ന്യൂഡല്‍ഹി: 95കാരിയെ പൂട്ടിയിട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ച് മരുമകളും ബന്ധുക്കളും. ഒടുവില്‍ മകന്റെ പരാതിയില്‍ ഇവര്‍ക്ക് മോചനം. തന്റെ അമ്മയെ കാണാനും ശുശ്രൂക്ഷിക്കാനും സമ്മതിക്കുന്നില്ലെന്ന് കാണിച്ചാണ് മകന് പരാതി നല്‍കിയത്. വനിതാ കമ്മീഷന്റെ ഇടപെടലിലാണ് മൃഗീയ പീഡനത്തില്‍ നിന്നും വൃദ്ധയ്ക്ക് മോചനം ലഭിച്ചത്.
നിരന്തരം ശാരീരികമായും മാനസികമായും അവരെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് മകന് പരാതിയില്‍ പറഞ്ഞിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വൃദ്ധയെ താമസിപ്പിച്ചിരുന്ന വീട്ടില്‍ കമ്മീഷന് എത്തി. എന്നാല്‍ ആദ്യം മരുമകള്‍ അവരെ വീടിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് പോലീസിന്റെ സഹായത്തോടെ വീടിനുള്ളില്‍ പ്രവേശിച്ച കമ്മീഷന് അംഗങ്ങള്‍ പനി ബാധിച്ച് തീരെ അവശയായ നിലയില്‍ കിടക്കുന്ന വൃദ്ധയെ കണ്ടെത്തുകയായിരുന്നു. നിലത്ത് ഒരു കീറ തുണിയിലാണ് ഇവരെ കിടത്തിയിരുന്നത്. ഉടന്‍ തന്നെ വൃദ്ധയെ പോലീസിന്റെ സഹായത്തോടെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവാഹമോചനത്തിന്റെ വക്കില്‍ എത്തി നില്ക്കുന്ന തന്നെ ഭാര്യയും ബന്ധുക്കളും കഴിഞ്ഞ മൂന്ന് മാസമായി അമ്മയെ കാണാന്‍ അനുവദിച്ചിരുന്നില്ലെന്നാണ് മകന് പരാതിയില്‍ പറയുന്നത്. ഇതോടെ വീട്ടില്‍ കയറാനോ അമ്മയെ കാണാനോ അനുവദിക്കുന്നില്ലെന്നും പറയുന്നു. വൃദ്ധയെ എത്രയും വേഗം അടുത്തുള്ള പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുമെന്നും അതിന് അവരുടെ മകന് സമ്മതവും നല്‍കിട്ടുണ്ടെന്ന് വനിത കമ്മീഷന് മേധാവി അറിയിച്ചു.
Discussion about this post