കുട്ടികള്‍ അനുകരിക്കാന്‍ സാധ്യത ഉള്ളതിനാല്‍ സിനിമകളില്‍ നിന്ന് മദ്യപാനവും പുകവലിയുമുള്ള രംഗങ്ങള്‍ ഒഴിവാക്കണമെന്ന നിയമസഭാ സമിതിയുടെ ശുപാര്‍ശ നടപ്പാക്കിയാല്‍ ഭക്തിപ്പടങ്ങള്‍ മാത്രം എടുക്കേണ്ടി വരുമെന്ന് നടന് ബിജു മേനോന്. തന്റെ പുതിയ ചിത്രമായ ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ?’ എന്ന സിനിമയുടെ പ്രവര്‍ത്തകരുമായി പ്രസ് ക്ലബ് നടത്തിയ അഭിമുഖത്തിലാണ് ബിജു മേനോന് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. നിയമസഭാ സമിതിയുടെ ശുപാര്‍ശയെ കുറിച്ചു സിനിമാ മേഖല കൂട്ടായി ആലോചിച്ചു നിലപാട് എടുക്കണമെന്നും താരം പറഞ്ഞു.
മികച്ച വരവേല്‍പ്പാണ് പ്രേക്ഷകര്‍ ചിത്രത്തിന് നല്‍കിയത്. ചിത്രത്തില്‍ സുനി എന്ന കഥാപാത്രമായാണ് ബിജു മേനോന് അവതരിപ്പിച്ചത്. അതേസമയം ചിത്രത്തിലെ സുനി എന്ന കഥാപാത്രവും ജീവിതത്തിലെ ബിജു മേനോനും രണ്ട് തലങ്ങളില്‍ നില്‍ക്കുന്നവരാണെന്നും ബിജു മേനോന് പറഞ്ഞു. ‘ചിത്രത്തിലെ കഥാപാത്രം പോലെ കുടുംബത്തോട് ഉത്തരവാദിത്വമില്ലാതെ നടക്കുന്ന ആളല്ല, ജീവിതത്തില്‍ സ്വന്തം കുടുംബത്തോടു നല്ല ഉത്തരവാദിത്വമുള്ളയാളാണു ഞാന്‍’എന്നാണ് താരം അഭിമുഖത്തില്‍ പറഞ്ഞത്. സാധാരണക്കാരുടെ ജീവിതത്തോട് ഏറെ അടുത്തു നില്ക്കുന്ന പ്രമേയം വളരെ റിയലിസ്റ്റിക് ആയി അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞ ബിജു മേനോന് സിനിമയെ പ്രേക്ഷകര്‍ ഏറ്റെടുത്തതിലുള്ള നന്ദിയും അറിയിച്ചു.
ഒരു വടക്കന്‍ സെല്‍ഫിയ്ക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ സംവൃത സുനില്‍ ആണ് നായികയായി എത്തിയത്. അലന്‍സിയര്‍, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, വിജയകുമാര്‍, ദിനേശ് പ്രഭാകര്‍, മുസ്തഫ, ബീറ്റോ, ശ്രീലക്ഷ്മി, ശ്രുതി ജയന് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍.
Discussion about this post