ന്യൂഡല്‍ഹി; കര്‍ണാടകത്തില്‍ രാജി സന്നദ്ധത അറിയിച്ച് നില്ക്കുന്ന വിമത എംഎല്‍എമാരോട് കര്‍ണാടക സ്പീക്കറിന് മുന്നില്‍ ഇന്ന് വൈകിട്ട് ഹാജരായി, രാജി കത്ത് നല്കാന് സുപ്രീംകോടതി അനുമതി നല്കി.
വൈകിട്ട് 6 മണിക്ക് ഹാജരായി രാജി കത്ത് നല്‍കുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്. രാജി കത്തില്‍ സ്പീക്കര്‍ ഇന്ന് തന്നെ തീരുമാനം എടുക്കണമെന്നും കോടതി വ്യക്തമാക്കി.
വിമത എംഎല്‍എമാരുടെ രാജി കര്‍ണാടക സ്പീക്കര്‍ സ്വീകരിക്കാത്തതിന് എതിരെയാണ് വിമത എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. പത്ത് വിമത എംഎല്‍എമാരാണ് കോടതിയെ സമീപിച്ചത്.
സ്പീക്കര്‍ തന്റെ കടമ നിര്‍വഹിക്കുന്നില്ലെന്നും എംഎല്‍എ മാരുടെ രാജി സ്വീകരിക്കുന്നില്ലെന്നും വളരെ ഗുരുതരമായ പ്രതിസന്ധി ആണിതെന്നും എംഎല്‍എമാര്‍ക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി പറഞ്ഞു.
സര്‍ക്കാരിന്റെ പ്രവര്‍ത്തികളില്‍ ജനങ്ങള്‍ക്ക് അതൃപ്തിയാണെന്നും, വീണ്ടും ജനങ്ങളിലേക്ക് പോകണം. രാജി വച്ച് തെരെഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാണ് എംഎല്‍എമാരുടെ ആവശ്യമെന്നും മുകുള്‍ റോത്തഗി വ്യക്തമാക്കി.
തുടര്‍ന്നാണ് ഇന്ന് വൈകിട്ട് ഹാജരായി രാജി കത്ത് നല്കാന് സുപ്രീംകോടതി അനുമതി നല്‍കിയത്. കൂടാതെ എംഎല്‍എമാര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ ഡിജിപിയോട് കോടതി നിര്‍ദേശം നല്കി. അതെസമയം വിമത എംഎല്‍എമാരുടെ ഹര്‍ജി നാളെ പരിഗണിക്കാന്‍ ആയി മാറ്റി.
ജൂലൈ ആറിനാണ് 10 വിമത വിമത എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ചത്. നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ എംഎല്‍എമാരുടെ രാജി അംഗീകരിക്കാതിരുന്നതൊടെയാണ് വിഷയം കോടതി കയറിയത്.
Discussion about this post