തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ആക്രമണ കേസിലെ മുഖ്യപ്രതികളിലൊരാളായ ശിവരഞ്ജിത് താൻ ഉത്തരക്കടലാസുകൾ മോഷ്ടിച്ചിരുന്നെന്ന് സമ്മതിച്ചു. കോളജിലെത്തിച്ച ഉത്തരക്കടലാസ് കെട്ടിൽനിന്നാണ് മോഷണം നടത്തിയതെന്നും കോപ്പിയടിയായിരുന്നു ലക്ഷ്യമെന്നും മൊഴിയിൽ പറയുന്നു.
മോഷ്ടിച്ച സ്ഥലം തെളിവെടുപ്പിൽ ചൂണ്ടിക്കാണിച്ച് നൽകിയെന്നും പോലീസ് പറഞ്ഞു. ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തിൽ പ്രതി ശിവരഞ്ജിത്തിനെ ഇന്നു രാവിലെ കോളേജിലെത്തിച്ചു തെളിവെടുത്തിരുന്നു.
നേരത്തെ ശിവരഞ്ജിതിന്റെ വീട്ടിൽ നിന്നും പോലീസ് ഉത്തരക്കടലാസുകൾ കണ്ടെടുത്തിരുന്നു. പിഎസ്സി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ശിവരഞ്ജിതിന്റെ നേട്ടവും അന്വേഷണത്തിന്റെ പരിധിയിലാണ്. അതേസമയം, ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും തുറന്ന യൂണിവേഴ്സിറ്റി കോളേജിൽ നിന്നും പോലീസിനെ പുറത്താക്കി. എഎസ്ഐ അടക്കം അഞ്ചുപോലീസുകാരാണ് സുരക്ഷാ ചുമതലയ്ക്ക് കോളേജിനുള്ളിൽ ഉണ്ടായിരുന്നത്. ഇന്നു രാവിലെ പുറത്തിറങ്ങാനുള്ള നിർദേശത്തെ തുടർന്നു ഇവർ മതിൽ കെട്ടിനു പുറത്തേക്കിറങ്ങി.
വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ പോലീസിനെ പിൻവലിക്കുകയായിരുന്നു. ഇതോടൊപ്പം കുത്തുകേസിൽ ഉൾപ്പെട്ട ഒൻപതു വിദ്യാർത്ഥികളെ കൂടി സസ്പെന്റ് ചെയ്തിട്ടുമുണ്ട്. ഇതോടെ സംഭവുമായി ബന്ധപ്പെട്ട് സ്പെൻഷനിലായവരുടെ എണ്ണം 15 ആയി.
Discussion about this post