മലയാളത്തിലും തമിഴിലുമായി നിരവധി വ്യത്യസ്ത വേഷങ്ങള്‍ ചെയ്ത് ആരാധകരെ അമ്പരിപ്പിച്ച താരമാണ് രേവതി. സംവിധായികയായും തന്റെ കഴിവ് തെളിയിച്ച താരം കൂടിയാണ് രേവതി. നിരവധി കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചെങ്കിലും താരത്തിന്റെ ഏറ്റവും വലിയ ആഗ്രഹം ശക്തമായ ഒരു ഡോണ്‍ കഥാപാത്രം ചെയ്യണമെന്നാണ്. ഇന്ത്യന്‍ എക്സ്പ്രസുമായുള്ള അഭിമുഖത്തിലാണ് രേവതി തന്റെ ആഗ്രഹം തുറന്ന് പറഞ്ഞത്.
‘150 സിനിമകളെങ്കിലും കുറഞ്ഞത് ഞാന്‍ ചെയ്തിട്ടുണ്ടാവും. സത്യത്തില്‍ ഒരു ശക്തമായ ഡോണ്‍ കഥാപാത്രം ചെയ്യണമെന്ന അതിയായ ആഗ്രഹമുണ്ട് എനിക്ക്. ‘പുതുമൈ പെണ്ണി’ല്‍ അഭിനയിക്കുമ്പോള്‍ എനിക്ക് 17 വയസ്സാണ് പ്രായം. അഭിനയത്തെക്കുറിച്ചോ സിനിമയുടെ ക്രാഫ്റ്റിനെ കുറിച്ചോ അന്ന് എനിക്ക് അധികമൊന്നും അറിയില്ലായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല, കൂടുതല്‍ പക്വത വന്നു. കഥാപാത്രത്തെ കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കും. കൂടുതല്‍ സംവിധായകരും ഇപ്പോള്‍ എന്നെ സമീപിക്കുന്നത് അമ്മ വേഷങ്ങള്‍ ചെയ്യാനാണ്. എന്നാല്‍ അതിലെനിക്ക് ഒട്ടും താല്‍പ്പര്യമില്ല. ഞാന്‍ ആസ്വദിക്കാത്ത ഒന്ന് ഞാനെന്തിനാണ് ചെയ്യുന്നത്’ എന്നാണ് ഇന്ത്യന്‍ എക്സ്പ്രസുമായുള്ള അഭിമുഖത്തില്‍ രേവതി പറഞ്ഞത്.
തമിഴ് ചിത്രം ‘ജാക്ക്പോട്ട്’ ആണ് ഒടുവില്‍ തീയ്യേറ്ററിലെത്തിയ രേവതിയുടെ ചിത്രം. ജ്യോതികയും രേവതിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആക്ഷന്‍-കോമഡി എന്റര്‍ടെയ്നറായാണ് ചിത്രം എത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം രേവതി ഹാസ്യ സ്വഭാവത്തിലുള്ള ഒരു മുഴുനീള വേഷം ചെയ്ത ചിത്രം കൂടിയാണിത്. മന്‍സൂര്‍ അലിഖാന്, ആനന്ദരാജ്, മൊട്ട രാജേന്ദ്രന്, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
Discussion about this post