മൈ സ്റ്റോറി; പാര്‍വതിയുടെ പ്രകടനവും പോര്‍ച്ചുഗല്‍ ഭംഗിയിലും ഒതുങ്ങുന്ന പ്രണയം

My Story,Movie Review

റേറ്റിങ് 2/5

നിധിന്‍ നാഥ്

കസബ സിനിമയിലെ സ്ത്രീവിരുദ്ധ സംഭാഷണത്തിനെ വിമര്‍ശിച്ചതിന്റെ പേരില്‍ തുടങ്ങിയ ഫാന്‍സിന്റെ അതിക്രമം ഏറ്റവും കൂടുതല്‍ ബാധിച്ച സിനിമയാണ് മൈ സ്റ്റോറി. ചിത്രത്തിലെ ഗാനങ്ങളെ നെഗറ്റീവ് റേറ്റിങ് നല്‍കിയാണ് ഫാന്‍സ് പ്രതികാരം ചെയ്തത്. പല തവണ റിലീസ് മാറ്റി വച്ചതിന് ശേഷമാണ് സിനിമ തിയ്യേറ്റില്‍ എത്തിയത്. ഫാന്‍സിന്റെ അതിക്രമങ്ങളില്‍ നിന്ന് സിനിമയെ സംരക്ഷിക്കണം. പാര്‍വതിയ്ക്കെതിരെയുള്ള ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ക്കിടയില്‍ സിനിമ കാണുകയെന്നതാണ് രാഷ്ട്രീയമെന്ന ചിന്തയെ മുന്‍ നിര്‍ത്തി കൂടിയാണ് മൈ സ്റ്റോറി കണ്ടത്.

എന്ന് നിന്റെ മൊയ്തീന് ശേഷം പാര്‍വതിയും പൃഥ്വിരാജും ഒന്നിക്കുന്ന സിനിമയാണ് റോഷ്ണി ദിവാകറിന്റെ ആദ്യ ചലച്ചിത്ര സംരംഭമായ മൈ സ്റ്റോറി തുടങ്ങിയത്. പോര്‍ച്ചുഗല്‍ പ്രധാന ലൊക്കേഷനായി ചിത്രീകരിച്ച സിനിമയെന്ന നിലയിലും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ ഗാനങ്ങള്‍ ഉയര്‍ത്തിയ പ്രതീക്ഷയോട് നീതി പുലര്‍ത്താന്‍ സിനിമയ്ക്കായിട്ടില്ല. പോര്‍ച്ചുഗലിന്റെ മനോഹാരിതയിലും പാര്‍വതിയുടെ പ്രകടത്തിലും മാത്രമായി മൈ സ്റ്റോറി ഒതുങ്ങി പോകുന്നത് പ്രധാനമായും സംവിധാനത്തിന്റെ പാളിച്ചകള്‍ കൊണ്ടാണ്.

സിനിമയില്‍ ഹീറോയാവാനുള്ള ആഗ്രഹവുമായി വരുന്ന ജയകൃഷ്ണന്‍ എന്ന ജയ് (പൃഥ്വിരാജ്) മുന്‍ നിര നടിയായ താര (പാര്‍വതി) ഇവര്‍ തമ്മിലുള്ള പ്രണയമാണ് മൈ സ്റ്റോറിയുടെ പശ്ചാത്തലം. താരയെ തേടി 20 വര്‍ഷത്തിനിപ്പുറം പോര്‍ച്ചുഗലില്‍ എത്തുന്ന ജയ്, അതേസമയം സമാന്തരമായി ഫളാഷ് ബാക്കും പറഞ്ഞാണ് സിനിമയുടെ മുന്നോട്ട് പോക്ക്.

ഹിന്ദി സിനിമകളിലെ ക്ലീഷേ കഥാസന്ദര്‍ഭങ്ങളുടെ റൂട്ട് മാര്‍ച്ചാണ് മൈ സ്റ്റോറിയിലെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ലെന്ന് ഉറപ്പാണ്. ബോളിവുഡില്‍ നിന്ന് പ്രാദേശിക ഭാഷകളിലേക്ക് സിനിമയെ പകര്‍ത്തുന്ന കാലം കഴിഞ്ഞുവെന്ന് റോഷിനി ദിവാകര്‍ തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ ശങ്കര്‍ രാമകൃഷ്ണന്റെ മോശമല്ലാത്ത വണ്‍ ലൈന്‍ സ്റ്റോറി വേറൊരു തരത്തിലുള്ള ട്രീറ്റ്മെന്റ് ലഭിക്കുമായിരുന്നു.

നടനും നടിയും തമ്മിലുള്ള പ്രണയം പറയാന്‍ പല സിനിമകളിലെയും രംഗങ്ങള്‍ പകര്‍ത്തിയത് മലയാളി ഹിന്ദി സിനിമകള്‍ കാണുന്നില്ലെന്ന ചിന്തയില്‍ നിന്നാണോയെന്ന് സംശയം തോന്നി പോകും. കന്നട സിനിമയില്‍ വസ്ത്രാലങ്കാരത്തിന് സംസ്ഥാന അവാര്‍ഡ് നേടിയിട്ടുള്ള റോഷ്ണിയ്ക്ക് അത് പോലും പകര്‍ത്തുന്ന അവസ്ഥയുണ്ടായത് സിനിമയോട് നീതി പുലര്‍ത്താതെ പോയതിന്റെ തെളിവാണ്.

അതിനാടകീയത പലയിടത്തും സിനിമയുടെ രീതിയായി ഉപയോഗിക്കുമ്പോള്‍ ക്ലൈമാക്സ് രംഗങ്ങളില്‍ ഒഴിച്ച് മറ്റൊരിടതും ഇമോഷണല്‍ ഡ്രാമയുടെ നിഴല്‍ പോലുമാകുന്നില്ല സിനിമ. എഡിറ്റിങിലെ പോരായ്മകള്‍ സംവിധാനത്തിന്റെ പാളിച്ചകളും ക്ലീഷേരംഗങ്ങളെ പിന്നെയും മുഷിപ്പിക്കുന്നുണ്ട്.

ഛായാഗ്രഹണത്തിനപ്പുറം സിനിമയുടെ മികവായി എടുത്ത് പറയാനുള്ള താരയും ഹിമയുമായി എത്തുന്ന പാര്‍വതിയുടെ പ്രകടനമാണ്. കൗ ബോയ് റോളിലെത്തുന്ന ഹിമയുടെ പ്രകടം ക്ലീഷേ കഥയില്‍ നിന്ന് ഒരു പരിധിവരെ മോചനം നല്‍കുന്നുണ്ട്. താരയെന്ന നടിയായും ഹിമയായും നല്ല പ്രകടനമാണ് പാര്‍വതിയില്‍ നിന്നുണ്ടായത്. ജയ് എന്ന നടന്‍ പൃഥ്വിരാജില്‍ ഭദ്രമാവുമ്പോള്‍ തന്നെയും പ്രകടന മികവിന്റെ കാഴ്ചകള്‍ അദ്ദേഹത്തിന്നുണ്ടില്‍ നാവുന്നില്ല. ഡയലോഗ് ഡെലിവറിയില്‍ പുലര്‍ത്തുന്ന ഒരേ പാറ്റേണ്‍ പൃഥ്വിരാജിനെ ടൈപ്പ് കാസ്റ്റ് ചെയ്യുന്നതിലേക്കാണ് നയിക്കുന്ന്ത. മുന്‍പ് ചെയ്ത കഥാപാത്രങ്ങളുടെ ഭൂതകാല കുളിരില്‍ നിന്ന് മുക്തനാവാന്‍ പൃഥ്വിരാജിന് കഴിയാതെ പോകുന്നുവെന്ന് മൈ സ്റ്റോറിയും അടിവരയിടുന്നുണ്ട്. സിനിമയുടെ സാങ്കേതിക മികവും പാര്‍വതി പൃഥ്വിരാജ് കെമിസ്ട്രിയും പക്ഷെ സിനിമയുടെ പോരായ്മകളെ മറികടക്കാന്‍ വഴിയൊരുക്കുന്നതല്ല.

സംവിധായികയുടെ പോരായ്മകള്‍ മുഴച്ച് നില്‍ക്കുന്ന അവസ്ഥയിലും മൈ സ്റ്റോറിയെ ഒറ്റ കാഴ്ചയുടെ ഭംഗി നല്‍കുന്നത് ഡ്യൂഡ്ലിയുടെ ഛായാഗ്രഹണ മികവാണ്. പോര്‍ച്ചുഗലിലൂടെ ഒരു യാത്ര പോയ ഫീല്‍ നല്‍കുന്നുണ്ട് സിനിമ. വൈഡ് ഷോട്ടുകളും ഹെലി ക്യാം ദൃശങ്ങളുമെല്ലാം മികവുറ്റതാണ്. ആദ്യം തന്നെ ഹിറ്റ് ചാര്‍ട്ടിലെത്തിയ ഷാന്റെ ഗാനങ്ങള്‍ക്കൊപ്പം തന്നെ പശ്ചാത്തല സംഗീതവും മികവ് പുലര്‍ത്തുന്നുണ്ട്.

റോഷ്നി ദിവാകറിന്റെ ആദ്യ സിനിമ നിരാശയാണ് സമ്മാനിക്കുന്നതെങ്കിലും അവരിലെ സംവിധായികയെ അവഗണിക്കേണ്ടതില്ലെന്ന് തോന്നുന്നു. കൃത്യമായ പരിചരണത്തിലൂടെ മികച്ച സിനിമകള്‍ ഒരുക്കാന്‍ കഴിയുന്നതിന്റെ ചില സൂചനകള്‍ മൈ സ്റ്റോറിയിലുണ്ട്. ക്ലൈമാക്സ് പ്രീ ക്ലൈമാക്സ് രംഗങ്ങളില്‍ ഇത് നന്നായി തന്നെ പ്രകടമാവുന്നുണ്ട്. സംവിധായിക കൈയടക്കത്തോടെ ചെയ്ത രംഗങ്ങളില്‍ സിനിമയില്‍ ഒരു പക്ഷെ അത് മാത്രമായിരിക്കും.

ലിസ്ബണ്‍, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലൂടെ ഒരു രണ്ട് മണിക്കൂര്‍ യാത്രയും ഒപ്പം പേരിനൊരു പ്രണയകഥയുമാണ് യഥാര്‍ത്ഥത്തില്‍ മൈ സ്റ്റോറി. ജയ് താര രസതന്ത്രവും ഹേമയായുള്ള പാര്‍വതിയുടെ ഹൈ വോള്‍ട്ടേജ് പെര്‍ഫോമന്‍സ് മാത്രമാണ് മൈ സ്റ്റോറി അവശേഷിപ്പിക്കുന്നത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)