ലോകത്തെ ആദ്യത്തെ ബഹിരാകാശ ഹോട്ടല്‍ 2022മുതല്‍ അതിഥികള്‍ക്കായി തുറക്കും

space hotel

അമേരിക്കയിലെ ഹൂസ്റ്റണ്‍ ആസ്ഥാനമായുള്ള ഒറിയോണ്‍ സ്പാന്‍ എന്ന കമ്പനിയാണ് ബഹിരാകാശ ഹോട്ടല്‍ യാഥാര്‍ത്ഥ്യമാക്കുന്നത്. ബഹിരാകാശത്തെ ആദ്യ ആഡംബര ഹോട്ടല്‍ എന്ന ഖ്യാതിയോടെ 35 അടി നീളവും 14 അടി വീതിയുമുള്ള ഒറോറ സ്റ്റേഷനാണ് ഒറിയോണ്‍ സ്പാന്‍ തയാറാക്കുന്നത്.

2021 അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാകുന്ന ഒറോറ സ്റ്റേഷനില്‍ 2022 മുതല്‍ അതിഥികളെ എത്തിച്ചുതുടങ്ങും. ഒരു സമയത്ത് നാലു സന്ദര്‍ശകരെയും രണ്ടു ക്രൂ അംഗങ്ങളെയും ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ് ഈ സ്റ്റേഷനുള്ളത്. 12 ദിവസം സന്ദര്‍ശകര്‍ക്ക് ഇവിടെ കഴിയാനാകും.

ഈ ദൗത്യത്തിന് ഒരാളില്‍നിന്ന് 95 ലക്ഷം ഡോളര്‍ കമ്പനി വാങ്ങും. താത്പര്യമുള്ളവര്‍ക്ക് 80,000 ഡോളര്‍ നല്കി ബുക്ക് ചെയ്യാം. പിന്നീട് ഈ തുക മടക്കി നല്കുമെന്നാണ് കമ്പനിയുടെ ഉറപ്പ്.

നേരത്തേ ഒരാള്‍ക്ക് ഒരു കോടി ഡോളര്‍ ചെലവാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, വിക്ഷേപണങ്ങളുടെ ചെലവ് കുറഞ്ഞതിനാല്‍ നിരക്കും കുറച്ചെന്ന് ഒറിയോണ്‍ സ്പാന്‍ സ്ഥാപകനും സിഇഒയുമായ ഫ്രാങ്ക് ബങ്കര്‍ പറഞ്ഞു.

ഒറിയോണ്‍ സ്പാനിന്റെ പദ്ധതി യാഥാര്‍ഥ്യമായാല്‍ വാണിജ്യ സ്‌പേസ് വ്യവസായത്തിന് പുതിയ മാനം കൈവരും. ഗുരുത്വാകര്‍ഷണമില്ലാത്ത ഇവിടെ നിന്ന് ഭൂമിയിലെ കാഴ്ചകള്‍ കാണാം, ഗവേഷണം നടത്താം, ഭൂമിയിലുള്ളവരുമായി അതിവേഗ ഇന്റര്‍നെറ്റിലൂടെ ആശയവിനിമയം നടത്താം എന്നുതുടങ്ങി ആകര്‍ഷക സംവിധാനങ്ങള്‍ ബഹിരാകാശ ഹോട്ടലില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഒറോറ സ്റ്റേഷന്‍ സന്ദര്‍ശകര്‍ക്കായി യാത്രയ്ക്കു മുമ്പ് മൂന്നു മാസത്തെ പരിശീലനം കമ്പനി നല്കും. ബഹിരാകാശ യാത്ര, ഓര്‍ബിറ്റല്‍ മെക്കാനിക്‌സ്, ബഹിരാകാശ ജീവിതം എന്നിവയെക്കുറിച്ച് ഓണ്‍ലൈനായാണ് പ്രാരംഭ പരിശീലനം നല്കുക. ഇതിനുശേഷം ഒറിയോണ്‍ സ്പാനിന്റെ ഹൂസ്റ്റണിലുള്ള ആസ്ഥാനത്ത് പ്രായോഗിക പരിശീലനവും നല്കും.

''വരൂ നമുക്ക് കടല്‍ത്തീരത്തുപോയി കാഴ്ചകള്‍ ആസ്വദിക്കാം എന്നു പറയുന്നതുപോലെയല്ല തങ്ങള്‍ ബഹിരാകാശത്തു കൊണ്ടുപോകുന്നത്. ഒരു ബഹിരാകാശ സഞ്ചാരിയുടെ അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്'': ഒറിയോണ്‍ സ്പാന്‍ പറയുന്നു.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)