സാവോപോളോ: കോപ്പ അമേരിക്ക ടൂര്‍ണമെന്റ് അവസാനിച്ചിട്ടും വിവാദം പുകയുന്നു. അര്‍ജന്റീന-ചിലി ലൂസേഴ്സ് ഫൈനലില്‍ മെസിക്ക് ലഭിച്ച ചുവപ്പ് കാര്‍ഡിന് പിന്നാലെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. ടൂര്‍ണമെന്റ് ഒരുക്കിയിരിക്കുന്നത് ബ്രസീലിന് അനുകൂലമായിട്ടാണെന്നും കപ്പ് അവര്‍ക്ക് തന്നെ ആയിരിക്കുമെന്നും മെസി ആരോപിച്ചിരുന്നു. ടൂര്‍ണമെന്റ് നടത്തിപ്പിനെതിരെ ആഞ്ഞടിച്ച മെസി അഴിമതിയാരോപണവും ഉന്നയിച്ചു. മത്സരശേഷം മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മെഡല്‍ വാങ്ങാന്‍ മെസി എത്തിയതുമില്ല.
ഇതിനു പിന്നാലെ കളിയെ ബഹുമാനിക്കണമെന്നായിരുന്നു മെസിക്കുള്ള ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ പരോക്ഷ മറുപടി. ഒപ്പം, ടൂര്‍ണമെന്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച മെസിക്കെതിരേ കടുത്ത ശിക്ഷാ നടപടി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. മെസിക്ക് കോണ്‍മബോള്‍ രണ്ട് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയേക്കുമെന്ന് പ്രശസ്ത സ്പോര്‍ട്സ് വെബ്സൈറ്റായ എഎസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കളിയുടെ 37-ാം മിനിറ്റിലാണ് മെസി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത്. ചിലി പ്രതിരോധക്കാരന് ഗാരി മെദെലിനും ചുവപ്പുകാര്‍ഡ് കിട്ടി. അര്‍ജന്റീന രണ്ട് ഗോളിന് മുന്നിലായിരുന്നു അപ്പോള്‍. സെര്‍ജിയോ അഗ്യൂറോയും പോളോ ഡിബാലയും അര്‍ജന്റീനയ്ക്കായി ഗോളടിച്ചു. രണ്ടാംപകുതിയില്‍ ചിലിക്കായി പെനല്‍റ്റിയിലൂടെ അര്‍ട്യൂറോ വിദാല്‍ ഒരെണ്ണം മടക്കി.
കഴിഞ്ഞ രണ്ട് കോപ്പ ഫൈനലിലും അര്‍ജന്റീനയെ ചിലിയാണ് വീഴ്ത്തിയത്. അതിനാല്‍ത്തന്നെ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ഇക്കുറി പരുക്കന്‍ ഫൗളുകള്‍ നിറഞ്ഞിരുന്നു. കളിയുടെ 34–ാം മിനിറ്റിലാണ് മെസിയും മെദെലും തമ്മില്‍ ചിലി ബോക്സിന് സമീപത്തുവെച്ച് ഉന്തും തള്ളുമുണ്ടായത്. പന്ത് വിട്ടുകൊടുക്കാത്ത മെദെലിനെ മെസി വരയ്ക്കടുത്തുവെച്ച് കൈകൊണ്ട് തള്ളി. നിയന്ത്രണംവിട്ട ചിലി പ്രതിരോധക്കാരന് മെസിയെ നെഞ്ചുകൊണ്ട് കുത്തി. നാല് തവണയാണ് മെദെല്‍ അര്‍ജന്റീന ക്യാപ്റ്റനെ ശക്തമായി തള്ളിയത്. മെസി ഇരുകൈയും ഉയര്‍ത്തി പ്രതിരോധിച്ചുനിന്നു.
റഫറി ഓടിയെത്തി ഇരുവര്‍ക്കും ചുവപ്പുകാര്‍ഡ് വീശി. റീപ്ലേയില്‍ മെസി മെദെലിനെ കാര്യമായി ഒന്നും ചെയ്തില്ലെന്ന് വ്യക്തമായിരുന്നു. ഒടുവില്‍ ഇരു ടീമുകളും പത്ത് പേരുമായി കളി തുടര്‍ന്നു.
തമ്മില്‍ ഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്നും ഈ ഫൗളിന് മഞ്ഞക്കാര്‍ഡ് പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നായിരുന്നു മത്സരശേഷം മെദെലിന്റെയും മെസിയുടെയും പ്രതികരണം.
Discussion about this post