കോഴിക്കോട്: പൊരിച്ച പുഴമീനും കൂട്ടി നല്ല അസ്സല്‍ ഊണിന് കോഴിക്കോട്ടെ ബാലേട്ടന്റെ കടയില്‍ 50 രൂപയാണ് വില. പക്ഷേ ഒരല്‍പ്പമെങ്കിലും ബാക്കി വെച്ചാല്‍ രൂപ 90 കൊടുക്കണം. ഇത് പിഴിഞ്ഞ് കാശുണ്ടാക്കുന്ന രീതിയല്ല, മറിച്ച് ബാലേട്ടന്റെ സ്‌നേഹത്തില്‍ ചാലിച്ച നിര്‍ബന്ധമാണ്. കടയില്‍ എത്തുന്നവര്‍ വയറും മനസും നിറഞ്ഞ് ആഹാരം കഴിച്ച് മടങ്ങണം എന്നത്. അതിനാല്‍ ആണ് ആരും ബാക്കി വെക്കാതിരിക്കാന്‍ 90 വേണമെന്ന് ആവശ്യപ്പെടുന്നതിന് കാരണം. മാത്രമല്ല, നല്ല സ്‌പെഷ്യന്‍ മീന്‍ രുചികളും അറിയണമെങ്കില്‍ ഇവിടെ തന്നെ എത്തണം.
കടലുണ്ടി സ്വദേശിയായ ബാലകൃഷ്ണന്റെ കൈലാസ് ഹോട്ടലാണ് പുഴമീന്‍ രുചിയുടെ ‘കപ്പലോട്ടം നടത്തി’ ഹിറ്റായി മാറിയത്. പെടയ്ക്കണ കൂറ്റന്‍ചെമ്പല്ലി നല്ല എരിവുള്ള മസാലയും ചേര്‍ത്ത് തിളച്ച എണ്ണയില്‍ നിന്ന് വറുത്തുകോരുമ്പോള്‍ രുചിയുടെ ത്രസിപ്പിക്കുന്ന മണം ആളുകളെ കടയിലേയ്ക്ക് തള്ളി കയറ്റുകയാണ് ചെയ്യുന്നത്. കൈലാസ് എന്നു പറഞ്ഞാല്‍ ഒന്നും അറിയില്ല, മറിച്ച് ബാലേട്ടന്റെ കട എന്ന് എടുത്ത് പറയണം. പുഴമീന്‍ വറുത്തതും ചോറും തന്നെയാണ് ഇവിടെയുള്ള ഏക വിഭവം. ഒരു വിഭവമെന്ന് കരുതി തള്ളിക്കളയേണ്ട. പുഴമീന്‍ വറുത്തത് ഒന്നു മതിയാകും അന്നത്തെ ദിവസം തന്നെ ആഹാരം വേണ്ടെന്ന് പറയും.
ഒരു ഭീമന്‍ പുഴമീനിനെ പിടിച്ച് മുഴുവനായും പൊരിച്ച് വാഴയിലയിലാക്കി തീന്‍മേശയില്‍ കൊണ്ടു വെയ്ക്കും. അത് കാണുമ്പോഴെ മനസും വയറും ഒരുപോലെ നിറയും. പിന്നെ ആവി പറക്കുന്ന ചൂട് ചോറും. വീടിനോട് ചേര്‍ന്ന് തന്നെയാണ് ഹോട്ടല്‍. പുഴയില്‍നിന്ന് പിടിച്ച മീനുകളുമായി രാവിലെ നാലുമുതല്‍ വീടിനു മുമ്പില്‍ മീന്‍പിടിത്തകാരെത്തും. ആകോലി, ചെമ്പല്ലി, ഞണ്ട്, കല്ലുമ്മക്കായ, കരിമീന്‍, പൂമീന്‍, അമൂര്‍, ചെമ്മീന്‍, നരിമീന്‍ എന്നിവയാണ് പ്രധാനമായും ഉള്ളത്. ദിവസവും 30,000 മുതല്‍ 40,000 രൂപയ്ക്കുവരെ മീന്‍ വാങ്ങും. രാവിലെ 11 മുതല്‍ കടയില്‍ തിരക്ക് തുടങ്ങും.
അത് വൈകുന്നേരം മൂന്ന് മണിവരെ നീളും. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ കടയില്‍ എത്തുന്നതിന് മിനിറ്റുകള്‍ക്കുമുമ്പാണ് മീന്‍പൊരിക്കുക. അതുകൊണ്ട് തന്നെ തീന്‍മേശയില്‍ എത്തുന്നത് നല്ല ചൂടോടു കൂടി തന്നെയാണ്. അന്നത്തെ ദിവസം വാങ്ങിക്കുന്ന മീനുകള്‍ അന്ന് തന്നെ എടുത്ത് തീര്‍ക്കും. വാങ്ങി ഫ്രിഡ്ജില്‍ വെച്ച് അടുത്ത ദിവസം എടുക്കുന്ന പരിപാടി ഇവിടെ ഇല്ല. ഫ്രഷ് സാധനങ്ങള്‍ വില്‍ക്കുക എന്നത് ബാലേട്ടന്റെ നിര്‍ബന്ധം കൂടിയാണ്. പിന്നെ ഭാര്യ ദമയന്തിയുടെ കൈപ്പുണ്യമാണ് ഈ രുചികള്‍ക്ക് പിന്നിലെ രഹസ്യം എന്നാണ് ബാലേട്ടന്‍ പറയുന്നത്. എന്നാല്‍ പ്രത്യേക രുചിക്കൂട്ട് ഒന്നുമില്ലെന്നും സാധാരണരീതിയില്‍ തന്നെയാണ് മീന്‍പൊരിക്കുന്നതെന്ന് ഭാര്യ ദമയന്തിയും പറയുന്നു.
മറ്റൊരു പ്രത്യേക എന്തെന്നു വെച്ചാല്‍ മീന്‍ കഷ്ണമായി മുറിക്കുന്നതിനു പകരം അങ്ങനെതന്നെ പൊരിക്കുകയാണ് ചെയ്യുന്നത്. ഇത് സ്വാദ് കൂട്ടുമെന്ന് ബാലേട്ടന്‍ പറയുന്നു. പണത്തിനെക്കാള്‍ വലുതാണ് ഭക്ഷണം ഉഷാറായി എന്ന് കേള്‍ക്കുമ്പോഴുള്ള സന്തോഷമെന്ന് ബാലേട്ടന്‍ കൂട്ടിച്ചേര്‍ത്തു. ഇവിടെ വരുന്നവര്‍ ഭക്ഷണംകഴിച്ച് വയറുനിറച്ചേ പോവാന്‍ പാടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. കട തുടങ്ങിയിട്ട് ഇപ്പോള്‍ വര്‍ഷം പതിമൂന്ന് പിന്നിട്ടു. ആദ്യം പ്രഭാതഭക്ഷണം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അന്നത്തെ സ്‌പെഷ്യല്‍ വിഭവം പുട്ടും ഞണ്ട് കറിയുമായിരുന്നു. പിന്നീട് അത് ഒഴിവാക്കി ഉച്ചഭക്ഷണത്തിലേക്ക് തിരിയുകയായിരുന്നു. ബാലേട്ടന്റെ ഒപ്പം മക്കളും, മരുമകളും കൂടും.
Discussion about this post