കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; മികച്ച പ്രകടനത്തോടെ ഇന്ത്യ മൂന്നാം സ്ഥാനത്ത്

Common wealth games,India,CWG2018

ഗോള്‍ഡ്‌കോസ്റ്റ്: ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം. ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഇത്തവണ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്നും ഇന്ത്യ മടങ്ങിയത്. 2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സമാപന ദിവസം മൂന്നാം സ്ഥാനം ഉറപ്പിച്ചായിരുന്നു ഇന്ത്യയുടെ പ്രകടനം. ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും പിന്നില്‍ മൂന്നാം സ്ഥാനക്കാരാണ് ഇന്ത്യ. അവസാന ദിവസം മാത്രം ഇന്ത്യ ഏഴു സ്വര്‍ണ്ണമെഡലുകള്‍ നേടി. 26 സ്വര്‍ണവും 20 വെള്ളിയും 20 വെങ്കലവുമടക്കം ആകെ 66 മെഡലുകളാണ് ഇന്ത്യ നേടിയത്.


കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മൂന്നാമത്തെ വലിയ നേട്ടമാണിത്. 2010ല്‍ ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ 101 മെഡലുകള്‍ (38 സ്വര്‍ണം) നേടിയിരുന്നു. 2002ലെ മാഞ്ചസ്റ്റര്‍ ഗെയിംസില്‍ ഇന്ത്യ ആകെ 69 മെഡലുകളാണ് സ്വന്തമാക്കിയത്. 30 സ്വര്‍ണം, 22 വെള്ളി, 17 വെങ്കല മെഡലുകള്‍ എന്നിങ്ങനെയാണ് ഇംഗ്ലീഷ് മണ്ണില്‍ നിന്നും ഇന്ത്യ കൊയ്തത്. ഗ്ലാസ്‌ഗോയില്‍ നടന്ന അവസാന ഗെയിംസിനേക്കാള്‍ രണ്ട് മെഡലുകള്‍ കൂടുതല്‍ ഗോള്‍ഡ് കോസ്റ്റില്‍ ഇന്ത്യക്ക് ലഭിച്ചു. അതേസമയം 2014ലെ സ്വര്‍ണ്ണ മെഡലുകളുടെ എണ്ണം ഇന്ത്യ ആസ്‌ട്രേലിയയില്‍ ഇരട്ടിയാക്കി. ഗ്ലാസ്‌ഗോയില്‍ 64 മെഡലുകള്‍ (15 സ്വര്‍ണം, 30 വെള്ളി, 19 വെങ്കല) നേടിയപ്പോള്‍ ഗോള്‍ഡ്‌കോസ്റ്റില്‍ 26 സ്വര്‍ണ്ണ മെഡലുകളാണ് ഇന്ത്യന്‍ സംഘം നേടിയത്.


ടേബിള്‍ ടെന്നീസ് മിക്സഡ് ഡബ്ള്‍സില്‍ വെങ്കലം നേടിയായിരുന്നു ഗോള്‍ഡ്‌കോസ്റ്റില്‍ ഇന്ന് ഇന്ത്യയുടെ 11ാം ദിനം ആരംഭിച്ചത്. മനിക ബത്ര, സാതിയാന്‍ നാനശേഖരന്‍ സഖ്യമാണ് വിജയിച്ചത്. ശരത് കമാല്‍- മൗമ ദാസ് സഖ്യത്തെ 11-6, 11-2, 11-4 എന്ന സ്‌കോറിനാണ് ഇവര്‍ തോല്‍പിച്ചത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ മാണിക് ബത്രയുടെ നാലാമത്തെ മെഡലായിരുന്നു ഇത്.


പിന്നീട് ഇന്ത്യന്‍ വനിതകള്‍ ഏറ്റുമുട്ടിയ വനിതാ സിംഗ്ള്‍സ് ബാഡ്മിന്റണ്‍ കലാശപ്പോരാട്ടമാണ് നടന്നത്. ഫൈനലില്‍ സൈന നേഹ്വാള്‍ പിവി സിന്ധുവിനെ തോല്‍പിച്ചു. സ്‌കോര്‍: 21-18, 23-21. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ 26ാം സ്വര്‍ണമായിരുന്നു സൈനയുടേത്. ഗോള്‍ഡ്‌കോസ്റ്റില്‍ നടന്ന മുഴുവന്‍ മല്‍സരത്തിലും സൈന വിജയം നേടിയിരുന്നു. 2010 ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിലും സൈനക്കായിരുന്നു സ്വര്‍ണം. ബാഡ്മിന്റണ് പിന്നാലെ ഇന്ത്യയുടെ ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്തും മലേഷ്യയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം ലീ ചോങ് വെയും തമ്മിലുള്ള പോരാട്ടമായിരുന്നു നടന്നത്. എന്നാല്‍ മലേഷ്യന്‍ താരത്തിന് മുന്നില്‍ ശ്രീകാന്തിന് തോല്‍വിയായിരുന്നു കാത്തിരുന്നത്.


ഇംഗ്ലണ്ടിന്റെ മലയാളി താരമായ രാജീവ് ഔസേഫിനാണ് വെങ്കലം മെഡല്‍. പുരുഷ സിംഗിള്‍സില്‍ കിഡംബി ശ്രീകാന്ത് രാജീവ് ഔസേഫിനെ തോല്‍പിച്ചാണ് ഫൈനലില്‍ പ്രവേശിച്ചത്. വെങ്കല മെഡലിനായി മത്സരിച്ച പ്രണോയ് രാജീവ് ഔസേഫിനു മുന്നില്‍ 2-1ന് തോറ്റു. പുരുഷ ഡബ്ള്‍സില്‍ സാത്വിക് സായ് രാജ് റെഡ്ഡി-ചിരാഗ് ചന്ദ്രശേഖര്‍ വെള്ളി നേടി. ഇംഗ്ലണ്ടിന്റെ മാര്‍ക്കസ് എലിസ്- ക്രിസ് ലാന്‍ഗ്രിഡ്ജ് സംഖ്യമാണ് സ്വര്‍ണം നേടിയത്. വനിതാ ഡബ്ള്‍സില്‍ അശ്വനി പൊന്നപ്പ-സിഖി റെഡ്ഡി സഖ്യം വെങ്കലം നേടി. പുരുഷന്മാരുടെ ടേബിള്‍ ടെന്നീസ് സിംഗിള്‍സ് മത്സരത്തില്‍ ശരത് കമാല്‍ ഇംഗ്ലണ്ടിന്റെ സാമുവല്‍ വാക്കറാ തോല്‍പിച്ച് വെങ്കല മെഡല്‍ നേടി. സ്‌കോര്‍: 11-7, 11-9, 9-11, 11-6, 12-10. ഗോള്‍ഡ് കോസ്റ്റില്‍ ശരത്തിന് ലഭിച്ച മൂന്നാമത്തെ മെഡലായിരുന്നു ഇത്.

വനിതാ സ്‌ക്വാഷ് ഡബിള്‍സില്‍ ഇന്ത്യയുടെ ദീപിക പള്ളിക്കല്‍-ജോഷ്ന ചിന്നപ്പ സഖ്യം വെള്ളി നേടി. ന്യൂസിലന്‍ഡ് താരങ്ങളായ ജോയെല്‍ കിങ് -അമാന്‍ഡ ലാന്‍ഡേഴ്സ് മര്‍ഫി സഖ്യമാണ് സ്വര്‍ണം നേടിയത്. സ്‌കോര്‍: 11-9, 11-8. ഗോള്‍ഡ്‌കോസ്റ്റില്‍ ജോഷ്‌നയുടെ ആദ്യത്തെയും ദിപീകയുടെ രണ്ടാമത്തെയും മെഡലാണിത്. പുരുഷന്മാരുടെ ഡബിള്‍സില്‍ സാത്വിക് റാന്‍കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ചേര്‍ന്ന് വെള്ളിയിലൊതുങ്ങി. 13-21, 16-21 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ ജോഡിയുടെ പരാജയം.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)