ഇടുക്കി: രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ ആരോപണ വിധേയനായ ഇടുക്കി എസ്പി കെബി വേണുഗോപാലിന് സ്ഥലം മാറ്റം. ഭീകരവിരുദ്ധ സ്‌ക്വാഡിലേക്കാണ് മാറ്റിയത്. മലപ്പുറം എസ്പി ടി നാരായണനെ ഇടുക്കിയിലേക്ക് മാറ്റി നിയമിച്ചു.
രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള വസ്തുതാ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഡിജിപി ലോക്നാഥ് ബെഹ്‌റയ്ക്ക് സമര്‍പ്പിച്ചതിന് പിന്നാലെയാണ് എസ്പിക്കെതിരെയുള്ള നടപടി. കസ്റ്റഡിമരണത്തില്‍ എസ്പിയുടെ ഇടപെടല്‍ ഉണ്ടായെന്നും എസ്പി എല്ലാ സംഭവങ്ങളും അറിഞ്ഞിരുന്നതായും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ്പിയെ സ്ഥലംമാറ്റാന്‍ ഡിജിപി ശുപാര്‍ശ ചെയ്യുകയായിരുന്നു. ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാളാണ് അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് നല്‍കിയത്.
അതേസമയം നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ സര്‍ക്കാര്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷനാണ് അന്വേഷണ ചുമതല. സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചാലുടന്‍ അന്വേഷണം ആരംഭിക്കുമെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.
കേസില്‍ പ്രതികളായ എസ്‌ഐയെയും സിവില്‍ പോലീസ് ഓഫീസറെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. നെടുങ്കണ്ടം എസ്‌ഐ ആയിരുന്ന കെഎ സാബു, സിവില്‍ പോലീസ് ഓഫീസര്‍ സജിമോന്‍ ആന്റണി എന്നിവരെയാണ് കൊലക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
Discussion about this post