മലപ്പുറത്ത് കോട്ടയ്ക്കലില്‍ ഭൂമി പിളര്‍ന്നു മാറിയതിനു കാരണം കണ്ടെത്തി; സമീപവാസികളെ മാറ്റി പാര്‍പ്പിച്ചു

Kottakkal earth cracks,Earth cracks,Kerala,Geologists

കോട്ടക്കല്‍: മലപ്പുറം ജില്ലയില്‍ കോട്ടയ്ക്കലിന് സമീപം പെരുമണ്ണ ക്ലാരിയില്‍ ഭൂമി വിണ്ടു കീറിയതിനു കാരണം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജിയോളജി-ചരിത്ര പഠന വിഭാഗം കണ്ടെത്തി. ഭൂമി പിളര്‍ന്ന് മാറിയതിനു കാരണം കുഴല്‍ക്കിണറുകള്‍ ഭൂമിക്കടിയിലെ ശിലാപാളികളിലുണ്ടാക്കിയ ആഘാതമെന്നാണ് പ്രാഥമിക നിഗമനം. ചെങ്കല്‍പ്പാളിക്കു താഴെ ശൂന്യഅറ ഉണ്ടായിരുന്നതും കുഴല്‍ക്കിണറുകള്‍ അതിന്റെ ഘടന തകര്‍ത്തതും വിള്ളലിനു വഴിവച്ചിരിക്കാമെന്ന് പരിശോധന നടത്തിയ കാലിക്കറ്റ് സര്‍വകലാശാല ജിയോളജി-ചരിത്രവിഭാഗങ്ങളുടെ സംയുക്തസംഘം അറിയിച്ചു. വിശദപഠനത്തിന് ദേശീയ ഭൗമശാസ്ത്ര കേന്ദ്രത്തിലെ (എന്‍സിഇഎസ്എസ്) വിദഗ്ധസംഘം 15ന് എത്തും.


ദുരന്തനിവാരണ അതോറിറ്റിയുടെ അഭ്യര്‍ഥന പരിഗണിച്ച് എന്‍സിഇഎസ്എസ് സീനിയര്‍ കണ്‍സല്‍റ്റന്റ് ജി ശങ്കറും സംഘവുമാണ് സ്ഥലം സന്ദര്‍ശിക്കുക. വിള്ളലില്‍ നാശനഷ്ടം നേരിട്ടവര്‍ക്ക് ദുരന്തനിവാരണനിധിയില്‍നിന്ന് നഷ്ടപരിഹാരം നല്‍കുന്നതിന് എന്‍സിഇഎസ്എസിന്റെ റിപ്പോര്‍ട്ട് സഹായകമാകും.


അതേസമയം, ആറു ദിവസം മുന്‍പു വിള്ളലിനകത്തു വീണ ആടിനെ രക്ഷിക്കാനായില്ല. സമീപത്തെ വീട്ടുകാരെ കളക്ടറുടെ ഉത്തരവനുസരിച്ച് മാറ്റിപ്പാര്‍പ്പിച്ചു. പെരുമണ്ണ ക്ലാരി കഞ്ഞിക്കുഴിങ്ങരയില്‍ 70 മീറ്റര്‍ നീളത്തില്‍ അരയടി മുതല്‍ രണ്ടരയടി വരെ വീതിയിലാണ് ഭൂമി വിണ്ടിരിക്കുന്നത്.

10 മീറ്ററിലധികം ആഴമുണ്ടെന്നാണ് നിഗമനം. ദീര്‍ഘവൃത്താകൃതിയില്‍ വിള്ളല്‍ വളരുന്നത് ശൂന്യഅറയുടെ സാന്നിധ്യമാണ് സൂചിപ്പിക്കുന്നത്. മേഖലയില്‍ വ്യാപകമായി കുഴല്‍ക്കിണറുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇത് ശിലാപാളികള്‍ക്ക് ഏല്‍പ്പിച്ച ആഘാതംമൂലം ശൂന്യഅറകള്‍ തകരുകയും ഭൂമിക്കടയില്‍ ഇടിച്ചിലുണ്ടാവുകയും ചെയ്തിട്ടുണ്ടാകാം. ഭൂഗര്‍ഭപരിശോധനാ റഡാര്‍ സര്‍വേ ഉള്‍പ്പെടെയുള്ള ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ചേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയൂ.

ഇത്തരം മേഖലകള്‍ കണ്ടെത്തി, വലിയ തോതിലുള്ള നിര്‍മ്മാണവും കുഴല്‍ക്കിണര്‍ കുഴിക്കുന്നതും അവസാനിപ്പിക്കണമെന്ന് ജിയോളജി വിഭാഗം മേധാവി ഡോ. പി ആദര്‍ശ്, ചരിത്രവിഭാഗം മേധാവി ഡോ. പി ശിവദാസന്‍ എന്നിവര്‍ പറഞ്ഞു. സ്ഥലം സന്ദര്‍ശിച്ച ജില്ലാ ദുരന്തനിവാരണ വിഭാഗവും നിഗമനം ശരിവച്ചു.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)