'ഡിറ്റക്റ്റീവ് പുഷ്പനാഥ്'; വായനയ്ക്ക് വേഗം പകര്‍ന്ന അമാനുഷികന്‍

kottayam pushpanath,dictative novelist

 

''അന്ന് അമാവാസിയായിരുന്നു. ഡിറ്റക്ടീവ് മാര്‍ക്‌സിന്റെ ബുള്ളറ്റിന്റെ ഹെഡ് ലൈറ്റ് ഇരുട്ടിനെ കീറിമുറിച്ച് മുന്നോട്ടു കുതിച്ചു. ഹെഡ്ലൈറ്റിന്റെ വെട്ടത്തില്‍ ദൂരെ ഒരു വെളുത്ത രൂപം മാക്‌സ് കണ്ടു.....'' ഉദ്വേഗജനകമായ വായന സമ്മാനിച്ച കോട്ടയം പുഷ്പനാഥ് ഇനി ഓര്‍മ്മകളിലേക്ക്...

അഗതാ ക്രിസ്റ്റിയുടെ പൊയ്റോട്ടിനെയും കോനന്‍ ഡോയലിന്റെ ഷെര്‍ലക് ഹോംസിനെയും പരിചയപ്പെടുന്നതിനും മുമ്പേ, മലയാളിയുടെ ഗ്രാമീണ വായനശാലയില്‍ ഡിറ്റക്ടീവുമാരായ മാര്‍ക്സും ടൈസും ഡോക്ടര്‍ ബ്ലീറ്റുമെല്ലാം ഇടം പിടിച്ചിരുന്നു, ഒരു തലമുറയെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ മലയാളത്തിന്റെ കഥാകാരന്‍ കോട്ടയം പുഷ്പനാഥിന്റെ കഥകളിലൂടെ.

ഡിറ്റക്ടീവ് മാര്‍ക്‌സ്, ഡിറ്റക്ടീവ് പുഷ്പരാജ് എന്നീ സ്വകാര്യ കുറ്റാന്വേഷകരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുഷ്പനാഥ് രചിച്ച നോവലുകള്‍ ഒരു കാലത്ത് മലയാളി യുവാക്കളുടെ ഹരമായിരുന്നു. എഴുപതുകളുടെ മധ്യത്തോടെയാണ് കോട്ടയം പുഷ്പനാഥ് രംഗപ്രവേശം ചെയ്യുന്നത്. മലയാളിയുടെ അതുവരെയുള്ള കുറ്റാന്വേഷണ നോവല്‍ വായനാബോധത്തെയാകെ അട്ടിമറിച്ച രചനാശൈലിയായിരുന്നു അദ്ദേഹത്തിന്റെത്. അവസാനം വരെ വായനക്കാരനില്‍ ഉദ്വേഗം നിറക്കുകയെന്നതായിരുന്നു പുഷ്പനാഥിന്റെ ശൈലി.

കോട്ടയത്ത് എംടി സെമിനാരി ഹൈസ്‌കൂള്‍, ഗുഡ്ഷെപ്പേര്‍ഡ് സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പുഷ്പനാഥിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. പിന്നീട് കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്ന് 1972-ല്‍ ചരിത്രത്തില്‍ ബിരുദമെടുത്തു. അധ്യാപികയായിരുന്ന അമ്മയാണ് പുഷ്പനാഥിനെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തിയത്.

കര്‍ദ്ദിനാളിന്റെ മരണം, നെപ്പോളിയന്റെ പ്രതിമ, യക്ഷിക്കാവ്, രാജ്‌കോട്ടിലെ നിധി, ലണ്ടന്‍ കൊട്ടാരത്തിലെ രഹസ്യങ്ങള്‍, ദി ബ്ലെയ്ഡ്, ബ്രഹ്മരക്ഷസ്സ്, ടൊര്‍ണാഡോ, ഗന്ധര്‍വ്വയാമം, ദേവയക്ഷി, ഡ്രാക്കുളക്കോട്ട, പാരലല്‍ റോഡ്, ലെവല്‍ ക്രോസ്, ഡ്രാക്കുളയുടെ അങ്കി, ഹിറ്റ്‌ലറുടെ തലയോട്, മന്ത്രമോഹിനി തുടങ്ങിയവയാണ് പ്രധാന കൃതികള്‍. കൃതികള്‍ തമിഴ്, തെലുങ്ക്, കന്നഡ മുതലായ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ബ്രഹ്മരക്ഷസ്സ്, ചുവന്ന അങ്കി തുടങ്ങിയ കൃതികള്‍ ചലച്ചിത്രങ്ങളായിരുന്നു.

കോട്ടയം ജില്ലയില്‍ അധ്യാപകനായിരുന്ന പുഷ്പനാഥന്‍ പിള്ള എന്ന കോട്ടയം പുഷ്പനാഥ്, ജോലിയില്‍നിന്ന് സ്വയം വിരമിച്ചശേഷം പൂര്‍ണമായും എഴുത്തിന്റെ ലോകത്തായിരുന്നു. കോടിയത്തൂര്‍ പ്രൈവറ്റ് സ്‌കൂള്‍, ദേവികുളം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, കല്ലാര്‍കുട്ടി എച്ച്എസ്, നാട്ടകം ഗവണ്‍മെന്റ് എച്ച്എസ്, ആര്‍പ്പൂക്കര ഗവണ്‍മെന്റ് എച്ച്എസ്, കാരാപ്പുഴ ഗവണ്‍മെന്റ് എച്ച്എസ്, തുടങ്ങിയ സ്ഥലങ്ങളില്‍ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.

അധ്യാപകനായി കഴിഞ്ഞിട്ടും കുട്ടിക്കാലത്ത് മനസ്സില്‍ കയറിയ കഥാപാത്രങ്ങള്‍ ഇറങ്ങിപ്പോയില്ല. ഫൗണ്ട് ഓഫ് ദ ബാസ്‌കര്‍ വില്‍സിലെ ചെന്നായ മനസ്സില്‍ ഓരിയിട്ടു. ഒടുവില്‍ പുഷ്പനാഥ് എന്ന ഡിറ്റക്ടീവ് നോവലിസ്റ്റിന്റെ പേനയില്‍ അപസര്‍പ്പക നോവലിന്റെ ചുവന്ന മഷി നിറഞ്ഞു. ആദ്യ നോവല്‍ പിറന്നു- ചുവന്ന മനുഷ്യന്‍.. പഠിപ്പിക്കുന്നത് സോഷ്യല്‍സ്റ്റഡീസ് ആയതുകൊണ്ട് വിദേശരാജ്യങ്ങളെക്കുറിച്ചൊക്കെ നല്ല അറിവുണ്ടായിരുന്നു. ഇതുവരെ ഒരു വിദേശ രാജ്യത്തുപോലും പോയിട്ടില്ലെങ്കിലും കഥാപാത്രങ്ങളെ വിമാനം കയറ്റി ലണ്ടനിലേക്കും കാര്‍പാത്യന്‍ മലനിരകളിലേക്കുമൊക്കെ അയക്കുവാന്‍ ഒരു വിഷമവും ഉണ്ടായില്ല.... നിഗൂഢതകള്‍ ബാക്കി വയ്ക്കാതെ നിഗൂഢതകളുടെ കഥാകാരന് യാത്രാമൊഴി.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)