തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടോട് കൂടിയ വാര്‍ത്തയ്ക്ക് താഴെ വായടയ്പ്പിക്കുന്ന മറുപടിയുമായി യുവതാരം ടൊവീനോ തോമസ്. സിനിമയില്ലെങ്കില്‍ പറമ്പില്‍ കിളച്ച് ജീവിക്കുമെന്ന് ടൊവീനോ പറഞ്ഞെന്നായിരുന്നു ഏഷ്യാനെറ്റിന്റെ വാര്‍ത്ത. എന്നാല്‍ യഥാര്‍ത്ഥത്തില്‍ താന്‍ പരീക്ഷണ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ധൈര്യം കാണിക്കുന്നത് വീട്ടില്‍ അത്യാവശ്യം കൃഷിയുണ്ടെന്ന ധൈര്യത്തിലാണെന്നും ഇതൊന്നും ഇല്ലെങ്കില്‍ കിളച്ചു ജീവിക്കാം എന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നുമായിരുന്നു ടൊവീനോ പറഞ്ഞത്.
എന്നാല്‍, ടൊവീനോയെ അഹങ്കാരിയാക്കി മുദ്രകുത്തിക്കാന്‍ പോന്ന തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടായിരുന്നു ഏഷ്യാനെറ്റ് വീഡിയോ വാര്‍ത്ത പങ്കുവെച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ നല്‍കിയത്. ഇതിനെതിരെ കമന്റുമായി വാര്‍ത്തയ്ക്ക് താഴെ ടൊവീനോ തന്നെ പ്രത്യക്ഷപ്പെടുകയായിരുന്നു. മിനിറ്റുകള്‍ക്കകം ആയിരക്കണക്കിന് ലൈക്കുകളാണ് ടൊവീനോയുടെ കമന്റിന് ലഭിച്ചത്.
”ലേശം ഉളുപ്പ് വേണ്ടേ ഏഷ്യാനെറ്റ് ന്യൂസേ? ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഹെഡിങ് കൊടുത്ത് ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് നിങ്ങള് കിളക്കാന്‍ പോവുന്നത് തന്നെയാണ് ! shame on u asianet news!”-എന്നായിരുന്നു ടൊവീനോയുടെ മറുപടി.
തൃശ്ശൂര്‍ ജില്ലയിലെ എസ്എസ്എല്‍സി-പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കാനായി മന്ത്രി വിഎസ് സുനില്‍ കുമാര്‍ സംഘടിപ്പിച്ച ചടങ്ങിനിടെയായിരുന്നു ടൊവീനോയുടെ വാക്കുകള്‍. കുട്ടികളോടായി സംസാരിക്കവെ മുഖ്യാതിഥിയായെത്തിയ ടൊവീനോ തന്റെ സ്‌കൂള്‍ കാലത്തെ ഓര്‍മ്മകളെ കുറിച്ച് പറയവെയാണ് അദ്ദേഹം പറമ്പിലെ പണിയെടുക്കലിനെ കുറിച്ചും ജിമ്മില്‍ പോയി കഷ്ടപ്പെടുന്നതിനെ കുറിച്ചും പരാമര്‍ശിച്ചത്.
Discussion about this post