ബ്യൂട്ടിപാര്‍ലറില്‍ നിന്നുള്ള ചിത്രങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്തി ജിഷയുടെ അമ്മ രാജേശ്വരി

rajeshwari,jisha murder

കൊച്ചി:രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച ദാരുണ കൊലപാതകമായിരുന്നു പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം. മകളുടെ മരണത്തെ തുടര്‍ന്ന് ലഭിച്ച സാമ്പത്തിക സഹായം അമ്മ രാജേശ്വരി ധൂര്‍ത്തടിച്ച് ജീവിക്കുകയാണെന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചിത്രങ്ങള്‍ സഹിതം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
കേരള സാരിയും അതിനുചേരുന്ന ചുവന്ന ബ്ലൗസും ധരിച്ചു ചിരിച്ചുനില്‍ക്കുന്ന രാജേശ്വരിയുടെ ചിത്രങ്ങള്‍ വാട്‌സാപ്, ഫേസ്ബുക് തുടങ്ങിയവയില്‍ പ്രചരിച്ചിരുന്നു. സഹായധനം വസ്ത്രങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും വേണ്ടി ചെലവിട്ട് രാജേശ്വരി ആഡംബര ജീവിതം നയിക്കുകയാണെന്ന് വ്യാപക ആക്ഷേപം ഉയര്‍ന്നിരുന്നു.

അതേസമയം, പ്രചരിക്കുന്ന ചിത്രങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് രാജേശ്വരി. പ്രമേഹം മൂര്‍ഛിച്ച് കൊച്ചി കളമശ്ശേരി മെഡിക്കല്‍ കോളെജില്‍ ചികില്‍സയില്‍ കഴിയുകയാണ് അവര്‍.

'ജീവിതത്തില്‍ ഇന്നുവരെ ഞാന്‍ ഒരു ബ്യൂട്ടി പാര്‍ലര്‍ സന്ദര്‍ശിച്ചിട്ടില്ല. ഒരുങ്ങി നടക്കുന്നതിനെക്കുറിച്ചോ പുതിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിനെക്കുറിച്ചോ ചിന്തിക്കാവുന്ന മാനസികാവസ്ഥയിലുമല്ല ഞാന്‍' വിറയ്ക്കുന്ന സ്വരത്തില്‍ രാജേശ്വരി പറയുന്നു.

ഈ മാസമാദ്യം പെരുമ്പാവൂരിലുള്ള ഒരു തയ്യല്‍ക്കടയില്‍ പോയപ്പോള്‍ യാദൃഛികമായി എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നാണു രാജേശ്വരി പറയുന്നത്. തയ്യല്‍ക്കടയോടു ചേര്‍ന്നുതന്നെ അലക്കു കടയും ബ്യൂട്ടി പാര്‍ലറുമുണ്ട്. മകളുടെ മരണത്തിനുശേഷം, സ്ഥിരമായി പോകുന്ന കുടുംബ ക്ഷേത്രത്തില്‍ പോകുന്നവഴിക്കാണ് തയ്യല്‍ക്കടയില്‍ കയറിയത്. തയ്പ്പിച്ചു കിട്ടിയ ബ്ലൗസ് പാകമാണോ എന്ന കടയില്‍വച്ച് ഇട്ടുനോക്കിയപ്പോള്‍ അവിടെയുള്ള ഒരു പെണ്‍കുട്ടി പല വശത്തുനിന്നും ചിത്രങ്ങള്‍ എടുത്തിരുന്നു. ആ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രശ്‌നം സൃഷ്ടിച്ചിരിക്കുന്നത് രാജേശ്വരി പറയുന്നു.

സമൂഹമാധ്യമങ്ങളില്‍ മാത്രമല്ല പൊതുസ്ഥലത്തും തന്നെ ആക്ഷേപിക്കാനും ആക്രമിക്കാനും ശ്രമങ്ങളുണ്ടാകുന്നുണ്ടെന്നു പറയുന്നു രാജേശ്വരി. 'അടുത്തൊരു ദിവസം ബാങ്കില്‍ ഞാന്‍ കമ്മലുകള്‍ പണയം വച്ചു പുറത്തേക്കിറങ്ങുമ്പോള്‍ ഒരു പുരുഷന്‍ എന്റെ ചിത്രങ്ങളെടുത്തു. ഞാനപ്പോള്‍ ധരിച്ചിരുന്ന സാരി വാങ്ങിക്കാന്‍ എവിടുന്നാണ് പൈസ കിട്ടിയതെന്ന് അയാള്‍ ചോദിച്ചു. അതു വിലകൂടിയ സാരിയാണെന്നു പറഞ്ഞ് അയാള്‍ ആക്ഷേപിച്ചു. പതിവു വേഷമായ സെറ്റും മുണ്ടും അല്ലാതെ വേറൊരു വേഷം ധരിക്കുമ്പോഴോ മാല ഇടുമ്പോഴോ ഇതാണു സ്ഥിതി. ജനങ്ങളുടെ നികുതിപ്പണം ഞാന്‍ ധൂര്‍ത്തടിക്കുകയാണെന്നാണ് പലരുടെയും ആക്ഷേപം' തന്റെ ദയനീയാവസ്ഥ രാജേശ്വരി വെളിപ്പെടുത്തുന്നു.

'നല്ല വേഷം ധരിക്കുന്നതില്‍ മാത്രമല്ല ചിരിക്കുന്നതില്‍പോലും തനിക്കു വിലക്കുണ്ടെന്നും എപ്പോഴും കരഞ്ഞും വിലപിച്ചും താന്‍ കാലം കഴിക്കണമെന്നാണ് പലരും കരുതുന്ന'തെന്നും പറയുന്നു രാജേശ്വരി. മകള്‍ മരിച്ചു എന്നതു ശരി. ക്രൂരമായിരുന്നു ആ അനുഭവം. പക്ഷേ, അതിന്റെ പേരില്‍ എപ്പോഴും മുറിയടച്ചിരുന്നു ഞാന്‍ കരയണം എന്നാണോ ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.

വീട്ടില്‍ സംഭവിച്ച മരണത്തെത്തുടര്‍ന്ന് എന്നും വിലപിച്ചുകൊണ്ടിരിക്കുന്നവരുണ്ട്.
'ഞാനും കരഞ്ഞു. ഇന്നും മകളെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്റെ ചങ്ക് പൊട്ടുന്നു. പക്ഷേ അതിന്റെ പേരില്‍ മുറിയടച്ച് ഇരിക്കാന്‍ പറ്റുമോ എനിക്ക്. അധ്വാനിച്ചുണ്ടാക്കിയ സമ്പത്തുകൊണ്ടു ജീവിക്കുമ്പോഴും എന്തിനാണ് എന്നെ ആക്ഷേപിക്കുന്നത്. പുതിയ സാരിയുടുത്തതിന്റെ പേരില്‍ അധിക്ഷേപിക്കുന്നവര്‍ തുണിയുരിയാനും എന്നോടും പറയില്ലെന്നുണ്ടോ. എനിക്കൊരു വ്യക്തിത്വമുണ്ട്. അതു ചോദ്യം ചെയ്യാന്‍ ആരെയും സമ്മതിക്കില്ല'. ഉറച്ച സ്വരത്തില്‍ രാജേശ്വരി പറയുന്നു.

മകള്‍ മരിച്ച ഒരു അമ്മ സഹതാപം അര്‍ഹിക്കുന്നു; അപമാനമല്ല. പിന്നീടു കളിയാക്കാനും പരിഹസിക്കാനും വേണ്ടിയാണെങ്കില്‍ പൊതുജനം ദയവുചെയ്ത് ഇനിയാര്‍ക്കും ഒരു സംഭാവനയും കൊടുക്കരുതെന്ന ഒരു അപേക്ഷ കൂടിയുണ്ട് തനിക്കെന്നു പറയുന്നു രാജേശ്വരി.

ഒരു സ്വകാര്യസ്ഥാപനത്തില്‍ കെയര്‍ടേക്കറായി ജോലി ചെയ്യുന്നുണ്ട് രാജേശ്വരി. മാസം 12,000 രൂപ ശമ്പളം. കൂടാതെ ബാങ്കിലെ സ്ഥിരനിക്ഷേപത്തിന്റെ പലിശയായി മറ്റൊരു 12,000 രൂപയും പെരുമ്പാവൂര്‍ സ്റ്റേറ്റ് ബാങ്ക് ശാഖയില്‍നിന്നു രാജേശ്വരിക്കു കിട്ടുന്നുണ്ട്.

പക്ഷേ, ഈ തുക സ്ഥിരനിക്ഷേപത്തിലേക്കാണു പോകുന്നതെന്നും തനിക്കുമാത്രമായി ഉപയോഗിക്കാനാവില്ലെന്നുമാണ് രാജേശ്വരി പറയുന്നത്. തന്റെ പേരില്‍ എത്ര രൂപ നിക്ഷേപമുണ്ടെന്നും അതുപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ എന്തൊക്കെയാണെന്നും അറിയണമെന്നുണ്ട്. സര്‍ക്കാരും സന്നദ്ധസംഘടനകളും വ്യക്തികളും വലിയ തുകകള്‍ ബാങ്കിലെ അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഞാനാരോടും കാശിനുവേണ്ടി യാചിച്ചിട്ടില്ല. അധ്വാനിച്ചാണു ജീവിക്കുന്നത്. ഇപ്പോഴും ജോലി ചെയ്യുന്നുണ്ട് രാജേശ്വരി പറയുന്നു.

നഷ്ടപരിഹാരമായി ലഭിച്ച തുകകൊണ്ട് പുതിയ വീട്ടിലേക്കു കുറച്ചു സാധനങ്ങള്‍ വാങ്ങി. ചുറ്റുമതിലും പണിതു. വീടുകളില്‍ സഹായിയായും കെയര്‍ടേക്കറായും ജോലിചെയ്താണ് എന്റെ രണ്ടു പെണ്‍മക്കളെ ഞാന്‍ വളര്‍ത്തിയത്. അതിലെനിക്ക് അഭിമാനമുണ്ട്. എത്ര കോടികള്‍ കിട്ടിയാലും മകളെ എനിക്കു തിരിച്ചുകിട്ടില്ലല്ലോ വിതുമ്പിക്കൊണ്ടു രാജേശ്വരി പറയുന്നു.

കഴിഞ്ഞ വര്‍ഷം താന്‍ ലക്ഷങ്ങള്‍ ചെലവഴിച്ചു സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയെന്ന ആരോപണത്തെക്കുറിച്ചും വിശദീകരണമുണ്ട് രാജേശ്വരിക്ക്. മൂത്തമകള്‍ ദീപയുടെ വിവാഹ ആവശ്യത്തിനുവേണ്ടിയാണ് ആഭരണം വാങ്ങിയത്. മകളുടെ ആവശ്യപ്രകാരമായിരുന്നു അത്. രണ്ടരലക്ഷം രൂപ ചെലവായി. എനിക്കതില്‍ പശ്ചാത്താപമില്ല. വയസ്സുകാലത്ത് എന്നെനോക്കാന്‍ എനിക്കു മൂത്തമകള്‍ മാത്രമേയുള്ളൂ രാജേശ്വരി പറയുന്നു.

കൊല്ലപ്പെട്ട മകളുടെ മരണശേഷം പണികഴിപ്പിച്ച വീട്ടിലാണ് ഇപ്പോള്‍ രാജേശ്വരി താമസിക്കുന്നത്. അടുത്തിടെ പ്രചരിച്ച ആരോപണങ്ങളും അവരുടെ ആരോഗ്യത്തെ വഷളാക്കി. പ്രമേഹം മൂര്‍ച്ചിച്ച് ജോലിസ്ഥലത്തു കുഴഞ്ഞുവീണു. ആക്ഷേപിക്കാനും കളിയാക്കാനും സമയം കളയുന്നവര്‍ തന്റെ ആരോഗ്യത്തെക്കുറിച്ചു തിരക്കാന്‍ മെനക്കെടാറില്ലെന്നും 52വയസ്സുകാരിയായ രാജേശ്വരി പറയുന്നു.

തന്റെ അമ്മയ്ക്ക് എതിരെ ഉയരുന്ന ആരോപണങ്ങള്‍ വേദനിപ്പിക്കുന്നവയാണെന്നു പറയുന്നു രാജേശ്വരിയുടെ മൂത്തമകള്‍ ദീപ. മരിച്ചുപോയ സഹോദരിയുടെയത്ര അടുപ്പം എനിക്ക് അമ്മയുമായില്ല. എങ്കിലും എന്റെ അമ്മയാണവര്‍. അവരുടെ സ്വകാര്യത എന്തിനാണു ലംഘിക്കുന്നത്. എല്ലാവരും ഫാഷന്‍ മോഡലുകളെപ്പോലെ സുന്ദരിമാര്‍ ആയിരിക്കില്ല. പക്ഷേ അതിന്റെ പേരില്‍ കളിയാകുന്നതു നീതീകരിക്കാനാവില്ല ദീപ പറയുന്നു.

സഹോദരിയുടെ മരണശേഷം പലപ്പോഴും അമ്മ അസ്വാഭാവികമായി പെരുമാറാറുണ്ടെന്നും ദീപ പറയുന്നു. ആ ക്രൂരമായ സംഭവത്തിനുശേഷം ആരോഗ്യത്തോടെയും ഉഷാറോടെയും ഇരിക്കുന്ന അമ്മയെ ഞാന്‍ കണ്ടിട്ടില്ല. സാമ്പത്തിക ബുദ്ധുമുട്ടുകളും ജോലിയുമെല്ലാം അവരെ വിഷമിപ്പിച്ചിരുന്നു. പക്ഷേ, അടുത്തകാലത്തായി അമ്മ കുറച്ചു സന്തോഷം വീണ്ടെടുത്തു. ആരോഗ്യവും. അച്ഛന്‍ മരിച്ചപ്പോഴും അമ്മ കരയുന്നതു ഞാന്‍ കണ്ടില്ല ദീപ പറയുന്നു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)