കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ പൊതുമേഖലാ ബാങ്കിന്റെ ലോക്കറില്‍ സൂക്ഷിച്ച 100 പവന് സ്വര്‍ണ്ണം കണ്ടെത്തിയത് മാലിന്യക്കൂമ്പാരത്തില്‍. ബാങ്കിലെ ഇലക്ട്രോണിക് മാലിന്യക്കൂമ്പാരത്തില്‍ നിന്നാണ് സ്വര്‍ണമടങ്ങിയ പെട്ടി കണ്ടെത്തിയത്. എന്നാല്‍ സ്വര്‍ണ്ണം എങ്ങനെ മാലിന്യ കൂമ്പാരത്തിലെത്തി എന്നത് സംബന്ധിച്ച് ബാങ്ക് അധികൃതരുടെ വിവരണം കേട്ടാല്‍ ആരും അമ്പരക്കുകയും ചെയ്യും. ഇനിയും വ്യക്തതയില്ലാതെയാണ് ബാങ്കിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം.
ലോക്കറില്‍ സൂക്ഷിച്ചിരുന്ന 100 പവന് സ്വര്‍ണാഭരണങ്ങള്‍ കാണാതായെന്നു ചൂണ്ടിക്കാട്ടി ആലംപാടി ബാഫഖി നഗറിലെ സൈനബയാണ് കഴിഞ്ഞ ദിവസം ടൗണ്‍ പോലീസില്‍ പരാതി നല്‍കിയത്. ബാങ്കിന്റെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 100 പവന് കാണാനില്ലെന്നായിരുന്നു ഇടപാടുകാരിയുടെ മൊഴി. ഈ മൊഴിയല്ലാതെ സ്വര്‍ണ്ണം ലോക്കറിലുണ്ടായിരുന്നെന്ന് സ്ഥിരീകരിക്കാന്‍ മറ്റ് തെളിവുകളുമില്ലായിരുന്നു. ഇതോടെ പോലീസും കുഴങ്ങി.
ഇതിനിടെ, ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയില്‍ ഇ-വേയ്സ്റ്റ് കൂമ്പാരത്തില്‍ നിന്ന് സ്വര്‍ണ്ണമടങ്ങിയ പെട്ടി കണ്ടെത്തുകയും ചെയ്തു. ലോക്കര്‍ കാബിന് സമീപത്തെ സിസിടിവി കാമറ പ്രവര്‍ത്തന രഹിതമായതും, സ്വര്‍ണം കണ്ടെത്തിയ സാഹചര്യവും ദുരൂഹത ഉയര്‍ത്തുന്നുണ്ടെന്നും ബാങ്ക് അധികൃതരുടെ ഭാഗത്തെ ഗുരുതരമായ വീഴ്ചയാണ് ഇതെന്നും പരാതിക്കാരിയും ബന്ധുക്കളും കുറ്റപ്പെടുത്തി.
എങ്കിലും, പോലീസ് കേസെടുത്താല്‍ സ്വര്‍ണ്ണം മടക്കി ലഭിക്കാന്‍ കാലതാമസം നേരിടുമെന്നുള്ളതിനാല് സൈനബ പരാതി പിന്‍വലിച്ചിരിക്കുകയാണ്. 140 പവന് സ്വര്‍ണം രണ്ടു പെട്ടികളിലാക്കിയായിരുന്നു ലോക്കറില്‍ സൂക്ഷിച്ചിരുന്നതെന്നാണ് സൈനബയുടെ മൊഴി. ലോക്കര്‍ തുറന്ന് സ്വര്‍ണ്ണം എടുത്തശേഷം മടക്കി വെയ്ക്കുന്നതിനിടയില്‍ ഒരു പെട്ടി എടുത്തു വെയ്ക്കാന്‍ മറന്നാതാകുമെന്ന സംശയമാണ് അധികൃതര്‍ പോലീസിനു മുന്നില്‍ അവതരിപ്പിച്ചത്. പരാതിയില്ലാത്തതിനാല്‍ കേസ് നിര്‍ജീവാവസ്ഥയിലാണ്.
Discussion about this post