ഇടുക്കി: സംസ്ഥാനത്ത് മഴയില്‍ 40 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. മലയോര മേഖലയായ വയനാട് ഇടുക്കി മേഖലകളിലാണ് ഏറ്റവും കുറഞ്ഞ മഴ രേഖപ്പെടുത്തിയത്. കാലവര്‍ഷം ചതിച്ചതോടെ സംസ്ഥാനത്ത് രൂക്ഷമായ ജലക്ഷാമം ഉണ്ടായേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മലയോര മേഖലയില്‍ മഴയുടെ ലഭ്യത കുറഞ്ഞതോടെ ഡാമുകള്‍ വറ്റിവരണ്ടു.
മൂന്നാറിലെ ജലാശയങ്ങളാണ് പ്രധാനമായും വരള്‍ച്ചാ ഭീഷണി നേരിടുന്നത്. മുന്‍കരുതലിന്റെ ഭാഗമായി മാട്ടുപ്പെട്ടി, കുണ്ടള ഡാമുകള്‍ തുറന്നുവിട്ടത് കുടിവെള്ള ക്ഷാമം രൂക്ഷമാക്കി. ജൂണ്‍ ആദ്യവാരത്തില്‍ തന്നെ മൂന്നാറില്‍ ശക്തമായ മഴ പെയ്തതോടെയാണ് ഡാമുകള്‍ തുറന്ന് വിട്ടത്. എന്നാല്‍ പിന്നീട് പ്രതീക്ഷിച്ചത്ര മഴ ലഭിച്ചില്ല. മഴ കുറഞ്ഞതും ചൂട് ശക്തമായതും മാട്ടുപ്പെട്ടി ജലാശയങ്ങളിലേക്കുള്ള നീരൊഴുക്ക് പൂര്‍ണ്ണമായി നിലച്ചു.
ഇവിടെ ജില്ലാ ടൂറിസവും ഹൈഡല്‍ ടൂറിസം വകുപ്പും നടത്തിവന്ന ബോട്ടിംഗ് നിര്‍ത്തിവെച്ചു. ബോട്ടിംഗ് നിര്‍ത്തിവെക്കുന്നത് ടൂറിസം മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമായി. മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി എംഎം മണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൂടംകുളം വൈദ്യുതി ലൈന്‍ പൂര്‍ണ്ണമായിരുന്നെങ്കില്‍ പ്രതിസന്ധി ഉണ്ടാകില്ലായിരുന്നുവെന്നും എംഎം മണി ഇന്നലെ കൊച്ചിയില്‍ പറഞ്ഞു.
100 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും കുറവ് മഴയാണ് ഈ ജൂണില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 1920 മുതല്‍ വെറും നാലു വര്‍ഷം മാത്രമേ മഴ ഇത്രയും കുറവ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളൂ. 2009 (85.7 എംഎം), 2014 (95.4 എംഎം), 1926 (98.7 എംഎം), 1923 (102 എംഎം) എന്നതായിരുന്നു കണക്ക്. ജൂലൈ രണ്ടാം വാരം മുതല്‍ കാലവര്‍ഷം മഴ ശക്തമാകുമെന്നാണ് സൂചന.
Discussion about this post