ആത്മഹത്യയ്ക്ക് ഒരുങ്ങിയ ഗുണ്ടാ നേതാവിന്റെ ഭാര്യയെ സംരക്ഷിച്ചതിന്റെ പേരില്‍ യുവാവിന് ദാരുണാന്ത്യം; ഒമ്പത് വര്‍ഷത്തെ പകയ്ക്ക് ഒടുവില്‍ രഞ്ജിത്തിനെ മനോജ് കൊലപ്പെടുത്തിയത് അതിക്രൂരമായി

Ranjith Johnson murder,Crime,Kerala

കൊല്ലം: പീഡനം സഹിക്കാനാകാതെ ആത്മഹത്യയ്ക്ക് ഒരുങ്ങിയ തന്റെ ഭാര്യയെ കൂട്ടിക്കൊണ്ടുപോയി സംരക്ഷിച്ചതിന്റെ വൈരാഗ്യത്തിന് ഗുണ്ടാനേതാവും സംഘവും യുവാവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി. ഒന്‍പതു വര്‍ഷത്തോളം മനസ്സില്‍ കാത്തുസൂക്ഷിച്ച പകയ്‌ക്കൊടുവില്‍ രഞ്ജിത്ത് ജോണ്‍സണെ(40) മനോജ് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു. മനോജിന്റെ ഉപദ്രവം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യുന്ന ഘട്ടത്തിലെത്തിയപ്പോഴാണ് ഭാര്യ ഭര്‍ത്താവിന്റെ പഴയകാല സുഹൃത്തായ രഞ്ജിത് ജോണ്‍സണിന്റെ സംരക്ഷണയില്‍ കഴിഞ്ഞത്.

ഒന്‍പതു വര്‍ഷമായി ഇവര്‍ ഒരുമിച്ചായിരുന്നു. ഇതില്‍ പകപൂണ്ട മനോജ്, രഞ്ജിത് ജോണ്‍സണെ വകവരുത്താന്‍ ഒന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറം കൃത്യമായ പ്ലാനുമായി എത്തുകയായിരുന്നു. രഞ്ജിത്ത് വളര്‍ത്തുന്ന പ്രാവുകളെ വാങ്ങിക്കാനെന്ന വ്യാജേനെ എത്തിയ ഗുണ്ടാസംഘം ഇയാളെ കടത്തികൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

വാഹനത്തിലിട്ട് മര്‍ദ്ദിച്ചും തൊഴിച്ചും കൊലപ്പെടുത്തിയ രഞ്ജിത്തിനെ, തമിഴ്‌നാട്ടിലെ നാഗര്‍കോവില്‍ - തിരുനെല്‍വേലി റോഡില്‍ തിരുനെല്‍വേലിക്ക് 15 കിലോമീറ്റര്‍ മുന്‍പുള്ള സമുന്ദാപുരം പൊന്നക്കുടി എന്ന സ്ഥലത്തെ കുഴിയില്‍ തള്ളിയ ശേഷം മണ്ണിട്ടു മൂടുകയായിരുന്നു. പിന്നീട് രഞ്ജിത്തിനെ കാണാനില്ലെന്ന അമ്മയുടെ പരാതി അന്വേഷിച്ച പോലീസ് സംഘമാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

സുഹൃത്തിന്റെ ഭാര്യയുമായുള്ള രഞ്ജിത്തിന്റെ ബന്ധത്തിനു മാതാപിതാക്കള്‍ക്കു നീരസമുണ്ടായിരുന്നു. ഇതുമൂലം ഇരുവരും കുടുംബവീട്ടില്‍ താമസം കുറവായിരുന്നു. കുറച്ചു നാള്‍ മുന്‍പു വരെ വാടകവീടെടുത്താണ് ഇരുവരും താമസിച്ചത്. യുവതി കൂടുതല്‍ ദിവസവും ജോലിസ്ഥലത്തായിരുന്നതിനാല്‍ രഞ്ജിത് ജോണ്‍സണ്‍ കുടുംബവീട്ടില്‍ മുന്തിയ ഇനം പ്രാവുകള്‍, മുയലുകള്‍ എന്നിവയുടെ കച്ചവടവുമായി ഒതുങ്ങിക്കൂടുകയായിരുന്നു.

തനിക്കെതിരെ മനോജില്‍ നിന്നു വധഭീഷണിയുണ്ടെന്ന് മനസ്സിലാക്കിയ രഞ്ജിത് ജോണ്‍സണിന് ഏറെ വര്‍ഷങ്ങളായി വീട്ടിനു പുറത്തുള്ള സഹകരണം കുറവായിരുന്നു. രഞ്ജിത്തിനെ എങ്ങനെയും വക വരുത്തുക എന്ന ലക്ഷ്യത്തോടെ ഒന്‍പതു വര്‍ഷമായി പക മനസ്സിലിട്ടു നടന്ന മനോജ് ഒടുവില്‍ കഴിഞ്ഞ 15നു കൃത്യം നടത്തുകയായിരുന്നു. ഇതിന്റെ ഭാഗമായാണു പ്രാവിനെ വാങ്ങാനെന്നുള്ള വ്യാജേന മനോജ് തന്റെ സുഹൃത്തുക്കളെ രഞ്ജിത്തിന്റെ വീട്ടിലെത്തിച്ചത്.

പിന്നീട് മനോജ് തയാറാക്കിയ തിരക്കഥയനുസരിച്ചു കൊലപാതകം നടത്തുകയായിരുന്നെന്നാണു കസ്റ്റഡിയിലുള്ള മയ്യനാട് കൈതപ്പുഴി സ്വദേശി ഉണ്ണി മൊഴി നല്‍കിയത്. ഉണ്ണി നല്‍കിയ ആദ്യ മൊഴികള്‍ അന്വേഷണ സംഘത്തെ വട്ടം കറക്കിയിരുന്നു. രഞ്ജിത്തിനെ കാറില്‍ നിന്ന് ഇത്തിക്കര ആറ്റില്‍ തള്ളിയെന്നാണ് ഇയാള്‍ ആദ്യം മൊഴി നല്‍കിയത്. തുടര്‍ന്നു വിശദമായി നടന്ന ചോദ്യം ചെയ്യലിലാണു ചാത്തന്നൂര്‍ പോളച്ചിറ ഏലയില്‍ വച്ചാണു കൊലപാതകം നടത്തിയതെന്നു സമ്മതിച്ചത്.

ഓഗസ്റ്റ് 15ന് പ്രാവ്, മുയല്‍ തുടങ്ങിയവയുടെ കച്ചവടം നടത്തുന്ന രഞ്ജിത് ജോണ്‍സന്റെ കൊറ്റങ്കര പേരൂര്‍ അയ്യര്‍മുക്കിലുള്ള വീട്ടില്‍ കാറില്‍ നാലംഗ സംഘം എത്തിയാണ് രഞ്ജിത്തിനെ കടത്തികൊണ്ടുപോയതും കൊലപാതകം നടത്തിയതും. ഇതിന് മറയാക്കിയത് പ്രളയത്തെയായിരുന്നു. വാഹനത്തില്‍ രഞ്ജിത്തിനെ കടത്തുന്നത് ആരും അറിയാതിരുന്നതും ജനങ്ങളുടെ ശ്രദ്ധ പ്രളയക്കെടുതിയില്‍ മാത്രമായിരുന്നതിനാല്‍ ആയിരുന്നു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)