പന്ത്രണ്ട് വര്‍ഷമായി നാടു കണ്ടിട്ട്; അമ്മയുടെ സ്വരമൊന്ന് കേട്ടിട്ട് നാളുകളായി; എഞ്ചിനീയറിംഗ് കമ്പനിയിലെ ജോലി നഷ്ടപ്പെടുത്തി മുഴുവന്‍ സമ്പാദ്യവും കൊണ്ട് സുഹൃത്ത് മുങ്ങിയതോടെ ജീവിതം നരകമായി; പാസ്‌പോര്‍ട്ടും വിസയുമില്ലാതെ ഗള്‍ഫില്‍ മുഴുപട്ടിണിയില്‍ ഈ യുവാവ്

Sharjah Pravasi,Sunil Kumar,Pravsam

ഷാര്‍ജ: 16 വര്‍ഷം മുന്‍പ് നല്ലൊരു ജോലിയും മികച്ച ശമ്പളവുമുണ്ടായിരുന്ന ഈ പ്രവാസി യുവാവിന് ഇന്ന് ചായ കുടിക്കാന്‍ പോലും കാല്‍ക്കാശ് കൈയ്യിലില്ല. സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ അയാളുടെ ബന്ധുക്കള്‍ നാട്ടില്‍ നിന്നെത്തുന്നതു വരെ താല്‍ക്കാലികമായി താമസം ഒത്തു കിട്ടിയതാണ്. രണ്ടു ദിനം കഴിഞ്ഞാല്‍ ഇതും നഷ്ടപ്പെടും പിന്നെന്ത് ചെയ്യണമെന്ന് ഈ 39 കാരന് അറിയില്ല. കഴിഞ്ഞ 12 വര്‍ഷക്കാലത്ത് ഒട്ടേറെ ദിനങ്ങള്‍ ഇങ്ങനെയൊക്കയാണ് ഇയാള്‍ തള്ളി നീക്കികൊണ്ടിരിക്കുന്നത്. പറഞ്ഞു വരുന്നത് ഗുരുവായൂര്‍ ചേറ്റൂര്‍ സ്വദേശിയായ സുനില്‍കുമാറി(39) ന്റെ ജീവിതത്തിന്റെ നേര്‍ച്ചിത്രമാണ്.

ഷാര്‍ജയില്‍ പാസ്‌പോര്‍ട്ടും വിസയുമില്ലാതെ നരക ജീവിതം നയിക്കുകയാണ് ഇയാള്‍. സുനില്‍ കുമാര്‍ ജീവിതത്തില്‍ സ്വയം നഷ്ടങ്ങള്‍ വരുത്തി വച്ചതല്ല. ആത്മാര്‍ത്ഥ സുഹൃത്തിനെ കണ്ണടച്ച് വിശ്വസിച്ചതാണ് ഇയാള്‍ക്ക് പാരയായത്. അതിനായി വില നല്‍കേണ്ടി വന്നത് സ്വന്തം ജീവിതം തന്നെയായിരുന്നു. മംഗളൂരു സ്വദേശിയായ സുഹൃത്ത് ചതിച്ചും വിശ്വാസ വഞ്ചന നടത്തിയും തകര്‍ത്തതാണ് ഈ പാവം ചെറുപ്പക്കാരന്റെ ജീവിതം. 12 വര്‍ഷമായി നാട്ടിലേയ്ക്ക് പോകാതെ ആകെ സ്വന്തമെന്ന് പറയാന്‍ ബാക്കിയുള്ള സ്‌നേഹനിധിയായ അമ്മയേയും അനുജനേയും കാലങ്ങളായി ഒന്നു ഫോണ്‍ വിളിക്കുക പോലും ചെയ്യാതെ എല്ലാം ഉള്ള ിലൊതുക്കി ജീവിതം തള്ളി നീക്കുകയാണ ്ഇയാള്‍.


സുനില്‍ കുമാറിന്റെ പ്രവാസ ജീവിതവും നഷ്ടങ്ങളും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നതിങ്ങനെ: 16 വര്‍ഷമായി യുഎഇയില്‍ പ്രവാസിയായിട്ട്. എന്നാല്‍, കഴിഞ്ഞ 12 വര്‍ഷമായി നാട്ടിലൊന്നു പോയിട്ട്. അതിന് വ്യക്തമായ കാരണമുണ്ട്. പ്രവാസ ജീവിതം നല്‍കിയ തിരിച്ചടികളാണത്. 2002ലാണ് ദുബായിലെത്തിയത്. ഒരു അഡ്വര്‍ടൈസിങ് കമ്പനിയില്‍ ജോലി കിട്ടി.പിന്നീട് സിഎന്‍സി പ്രോഗ്രാമറായി. കൊള്ളാവുന്ന ശമ്പളം. അവിടെ നിന്ന് കുറച്ചുകൂടി മെച്ചപ്പെട്ട ജോലിക്കായി ജബല്‍ അലിയിലേയും അവീറിലേയും കമ്പനികളില്‍ ചേര്‍ന്നു. ഉയര്‍ച്ചകള്‍ മാത്രമായിരുന്നു മുന്നില്‍.

ഒടുവില്‍ ഷാര്‍ജയിലെ ഒരു എന്‍ജിനീയറിങ് കമ്പനിയില്‍ സീനിയര്‍ പ്രൊഡക് ഷന്‍ ഓഫീസറായി ജോലി ചെയ്തു. എല്ലാ മാസവും നാട്ടിലേയ്ക്ക് അമ്മയ്ക്ക് വീട്ടുചെലവിനും അനുജന് പഠിക്കാനും പണം അയക്കുമായിരുന്നു. വാടക വീട്ടിലാണെങ്കിലും അമ്മയും അനുജനും സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിച്ചു. ഇതിനിടെ, എട്ടു വര്‍ഷം മുന്‍പാണ് സ്‌ക്രാപ് ബിസിനസ് നടത്തുന്ന മംഗ്ലുരു സ്വദേശിയെ പരിചയപ്പെടുന്നത്. അയാളുടെ പ്രേരണയാല്‍ ജോലി രാജിവച്ച് സ്‌ക്രാപ് ബിസിനസിലേയ്ക്ക് പ്രവേശിച്ചു

അതുവരെയുള്ള സമ്പാദ്യവും സുഹൃത്തുക്കളില്‍ നിന്നും പലിശക്കാരില്‍ നിന്നും മറ്റും വാങ്ങിയ ഒരു ലക്ഷം ദിര്‍ഹമായിരുന്നു സുനില്‍കുമാറിന്റെ ഓഹരി. എന്നാല്‍, ബിസിനസ് വിചാരിച്ച പോലെ മുന്നോട്ട് പോയില്ല. കാരണം, സുനില്‍കുമാറിന് ഈ ബിസിനസ് പരിചിതമല്ലാത്ത മേഖലയായിരുന്നു. മംഗ്ലുരു സ്വദേശി പറഞ്ഞതെല്ലാം വിശ്വസിച്ചു. എന്നാല്‍, ലാഭമൊന്നും കിട്ടിയതുമില്ല. ഇതോടെ ചെക്കു കൊടുത്ത് കടം വാങ്ങിയവരെല്ലാം ഫോണ്‍ വിളി തുടങ്ങി. ഏറ്റവും ഒടുവില്‍ ജോലി ചെയ്ത ഷാര്‍ജയിലെ കമ്പനിയില്‍ നിന്നുള്ള വീസ റദ്ദാക്കി. ഇതോടെ സന്ദര്‍ശക വീസയില്‍ തിരിച്ചുവരാന്‍ വേണ്ടി ഇറാനിലെ കിഷില്‍ ചെന്നു.

മംഗ്ലുരു കാരനാണ് ഇതിന് പ്രേരിപ്പിച്ചത്. ഈ സമയം പണവുമായി മംഗ്ലുരു സ്വദേശിയായ പാര്‍ട്ണര്‍ മുങ്ങി. ഒടുവില്‍ ഒരു സുഹൃത്ത് അയച്ചുകൊടുത്ത സന്ദര്‍ശക വീസയില്‍ വീണ്ടും യുഎഇയിലെത്തി. ഇതിനിടെ പാസ്‌പോര്‍ടും നഷ്ടമായി. മംഗ്ലുരു സ്വദേശിയെ പലയിടത്തും അന്വേഷിച്ചു. പക്ഷേ, നിരാശയായിരുന്നു ഫലം. ഫോണ്‍ സ്വിച് ഡ് ഓഫാണ്. സന്ദര്‍ശക വീസ നല്‍കി ദുബായിലെ കമ്പനിക്കും പ്രശ്‌നമായി.

കഴിഞ്ഞ എട്ട് വര്‍ഷമായി പലയിടത്തും ചെറിയ ജോലികള്‍ ചെയ്തു. എന്നാല്‍, വീസയോ പാസ്‌പോര്‍ടോ ഇല്ലെന്ന് തിരിച്ചറിയുമ്പോള്‍ പലരും ശമ്പളം നല്‍കാതെ പറ്റിക്കുന്നു. അതോടെ അതും നിര്‍ത്തി. കടക്കാര്‍ വണ്ടിച്ചെക്കുകള്‍ വച്ച് കേസുകൊടുത്തു. ഇരുപത് ദിവസത്തോളം ജയിലില്‍ കിടന്നു പുറത്തിറങ്ങി. സ്‌കൂള്‍ പഠിക്കുമ്പോള്‍ മുതല്‍ പരിചയമുള്ള പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചതായിരുന്നു.

പക്ഷേ, സുനില്‍കുമാറിനെ കാത്തിരുന്ന് മടുത്ത പെണ്‍വീട്ടുകാര്‍ ആ കുട്ടിയെ വേറെ വിവാഹം കഴിച്ചയച്ചു. ഇപ്പോള്‍, തന്റെ അവസ്ഥ അറിഞ്ഞ് കടക്കാരൊന്നും ഫോണ്‍ വിളിച്ച് ബുദ്ധിമുട്ടിക്കുന്നില്ല എന്ന ആശ്വാസം മാത്രമുണ്ട്. അമ്മയുടെ മുന്‍പിലേയ്ക്ക് വെറുംകയ്യോടെ പോകാനുള്ള മടികൊണ്ടായിരുന്നു പൊതുമാപ്പില്‍ പോകാന്‍ ശ്രമിക്കാത്തതെന്നും ഇയാള്‍ പറയുന്നു.

എന്നാല്‍ സുനില്‍കുമാറിന്റെ ദുരിതമറിഞ്ഞ് സാമൂഹിക പ്രവര്‍ത്തകരായ കിരണ്‍ രവീന്ദ്രനും വിബിനും അന്വേഷിച്ചപ്പോള്‍ വീസ കാലാവധി കഴിഞ്ഞ് വര്‍ഷങ്ങളായതിനാല്‍ വന്‍തുക പിഴയൊടച്ചാല്‍ മാത്രമേ നാട്ടിലേയ്ക്ക് പോകാനാകൂ എന്ന് കണ്ടെത്തി. എന്നാല്‍, ചായ കുടിക്കാന്‍ പോലും കാല്‍ക്കാശില്ലാത്ത സുനില്‍കുമാര്‍ തീര്‍ത്തും നിസ്സഹയായനാണ്.

വീടിനെ പറ്റിയോ, വിവാഹത്തേക്കുറിച്ചോ ഉള്ള ആലോചനകളൊന്നുമല്ല ഈ യുവാവിനെ ഇപ്പോള്‍ അലട്ടുന്നത്, ഫോണ്‍ വിളിക്കുമ്പോഴൊക്കെ വയോധികയായ അമ്മ തന്നെ ഒരു നോക്ക് കാണണമെന്ന് പറഞ്ഞുള്ള കരച്ചിലിലാണ്. ആ മാതൃഹൃദയത്തിന്റെ നൊമ്പരം തനിക്ക് താങ്ങാനാവുന്നില്ലെന്ന് സുനില്‍ കരഞ്ഞുകൊണ്ട് പറയുന്നു. ഇപ്പോള്‍ ഒരു സുഹൃത്തിന്റെ കൂടെയാണ് താമസം. രണ്ട് ദിവസം കഴിഞ്ഞാല്‍ സുഹൃത്തിന്റെ കുടുംബം നാട്ടില്‍ നിന്നെത്തും. അതിന് ശേഷം എവിടെ താമസിക്കുമെന്ന യാതൊരു പിടിയുമില്ല. ഇത്തരത്തില്‍ സുഹൃത്തുക്കളേയെല്ലാം ബുദ്ധിമുട്ടിക്കുന്നതില്‍ ഏറെ മാനസിക വിഷമമുണ്ട്. നാട്ടില്‍ പോയി തിരിച്ചുവന്ന് തന്റെ പഴയകാല ജീവിതം തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്ന് ഈ ചെറുപ്പക്കാരന്‍ വിശ്വസിക്കുന്നു. സുനില്‍കുമാറിനെ സഹായിക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടാനുള്ള നമ്പര്‍: 00971 54 546 3677.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)