ബെംഗളുരു: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ വിശ്വാസവോട്ട് തേടാനൊരുങ്ങി കുമാരസ്വാമി. എല്ലാ ജെഡിഎസ് – കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും പാര്‍ട്ടി വിപ്പ് നല്‍കി. വിമതര്‍ക്ക് ഉള്‍പ്പടെയാണ് വിപ്പ് നല്‍കിയിരിക്കുന്നത്. വിശ്വാസവോട്ടിന് തയ്യാറാണെന്നും തീയതി സ്പീക്കര്‍ക്ക് തീരുമാനിക്കാമെന്നും കുമാരസ്വാമി നിയമസഭയില്‍ പറഞ്ഞു. ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കുന്നത് വരെ തല്‍സ്ഥിതി തുടരണമെന്ന സുപ്രീംകോടതി ഉത്തരവ് വന്നതോടെയാണ് കുമാരസ്വാമി വിശ്വാസവോട്ട് എടുപ്പിന് ഒരുങ്ങുന്നത്.
തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സ്പീക്കര്‍ തീരുമാനിച്ചേക്കുമെന്ന സൂചനയുണ്ട്. അതെസമയം എല്ലാ എംഎല്‍എമാര്‍ക്കും വിപ്പ് നല്‍കിയതിലൂടെ, വിമതര്‍ക്ക് കുരുക്കിടുകയാണ് കുമാരസ്വാമി സര്‍ക്കാര്‍. വിമതര്‍ക്ക് ഉള്‍പ്പടെ വിപ്പ് നല്‍കിയതോടെ ഇപ്പോള്‍ മുംബൈയിലുള്ള വിമതര്‍ക്ക് വിപ്പ് ലംഘിക്കാനാകില്ല.
അതിനാല്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടി വരും. വിശ്വാസവോട്ടെടുപ്പ് നടന്നാല്‍ വോട്ട് രേഖപ്പെടുത്തുകയും വേണ്ടി വരും. വോട്ട് സര്‍ക്കാരിനെതിരായാലോ, പങ്കെടുക്കാതിരിക്കുകയോ, സമ്മേളനത്തില്‍ എത്താതിരിക്കുകയോ ചെയ്താല്‍ ചീഫ് വിപ്പിന് ഇത് അയോഗ്യതയ്ക്കുള്ള കാരണമായി കണക്കാക്കുകയും ചെയ്യാം. കൂടാതെ എംഎല്‍എമാര്‍ വിപ്പ് ലംഘിച്ചെന്ന് കാണിച്ച് സ്പീക്കര്‍ക്ക് ഇവരെ അയോഗ്യരാക്കാം.
എന്നാല്‍ വിശ്വാസവോട്ട് എടുപ്പിനെ എതിര്‍ത്ത് ബിജെപി രംഗത്തെത്തി. നിയമസഭാ സമ്മേളനത്തിലെ ആദ്യ ദിവസമായ ഇന്നത്തെ അജണ്ടയ്ക്ക് പുറത്തുള്ള വിഷയമാണ് മുഖ്യമന്ത്രി ഉന്നയിച്ചതെന്നാണ് ബിജെപി ആരോപണം.
Discussion about this post