത്രമല്ല വളരെ മോശം പോട്രേയലാണ് നടത്തുന്നത്. രാഷ്ട്രീയം കട്ട് മുടിക്കാനുള്ളതാണെന്നും രാഷ്ട്രീയക്കാര്‍ എന്നാല്‍ കള്ളന്മാരാണെന്നുമാണ് സിനിമയുടെ കണ്ട് പിടുത്തം. അധികാരത്തിനായി മാത്രമാണ് രാഷ്ട്രീയ പ്രവര്‍ത്തനമെന്നെല്ലാം പറഞ്ഞ് വെക്കാന്‍ സിനിമ ശ്രമിക്കുന്നുണ്ട്. സിനിമയുടെ കൈമാക്സ് രംഗങ്ങളില്ലാം ഈ അരാഷ്ട്രീയ വെടിക്കെട്ട് ആഘോഷത്തിന്റെ കൂട്ടപൊരിച്ചലാണ്.

ബിനീഷ് ദാമോദരന്‍ എന്ന ചെയിന്‍ സ്മോക്കറെ ഇത്രയും തന്മയത്തോടെ അവതരിപ്പിച്ച ടോവിനോയുടെ പ്രകടന മികവിന്റെ അടയാളമായി തീവണ്ടി മാറുമ്പോഴും സിനിമ പറയും പോലെ ഒരു മിറാക്കിളും സംഭവിക്കുന്നില്ല. സിഗരറ്റില്‍ നിന്ന് ഉയര്‍ന്ന് പോകുന്ന പുക പോലെ ഒറ്റ കാഴ്ചയുടെ അനുഭവമായി അവസാനിക്കുകയാണ് തീവണ്ടി.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)