സൂപ്പര്‍ താരങ്ങളെ കാണുമ്പോള്‍ തന്നെ അവര്‍ വശീകരിക്കപ്പെടും; വനിതാ കൂട്ടായ്മയെ പരസ്യമായി കളിയാക്കി 'അമ്മ'യുടെ സ്‌കിറ്റ്; കൂട്ടുചേര്‍ന്ന് മോഹന്‍ലാലും മമ്മൂട്ടിയും; പ്രതീക്ഷിച്ചതെന്ന് ഡബ്ലുസിസി

WCC,AMMA,Malayalam movie industry,Mohanlal,Mammootty

കേരളത്തെ തന്നെ ഞെട്ടിച്ച നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തിനു പിന്നാലെ മലയാള സിനിമാ ലോകം രണ്ടായി പിളര്‍ന്നിരുന്നു. നടിക്ക് നീതി ആവശ്യപ്പെട്ടും സിനിമാലോകത്തെ ആണ്‍കോയ്മ ചോദ്യം ചെയ്തും ഒരു കൂട്ടം വനിതാ സിനിമാ പ്രവര്‍ത്തകര്‍ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന പേരില്‍ പുതിയ സംഘടനയ്ക്ക് രൂപം നല്‍കിയിരുന്നു. ഇതില്‍ ഔദ്യോഗിക മലയാള താരങ്ങളുടെ സംഘടനയായ അമ്മയിലെ അംഗങ്ങള്‍ക്ക് കടുത്ത എതിര്‍പ്പും ഉണ്ടായിരുന്നു.

ആ എതിര്‍പ്പ് പരസ്യമായി പുറത്തുവന്ന പരിപാടിയായിരുന്നു അമ്മയിലെ താരങ്ങള്‍ നാളുകള്‍ക്ക് ശേഷം ഒരുമിച്ച് നടത്തിയ 'അമ്മ മഴവില്‍ ഷോ'. മലയാള നടിമാരും നടന്‍മാരും ഡബ്ലുസിസിയെ പരസ്യമായി അവഹേളിക്കാന്‍ ലഭിച്ച അവസരമാക്കി മാറ്റുകയായിരുന്നു അമ്മയും മഴവില്‍ മനോരമയും ചേര്‍ന്ന് തലസ്ഥാന നഗരിയില്‍ നടത്തിയ അമ്മ മഴവില്‍ ഷോ എന്ന ഈ സ്‌റ്റേജ് ഷോ.

 


വനിതാസംഘടനയെ പരിഹസിച്ച് സ്‌കിറ്റ് അവതരിപ്പിച്ചാണ് സൂപ്പര്‍താരങ്ങള്‍ ഡബ്ലുസിസിയെ താറടിച്ച് കാണിച്ചത്. തലമുതിര്‍ന്ന താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും വനിതാസംഘടനയെ ട്രോളുന്ന സ്‌കിറ്റില്‍ ഭാഗമായി. മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തിനെതിരെ പാര്‍വതി സംസാരിച്ച സംഭവത്തെ മുന്‍നിര്‍ത്തിയാണ് അമ്മ മഴവില്‍ ഷോയില്‍ ഡബ്ല്യുസിസിക്കെതിരെ സ്‌കിറ്റ് അവതരിപ്പിച്ചത്.


സുരഭി, മഞ്ജുപിള്ള, അനന്യ, കുക്കു, പൊന്നമ്മ ബാബു, ആര്യ തുടങ്ങിയവര്‍ മുഖ്യ വേഷത്തിലെത്തിയ അമ്മ മഴവില്‍ സ്‌കിറ്റില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമേ സിദ്ദിക്കും അഭിനയിച്ചിട്ടുണ്ട്. സ്ത്രീസുരക്ഷ, വസ്ത്രധാരണം, ശാരീരികമായ പ്രത്യേകതകള്‍ എന്നിവയൊക്കെ ട്രോളുന്ന സ്‌കിറ്റില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കാണുമ്പോള്‍ തന്നെ വശീകരിക്കപ്പെടുന്നവരാണ് വനിതാസംഘടനയിലെ സ്ത്രീകളെന്നും സ്വന്തമായി യാതൊരു അഭിപ്രായവും നിലപാടും ഇല്ലാത്തവരാണ് അവരെന്നും പരിഹസിക്കുന്നുണ്ട്.

എന്നാല്‍ അമ്മയുടെ ഈ പരിപാടി തങ്ങള്‍ പ്രതീക്ഷിച്ചിരുന്നത് തന്നെയാണെന്നാണ് വിമെന്‍ ഇന്‍ കളക്ടീവ് അംഗങ്ങളുടെ അഭിപ്രായം. എന്നാല്‍, ഇത്തരം പരിഹാസങ്ങളും കൂക്കുവിളികളും തങ്ങള്‍ മുന്നോട്ട് വെക്കുന്ന ആശയങ്ങളെ ഒരുതരത്തിലും ബാധിക്കുകയില്ലെന്നും ഡബ്ല്യുസിസി ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)