കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ നിന്നും പിന്മാറാന് തീരുമാനിച്ചത് മണ്ഡലത്തില്‍ എംഎല്‍എ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ജനങ്ങള്‍ അനുഭവിക്കരുതെന്ന് കരുതിയാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്.
അവസാന നിമിഷം കേസ് തെളിയുമെന്ന് ഉറപ്പായപ്പോള്‍ കള്ളവോട്ടു ചെയ്ത സാക്ഷികളെ ഒരു കാരണവശാലും ഹാജരാക്കില്ലെന്ന് പ്രതിഭാഗം വാശി പിടിക്കുകയാണുണ്ടായത്. സാക്ഷികളെ ഹാജരാക്കാന്‍ നിരവധി തവണ കോടതി പോലീസ് സഹായം തേടിയിട്ടും എന്നാല്‍ പോലീസ് സഹകരിച്ചില്ലെന്നും സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കേസിലെ നടപടികള്‍ ഹൈക്കോടതി ഇന്ന് അവസാനിപ്പിക്കാനിരിക്കെയാണ് ഹര്‍ജിക്കാരനായ അബ്ദുള്‍ റസാഖിന്റെ അഭിഭാഷകന് സുരേന്ദ്രനില്‍ നിന്നും കോടതിച്ചെലവ് കിട്ടണം എന്ന ആവശ്യം മുന്നോട്ടുവച്ചത്. എന്നാല്‍ കോടതിച്ചെലവ് ആവശ്യപ്പെടുകയാണെങ്കില് താന്‍ ഹര്‍ജി പിന്‍വലിക്കില്ലെന്ന് സുരേന്ദ്രന് അറിയിച്ചിരുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
”മഞ്ചേശ്വരം തെരഞ്ഞെടുപ്പു കേസ്സിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചത് മണ്ഡലത്തിന്റെ വികസന പ്രശ്നങ്ങളിൽ ഒരു എം. എൽ. എ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ജനങ്ങൾ അനുഭവിക്കരുതെന്ന സദുദ്ദേശം കരുതിമാത്രമാണ്. അതി സങ്കീർണ്ണമായ നിയമനടപടികളിലൂടെയാണ് കേസ്സ് മുന്നോട്ടുപോയത്. വെറും89 വോട്ടുകൾക്കാണ് ബി. ജെ. പി അവിടെ പരാജയപ്പെട്ടത്. എഴുപതോളം കള്ളവോട്ടുകൾ അതും ലീഗും സി. പി. എമ്മും റവന്യൂ പഞ്ചായത്ത് പോലീസ് ഉദ്യോഗസ്ഥരും സംയുക്തമായി കേസ്സ് അട്ടിമറിക്കാൻ ശ്രമിച്ചിട്ടും ഇതിനോടകം തെളിയിക്കാൻ ഈ നിയമനടപടിക്കു സാധിച്ചിട്ടുണ്ട്. അവസാന നിമിഷം കേസ്സ് തെളിയുമെന്നുറപ്പായപ്പോൾ കള്ളവോട്ടു ചെയ്ത സാക്ഷികളെ ഒരു കാരണവശാലും ഹാജരാക്കില്ലെന്ന് പ്രതിഭാഗം വാശി പിടിക്കുകയാണുണ്ടായത്. സാക്ഷികളെ ഹാജരാക്കാൻ നിരവധി തവണ കോടതി പോലീസ് സഹായം തേടിയിട്ടും പിണറായി വിജയന്റെ പൊലീസ് സഹകരിച്ചില്ല.കേസ്സിലുൾപ്പെട്ട നിരവധി ആളുകൾ തെരഞ്ഞെടുപ്പു ദിവസം ഗൾഫിലായിരുന്നെന്ന ഇമിഗ്രേഷൻ രേഖകൾ കോടതിയിൽ ഹാജരാക്കിയിട്ടും അവരെ വിസ്തരിക്കാൻ അവർ ഹാജരാവാത്തതുകൊണ്ടുമാത്രമാണ് കഴിയാതെ പോയത്. ആ സന്ദർഭത്തിലാണ് ഇരു കക്ഷികളുടേയും ഉഭയസമ്മതപ്രകാരം കേസ്സ് പിൻവലിക്കാൻ തീരുമാനിച്ചത്. എന്നാൽ ഇന്ന് നിയമ നടപടികൾ അവസാനിപ്പിക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുന്ന സന്ദർഭത്തിൽ ഉപതെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോവുകയെന്ന തികഞ്ഞ ദുരുദേശത്തോടെ മുസ്ലീം ലീഗ് തങ്ങൾക്കു കോടതി ചെലവുകാശു വേണമെന്ന ബാലിശമായ വാദം കോടതിയിൽ ഉന്നയിക്കുകയാണുണ്ടായത്. ദൗർഭാഗ്യകരമായ ഈ നടപടി അംഗീകരിക്കാൻ നിർവ്വാഹമില്ല. കേസ്സ് നീണ്ടുപോകുന്നതിന്റേയും ഉപതിരഞ്ഞെടുപ്പ് വൈകുന്നതിന്റേയും ഉത്തരവാദിത്വം ലീഗിനു മാത്രമാണ്. ജനങ്ങൾക്കു വേണ്ടി പരമാവധി വിട്ടുവീഴ്ച ചെയ്തിട്ടും ജനങ്ങളോട് ഒരു ഉത്തരവാദിത്തവുമില്ലാതെ മുസ്ലീം ലീഗ് പെരുമാറുന്നത് ഉപ തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നതുകൊണ്ടുമാത്രമാണ്”.
Discussion about this post