എഎംഎംഎ ഒരു കുടുംബമാണെങ്കില്‍ വാക്കാലുള്ള പരാതി മതിയായിരുന്നില്ലേ? എഎംഎംഎ പ്രസിഡന്റിന്റെ പ്രസ്താവനയ്ക്ക് ആക്രമിക്കപ്പെട്ട നടിയുടെ മറുപടി

Malayalam,AMMA controversy,Mohanlal

തൃശ്ശൂര്‍: താരസംഘടനയായ എഎംഎംഎയിലെ വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കിയ എഎംഎംഎ പ്രസിഡന്റിന് മറുപടിയുമായി ആക്രമിക്കപ്പെട്ട നടി. എഎംഎംഎയുടെ നിലപാട് വ്യക്തമാക്കുന്നതിന് എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാല്‍ പത്രസമ്മേളനം വിളിച്ചു. എന്നാല്‍ സംഘടനയുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ പറഞ്ഞ കാര്യങ്ങളിലാണ് നടിയുടെ അടുത്ത സുഹൃത്തും മുന്‍ എക്സിക്യൂട്ടീവ് അംഗവുമായ രമ്യാ നമ്പീശന്‍ മറുപടിയുമായി രംഗത്തെത്തിയത്.

ദിലീപ് അവസരങ്ങള്‍ ഇല്ലാതാക്കിയെന്ന് ആരോപിച്ച് ആക്രമിക്കപ്പെട്ട നടി രേഖാമൂലം സംഘടനയ്ക്ക് പരാതി നല്‍കിയില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇതിനെതിരേ രംഗത്ത് വന്നിരിക്കുകയാണ് രമ്യ നമ്പീശന്‍.

എഎംഎംഎ ഒരു കുടുംബമാണെങ്കില്‍ ദിലീപിനെതിരേ വാക്കാല്‍ പരാതി നല്‍കിയാല്‍ സംഘടന പരിഗണിക്കില്ലേ എന്നാണ് സുഹൃത്ത് (ആക്രമിക്കപ്പെട്ട നടി) തന്നോട് ചോദിച്ചുവെന്ന് രമ്യ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു.

വാര്‍ത്താസമ്മേളം കണ്ടതിന് ശേഷം ഞാന്‍ അവളുമായി സംസാരിച്ചിരുന്നു. അവള്‍ എന്നോട് പറഞ്ഞത് ഇങ്ങനെയാണ് ''എഎംഎംഎ കുടുംബമാണെങ്കില്‍ വാക്കാലുള്ള പരാതി മതിയായിരുന്നില്ലേ? ആരും ആരോപണം ഉന്നയിക്കുകയോ എന്തിനെങ്കിലും വേണ്ടി സംഘടനയെ സമീപിക്കുകയോ ചെയ്യാറില്ല. അവര്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്നാണ് പറഞ്ഞത്. ചിലപ്പോള്‍ അവര്‍ അന്വേഷിച്ചുകാണും. ആരോപണവിധേയനായ നടന്‍ അത് തള്ളിക്കളഞ്ഞിട്ടുണ്ടാകും. എഴുതിക്കൊടുക്കാത്തതിനാല്‍ നടപടി സ്വീകരിച്ചില്ല എന്ന ന്യായമാണ് പ്രസിഡന്റ് പറയുന്നത്. പരാതി എഴുതി നല്‍കിയാലും നടപടി എടുക്കില്ല എന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്.''

തങ്ങളുടെ അടിസ്ഥാനപരമായ അവകാശങ്ങളുടെ കാര്യത്തില്‍ പോലും സംഘടന വിവേചനം കാണിക്കുന്നത് ഒരിക്കലും സ്വീകാര്യമല്ലെന്ന് രമ്യ വ്യക്തമാക്കി. ആക്രമിക്കപ്പെട്ട ആള്‍ എങ്ങനെയാണ് ആരോപണം നേരിടുന്ന ആള്‍ ഉള്‍പ്പെടുന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുക എന്നും രമ്യ ചോദിച്ചു.

പരാതി ലഭിച്ചില്ല എന്നു പറഞ്ഞ് ഒരാള്‍ നേരിടുന്ന പ്രശ്നത്തെ തള്ളുന്നത് അനീതിയാണ്. ചിലര്‍ക്കു വേണ്ടി മാത്രം പ്രത്യേക നിയമങ്ങള്‍ കൊണ്ടുവരുന്നത് എന്തുകൊണ്ടാണെന്നും രമ്യ ചോദിച്ചു. ദിലീപിനെ തിരിച്ചെടുക്കുന്നത് എഎംഎംഎ ജനറല്‍ ബോഡി യോഗത്തിലെ അജണ്ടയിലുണ്ടായിരുന്നു എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. അജണ്ടയുടെ പ്രിന്റഡ് കോപ്പിയിലുണ്ടായിരുന്ന ഏഴ് വിഷയങ്ങളില്‍ ദിലീപിന്റെ കാര്യം ഉണ്ടായിരുന്നില്ല.

ഞാനും ഗീതു മോഹന്‍ദാസും രേഖാമൂലം രാജിവച്ചിരുന്നു. എന്നാല്‍, റിമ നാട്ടിലുണ്ടായിരുന്നില്ല. അതൊന്നും ഇവിടെ പ്രസക്തമല്ല, ഞങ്ങള്‍ രാജിവച്ചുവെന്ന് തുറന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. സിനിമയിലെ സ്ത്രീ കൂട്ടായ്മയായ ഡബ്ല്യുസിസി ഏതെങ്കിലും സംഘടനയ്ക്ക് എതിരല്ലെന്നും വിവാദങ്ങള്‍ ഉണ്ടാക്കുകയല്ല തങ്ങളുടെ ലക്ഷ്യമെന്നും രമ്യ വ്യക്തമാക്കി. തൊഴിലിടത്തിലെ സുരക്ഷിതത്വമാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അതിനാല്‍ അതിനുവേണ്ടി ആരോഗ്യകരമായ ചര്‍ച്ചകള്‍ നടത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് എഎംഎംഎയില്‍ നിന്ന് ആക്രമിക്കപ്പെട്ട നടി, രമ്യാ നമ്പീശന്‍, റീമാ കല്ലിങ്കല്‍, ഗീതുമോഹന്‍ദാസ് എന്നിവര്‍ രാജി വച്ചിരുന്നു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)