'വാ തുറക്കാത്ത ഒരു പ്രധാനമന്ത്രിയേക്കാള്‍ അപകടം വിഡ്ഢിയായ പ്രധാനമന്ത്രി'... 'പെട്രോള്‍ നമ്മുടെ ചങ്കില്‍ തീ കോരിയിടുന്നതെങ്ങനെ?' ബിജെപിയെ തിരിച്ചടിച്ച് പഴയ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍

PM Modi ,India,Kerala,Politics,Social media posts

തൃശ്ശൂര്‍: ഇന്ധനവില നിയന്ത്രണമില്ലാതെ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് ജനരോഷം ശക്തമാകുന്നു. ഇതിനിടെയാണ് ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരിന് ഇരുട്ടടിയായി പഴയ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ വൈറലാകുന്നത്. അധികാരത്തിലേറും മുന്‍പ് ബിജെപി മുന്നോട്ടുവച്ച അവകാശവാദങ്ങളും വാഗ്ദാനങ്ങളും കണ്ട് തലയറഞ്ഞ് ചിരിക്കുകയാണ് സോഷ്യല്‍മീഡിയ. 2014ലെയും മറ്റും ബിജെപിയുടെ സമൂഹമാധ്യമ പോസ്റ്റുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് പെട്രോള്‍ വിലവര്‍ധനവിനെതിരെ ശക്തമായി ബിജെപി പ്രതിഷേധിച്ചിരുന്നു. പാര്‍ട്ടിയുടെ കേരള ഘടകം അക്കാലത്തെ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതിഷേധമറിയിച്ചത് ഇങ്ങനെ: പെട്രോള്‍ നമ്മുടെ ചങ്കില്‍ തീ കോരിയിടുന്നതെങ്ങനെ? അടിക്കടി കൂടുന്ന പെട്രോള്‍ വില. ഈ ദുര്‍ഗതിക്കെതിരെ പരിഹാരം നമുക്കു തന്നെ കണ്ടെത്താനുള്ള സുവര്‍ണാവസരമാണു തിരഞ്ഞെടുപ്പ്. നിങ്ങളുടെ വോട്ട് വിവേകപൂര്‍വം ഉപയോഗിക്കുക.


അന്ന്, ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ആയിരുന്നു ഈ പോസ്റ്റ്. എന്നാല്‍ ഇന്ന് മറ്റൊരു തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയപ്പോള്‍ എണ്ണവില വര്‍ധനയില്‍ മൗനം പാലിക്കുകയാണ് പാര്‍ട്ടി. ഇന്ധനവില കുറച്ചാല്‍ വികസനത്തിനു തിരിച്ചടിയാകുമെന്നും കുറയ്ക്കില്ലെന്നുമുള്ള ഉറച്ച നിലപാടിലാണു കേന്ദ്രം.

അതേസമയം, അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ കുറിച്ചുള്ള മറ്റൊരു പോസ്റ്റ് ഇങ്ങനെ, വാ തുറക്കാത്ത പ്രധാനമന്ത്രിയെക്കുറിച്ചായിരുന്നു അത്. തകര്‍ന്നുകൊണ്ടിരിക്കുന്ന ഭാരതത്തിന് ഉണര്‍വേകാന്‍ കഴിവും അര്‍പ്പണ മനോഭാവവുമുള്ള പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ വോട്ട് വിവേകപൂര്‍വം ഉപയോഗിക്കുക. ഒപ്പം നല്‍കിയിരിക്കുന്ന ചിത്രത്തിലെ വരികളാണ് ഹൈലൈറ്റ്.

Image may contain: text

'വാ തുറക്കാത്ത ഒരു പ്രധാനമന്ത്രി നമ്മുടെ രാജ്യത്തെ എത്ര പിന്നിലേക്ക് വലിച്ചോ അതിന്റെ എത്രയോ മടങ്ങ് അപകടകരമായ അവസ്ഥയായിരിക്കും അപക്വവും വിഡ്ഢിത്തം വിളമ്പുന്നതുമായ ഒരു പ്രധാനമന്ത്രി നമുക്ക് സമ്മാനിക്കുക..'

ഏതായാലും സ്വിസ് ബാങ്കിലെ കള്ളപ്പണത്തെക്കുറിച്ചുള്ള പോസ്റ്റ് ഇങ്ങനെ: സ്വിസ് ബാങ്കില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം നമ്മുടെ രാജ്യത്തേക്കു കൊണ്ടുവന്നാല്‍ നമ്മുടെ സമ്പദ്വ്യവസ്ഥ ശക്തി പ്രാപിക്കും. സാധാരണക്കാരന്റെ നട്ടെല്ലൊടിക്കാന്‍ അനുവദിക്കരുത്.

കള്ളപ്പണത്തെക്കുറിച്ച് ഇപ്പോള്‍ കേന്ദ്രനേതാക്കളാര്‍ക്കും മിണ്ടാട്ടമില്ലാത്തതും ഈ പോസ്റ്റിനെ ശ്രദ്ധേയമാക്കുന്നു. നോട്ട് നിരോധനമുള്‍പ്പടെ പരാജയവാദങ്ങളെയെല്ലാം ശരിവച്ച ആര്‍ബിഐ റിപ്പോര്‍ട്ട് മുന്നിലുണ്ടല്ലോ.

അതിനിടെ സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം വീണ്ടും ഉയര്‍ന്നു. 2017ല്‍ 50% വര്‍ധിച്ച് 7,000 കോടിയായി. അഴിമതിക്കെതിരെയും വിലക്കയറ്റത്തിനെതിരെയും ശബ്ദമുയര്‍ത്തിയ പോസ്റ്റുകള്‍.കര്‍ഷകന്റെ പ്രശ്‌നങ്ങള്‍ രൂക്ഷമായെന്നും പരിഹരിക്കാന്‍ മോഡി സര്‍ക്കാരിനു വോട്ടുനല്‍കാനും ആഹ്വാനം. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, തെലങ്കാന, ഛത്തീസ്ഗഡ് തുടങ്ങി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലുള്‍പ്പെടെ കര്‍ഷക ആത്മഹത്യകള്‍ പെരുകി. മാര്‍ച്ചില്‍ മഹാരാഷ്ട്രയിലെ കര്‍ഷകപ്രക്ഷോഭം മോഡി അധികാരത്തിലേറിയ ശേഷമുള്ള കര്‍ഷകന്റെ അവസ്ഥയാണ് വിളിച്ചുപറഞ്ഞത്.

കൊള്ളയ്ക്കും കൊലയ്ക്കുമെതിരെ ബിജെപിയെന്ന അന്നത്തെ മുദ്രാവാക്യത്തെ ഖണ്ഡിക്കാന്‍ ഉത്തരേന്ത്യയില്‍ പശുവിന്റെ പേരില്‍ മാത്രം നടക്കുന്ന കൊലപാതകങ്ങളുടെയും അക്രമങ്ങളുടെ കണക്ക് മതിയല്ലോ...

ഇതല്ലേ ആ പറഞ്ഞ നല്ലനാളുകള്‍......

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)