ഓഖി സഹായനിധി ഉപയോഗപ്പെടുത്തുന്നത് വിവാഹങ്ങള്‍ക്കും, സ്ത്രീധനം നല്‍കാനും; ഇടപെടാനാകാതെ സര്‍ക്കാര്‍

Ockhi Cyclone,Kerala

തിരുവനന്തപുരം: കേരളത്തെ ഒന്നടങ്കം സങ്കടക്കടലാക്കിയ ഏറ്റവും വലിയ ദുരന്തം ഓഖി ചുഴലിക്കാറ്റിന്റെ ഇരകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച സഹായനിധി ഉപയോഗപ്പെടുത്തുന്നത് വിവാഹങ്ങള്‍ക്ക്. ഓഖി ദുരന്തത്തില്‍ മരണപ്പെട്ടവരുടെയും കാണാതായവരുടെയും കുടുംബങ്ങള്‍ക്ക് നല്‍കിയ സഹായധനമാണ് ഉപജീവന മാര്‍ഗങ്ങള്‍ക്ക് ഉപയോഗപ്പെടുത്താതെ വിവാഹാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. മരണപ്പെട്ടയാളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും പേരിലായി 20 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നിക്ഷേപിച്ചിരുന്നത്. ഈ തുകയാണ് പലരും വിവാഹങ്ങള്‍ക്കായി പിന്‍വലിക്കുന്നത്. വിവാഹം നടത്തുന്നതിനും സ്ത്രീധനം നല്‍കുന്നതിനും ഈ തുകയാണ് ഉപയോഗിക്കുന്നത്.


ഓഖി ധനസഹായം പിന്‍വലിക്കുന്നത് തടയുന്നതില്‍ സര്‍ക്കാരും നിസ്സഹായരാണ്. പണം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുള്ള അപേക്ഷകള്‍ കളക്ടറേറ്റില്‍ വന്നതോടെ കൃത്യമായ അന്വേഷണം നടത്തിയ ശേഷം പണം പിന്‍വലിക്കാനുള്ള അനുമതി നല്‍കാന്‍ ജില്ലാ കളക്ടര്‍ക്ക് റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കി.


അഞ്ച് വര്‍ഷത്തെ കാലാവധിയില്‍ സ്ഥിര നിക്ഷേപമായിട്ടാണ് സര്‍ക്കാര്‍ പണം നിക്ഷേപിച്ചിരുന്നത്. ഇതില്‍ നിന്നുള്ള പലിശ സ്വീകരിച്ച് ജീവിക്കാനുള്ള മാര്‍ഗം കണ്ടെത്തുന്നതായിരുന്നു ലക്ഷ്യം. വിവാഹത്തില്‍ നിന്ന് വരന്‍ പിന്മാറുമെന്ന ഘട്ടത്തിലാണ് ഓഖി ഫണ്ട് സ്ത്രീധനമായി നല്‍കാന്‍ തീരുമാനിച്ചതെന്ന് ഫണ്ട് പിന്‍വലിച്ച ഒരു കുടുംബം വ്യക്തമാക്കി.

ദുരന്ത നിവാരണ അതോറിറ്റിയും പണം പിന്‍വലിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. വിഴിഞ്ഞം, പൊഴിയൂര്‍, അടിമലത്തുറ എന്നിവിടങ്ങളില്‍ നിന്നായി ആറ് അപേക്ഷകളാണ് പണം പിന്‍വലിക്കുന്നതിനായി ലഭിച്ചിരിക്കുന്നത്. സര്‍ക്കാരിന് ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നതിന് പരിധി ഉണ്ടെന്നാണ് ഫിഷറീസ് വകുപ്പ് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ പറയുന്നത്.

പണം പിന്‍വലിക്കുന്നതിന് ലഭിച്ചിട്ടുള്ള അപേക്ഷകള്‍ സത്യമാണോ എന്നന്വേഷിച്ച് നടപടി സ്വീകരിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 18 വയസിന് താഴെയും 60 വയസിന് മുകളിലും പ്രായമുള്ളവരുടെ പേരില്‍ നിക്ഷേപിച്ചിരിക്കുന്ന പണം പിന്‍വലിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)