പൂനെയില്‍ വാട്സണ്‍ മാജിക്; ചെന്നൈയ്ക്ക് 64 റണ്‍സിന് ജയം

 Chennai Super Kings ,rajasthan royals

 

പൂനെ: വാട്സണ്‍ മാജികില്‍ തകര്‍ന്നടിഞ്ഞ് രാജസ്ഥാന്‍. കഴിഞ്ഞ കളിയിലെ തോല്‍വിയുടെ ഭാരം പൂനയില്‍ വീട്ടിയ ധോണിപ്പട രാജസ്ഥാന്‍ റോയല്‍സിനെ വീഴ്ത്തിയത് 64 റണ്‍സിന്. തകര്‍പ്പന്‍ സെഞ്ചുറിയുമായി കളംനിറഞ്ഞ ഷെയ്ന്‍ വാട്സനാണ് കളിയിലെ ഹീറോ. 57 പന്തില്‍ ഒന്‍പത് ബൗണ്ടറിയും ആറു സിക്സറുമായി തകര്‍ത്തടിച്ച വാട്സണ്‍ 106 റണ്‍സെടുത്താണ് കളംവിട്ടത്. ജയത്തോടെ ചെന്നൈയ്ക്ക് ആറുപോയിന്റായി. സ്‌കോര്‍ ചെന്നൈ 204-5, രാജസ്ഥാന്‍ 140.

ഷെയ്ന്‍ വാട്സന്റെ വെടിക്കെട്ടിന് മറുപടി പറയാനിറങ്ങിയ രാജസ്ഥാന് തുടക്കം മുതല്‍ പിഴയ്ക്കുന്നതാണ് പൂനെയില്‍ കണ്ടത്. ഓപ്പണര്‍ ഹെന്റിക് ക്ലാസനെ (7) രണ്ടാം ഓവറില്‍ നഷ്ടപ്പെടുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 20 റണ്‍സ് മാത്രം. തൊട്ടുപിന്നാലെ ഫോമിലുള്ള സഞ്ജു വി. സാംസണിനെ (2) ദീപക് ചഹാര്‍ വീഴ്ത്തി. കാര്യങ്ങള്‍ പന്തിയല്ലെന്ന് രാജസ്ഥാന്‍ ക്യാമ്പ് തിരിച്ചറിയും മുമ്പേ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും (16) വീണു.

പതിനൊന്നു പന്തില്‍ 16 റണ്‍സെടുത്ത രഹാനെ ക്ലീന്‍ബൗള്‍ഡാക്കിയത് ചഹാര്‍. രണ്ട് ഇംഗ്ലീഷ് വെടിക്കെട്ടുകാര്‍, ജോസ് ബട്ലറും ബെന്‍ സ്റ്റോക്സും പിന്നീട് ക്രീസില്‍ ഒന്നിച്ചു. ഇരുവരും രാജസ്ഥാനെ പതിയെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. പത്തോവര്‍ പിന്നിടുമ്പോള്‍ മൂന്നിന് 77 റണ്‍സെന്ന നിലയിലായിരുന്നു രാജസ്ഥാന്‍. എന്നാല്‍ പതിനൊന്നം ഓവറിലെ ഡ്വെയ്ന്‍ ബ്രാവോയുടെ ആദ്യ പന്തില്‍ തന്നെ 22 റണ്‍സെടുത്ത ബട്ലര്‍ വീണു. 37 പന്തില്‍ 45 റണ്‍സെടുത്ത സ്റ്റോക്ക്സിനെ ഇമ്രാന്‍ താഹിറും തിരിച്ചയച്ചതോടെ രാജസ്ഥാന്‍ വീണു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് ഓപ്പണര്‍ ഷെയ്ന്‍ വാട്സണ്‍ തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. എന്നാല്‍ എട്ടു പന്തില്‍ 12 റണ്‍സെടുത്ത അമ്പാട്ടി റായുഡുവിനെ അഞ്ചാം ഓവറില്‍ നഷ്ടമായി. വാട്സണ്‍ വെടിക്കെട്ടിന്റെ ബലത്തില്‍ അതിനകം തന്നെ സ്‌കോര്‍ ബോര്‍ഡില്‍ 50 കടന്നിരുന്നു. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന സുരേഷ് റെയ്ന വാട്സണ് ഉറച്ച പിന്തുണ നല്‍കി. 29 പന്തില്‍ 46 റണ്‍സെടുത്താണ് റെയ്ന മടങ്ങിയത്. രണ്ടാം വിക്കറ്റില്‍ 81 റണ്‍സിന്റെ കൂട്ടുകെട്ടാണ് റെയ്നയും വാട്സണും പടുത്തുയര്‍ത്തിയത്.

ഇതിനിടെ ചെന്നൈയ്ക്ക് രണ്ടു വിക്കറ്റുകള്‍ പെട്ടെന്ന് നഷ്ടമായി. അഞ്ചു റണ്‍സെടുത്ത ധോണിയും സാം ബില്ലിംഗ്സും (3) പെട്ടെന്ന് പുറത്തായി. മത്സരത്തിന്റെ പതിനെട്ടാം ഓവറില്‍ ഷെയ്ന്‍ വാട്സണ്‍ സെഞ്ചുറി തികച്ചു. 51 പന്തുകളിലാണ് താരം തന്റെ മൂന്നാം ഐപിഎല്‍ സെഞ്ചുറി തികച്ചത്. അവസാന ഓവറുകളില്‍ ഡ്വെയിന്‍ ബ്രാവോയാണ് വാട്സണൊപ്പം ചേര്‍ന്നത്. അവസാന ഓവറില്‍ വാട്സണ്‍ പുറത്തായപ്പോള്‍ ബ്രാവോ 24 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. രാജസ്ഥാന് വേണ്ടി ശ്രേയസ് ഗോപല്‍ മൂന്നും ബെന്‍ ലോഗ്ലിന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)