ന്യൂഡല്‍ഹി: അന്തരീക്ഷ വായു മലിനീകരണത്തില്‍ ഏറ്റവും മോശമായ ലോകനഗരമെന്ന കുപ്രസിദ്ധിയുമായി ഡല്‍ഹി. കോടതി വിധിക്ക് പുല്ലു വില നല്കി പടക്കങ്ങള്‍ പൊട്ടിച്ച ദീപാവലിപ്പിറ്റേന്നാണു വായു മലിനീകരണത്തില്‍ രാജ്യതലസ്ഥാനം ഒന്നാമതെത്തിയത്. ലോകനഗരങ്ങളുടെ വായു നിലവാരം നിരീക്ഷിക്കുന്ന ‘എയര്‍വിഷ്വല്‍’ എന്ന രാജ്യാന്തര സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടാണിത്. ഇന്നലെ സ്ഥിതി അല്പം മെച്ചപ്പെട്ടു. അതോടെ, ഇന്നലെ എയര്‍ വിഷ്വലിന്റെ പട്ടികയില്‍ ഡല്‍ഹി മൂന്നാം സ്ഥാനത്തേക്കു നില മെച്ചപ്പെടുത്തി.
ധാക്ക, ലഹോര്‍ നഗരങ്ങളാണ് ഇന്നലെ ആദ്യ രണ്ടു സ്ഥാനങ്ങളില്‍. വ്യാഴാഴ്ച രാവിലെ 4.30നു നഗരത്തിലെ അന്തരീക്ഷ വായു നിലവാര സൂചിക 980 ആയപ്പോഴാണ് ഏറ്റവും മോശം വായു എന്ന നിലയിലെത്തിയത്. പൊതുവെ വായു ഏറ്റവും മോശമായ ബെയ്ജിങ് നഗരത്തെക്കാള്‍ പത്ത് മടങ്ങ് അധികമാണിത്. ചില മേഖലകളില്‍ എക്യുഐ ആയിരത്തിനു മുകളിലെത്തി. 0-50 എക്യുഐ ആണു സുരക്ഷിത നിലവാരം.
ഡല്‍ഹി നിവാസികള്‍ ദീപാവലിക്ക് പൊട്ടിച്ചത് 50 ലക്ഷം കിലോയുടെ പടക്കമാണ്. വായുമലിനീകരണം രൂക്ഷമാക്കുന്ന 1.5 ലക്ഷം കിലോ പൊടിപടലം സൃഷ്ടിക്കാന്‍ പര്യാപ്തമാണിതെന്നും അര്‍ബന്‍ എമിഷന്‍സ് സന്നദ്ധസംഘടനയുടെ പഠനം പറയുന്നു.
Discussion about this post