ദുബായില്‍ വിനോദ സഞ്ചാരത്തിനെത്തിയ യുവതിയുടെ പണവും പാസ്‌പോര്‍ട്ടുമെല്ലാം അടങ്ങിയ പഴ്‌സ് നഷ്ടപ്പെട്ടു; സഹായികളാരും ഇല്ലാതിരുന്ന വിദേശവനിതയെ ഞെട്ടിച്ച് ദുബായ് പോലീസ്

Duabi Police,Wallet lost

ദുബായ്: വിനോദ സഞ്ചാരത്തിനെത്തി പഴ്‌സ് നഷ്ടമായ വിദേശവനിതയെ ഞെട്ടിച്ച് ദുബായ് പോലീസ്. സുഹൃത്തുക്കളോ ബന്ധുക്കളോ ഒന്നുമില്ലാതെ ദുബായില്‍ വിനോദ സഞ്ചാരത്തിനെത്തിയ അമേരിക്കക്കാരിയാണ് ദുബായ് പോലീസിന് മനസുനിറയെ നന്ദി പറയുന്നത്.

ഡയാന മേരി ഇര്‍വിന്‍ ദുബായില്‍ പല സ്ഥലങ്ങളും ചുറ്റിയടിച്ച് കറങ്ങുന്നതിനിടയില്‍ അവരുടെ പഴ്‌സ് എവിടെയോ നഷ്ടപ്പെട്ടു. പാസ്‌പോര്‍ട്ടും, പണവും കാര്‍ഡുകളുമടക്കം വിലപ്പെട്ടവയെല്ലാം ഒറ്റയടിച്ച് നഷ്ടപ്പെട്ടു. വിദേശികള്‍ അത്യാവശ്യം കൈയ്യില്‍ കരുതേണ്ട രേഖകളും മടങ്ങിപ്പോകാനുള്ള പാസ്‌പോര്‍ട്ടും വരെ കൈയ്യില്‍ നിന്ന് പോയതോടെ ആകെ തകര്‍ന്ന അവര്‍ക്ക് സഹായത്തിന് പരിചയമുള്ള ആരും ദുബായിലോ യുഎഇയിലോ ഉണ്ടായിരുന്നില്ല.

ഇതോടെയാണ് ഏക ആശ്രയമെന്ന നിലയില്‍ ദുബായ് പോലീസിനെ വിളിച്ചത്. ഉടന്‍ തന്നെ ഇവര്‍ നിന്നിരുന്ന സ്ഥലത്ത് പോലീസ് പട്രോള്‍ വാഹനമെത്തി കാര്യങ്ങള്‍ അന്വേഷിച്ചു. പോയ വഴികളും കയറിയ വാഹനങ്ങളും തുടങ്ങി ഭക്ഷണം കഴിച്ച ഹോട്ടലുകള്‍ വരെ വിശദമായി ചോദിച്ചറിഞ്ഞു. വിവിധ സ്ഥലങ്ങളില്‍ പോയിരുന്നത് ഒരു കാറിലാണെന്ന് പറഞ്ഞതോടെ ആ കാര്‍ കണ്ടെത്തി പരിശോധിച്ചു. എന്നാല്‍ നിരാശയായിരുന്നു ഫലം.

തുടര്‍ന്ന് ഡയാനെയും കൂട്ടി പോലീസ് സംഘം ഇവര്‍ സഞ്ചരിച്ച വഴികളിലെല്ലാം തിരികെപ്പോവുകയായിരുന്നു. ബുര്‍ജ് ഖലീഫയിലെ റെസ്റ്റോറന്റ്, ഉമ്മു സുഖൈം ബീച്ച്, ജുമൈറ ഹോട്ടല്‍ തുടങ്ങി എല്ലാ സ്ഥലങ്ങളിലും പോലീസ് സംഘം കയറിയിറങ്ങി പരിശോധിച്ചുവെങ്കിലും പഴ്‌സ് കണ്ടെത്താന്‍ കഴിഞ്ഞില്ല.

പിന്നീട് ബര്‍ദുബായ് പോലീസ് സ്റ്റേഷനില്‍ കളഞ്ഞുകിട്ടുന്ന സാധനങ്ങള്‍ സൂക്ഷിച്ചിട്ടുള്ള സ്ഥലത്തും പരിശോധിച്ചു. ഇവിടെയും ഡയാനയുടെ പഴ്‌സ് ഉണ്ടായിരുന്നില്ല. ഒടുവില്‍ അര്‍മാനി ഹോട്ടലില്‍ എത്തിയ പോലീസ് സംഘം അവിടെ നടത്തിയ തെരച്ചിലില്‍ പഴ്‌സ് കണ്ടെടുത്തു. അതിലുണ്ടായിരുന്ന സാധനങ്ങള്‍ ഒന്നുപോലും നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നില്ല. പഴ്‌സ് തിരിച്ചുകിട്ടിയ ആഹ്ലാദത്തില്‍ കരഞ്ഞുപോയ വിദേശി വനിത ദുബായ് പോലീസിന് മനസുനിറയെ നന്ദി പറഞ്ഞാണ് മടങ്ങിയത്.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)